ലോകമേ നിങ്ങൾ ഇനിയും മൗനം പാലിക്കരുത്... അവർ ഞങ്ങളെ കൊല്ലാൻ വരുന്നൂ.... തലസ്ഥാന നഗരിയടക്കം കീഴടക്കി ഒടുവിൽ അഫ്‌ഗാൻ പ്രസിഡന്‍റിന്‍റെ കൊട്ടാരവും പിടിച്ചെടുത്ത് താലിബാൻ അധികാരമുറപ്പിക്കുമ്പോൾ വരുന്ന നാളെകൾ അങ്ങേയറ്റം ഭയാനകമായിരിക്കുമെന്നാണ് സിനിമ സംവിധായികയും അഫ്‌ഗാൻ ചലച്ചിത്ര സ്ഥാപനത്തിന്‍റെ ജനറൽ ഡയറക്‌ടറുമായ സഹ്‌റ കരിമിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
അവർ ഞങ്ങളെ കൊല്ലാൻ വരുന്നൂ...
ഞായറാഴ്‌ച സംവിധായിക ട്വിറ്ററിൽ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്. താൻ ബാങ്കിൽ നിന്ന് പണമെടുക്കാനായി പോയപ്പോൾ ബാങ്ക് അടച്ചുപൂട്ടി അത് ഒഴിപ്പിക്കുകയായിരുന്നു. 'ഇപ്പോഴും ആർക്ക് എന്താണ് സംഭവിക്കുന്നതെന്ന് വിശ്വസിക്കാനാവുന്നില്ല. ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കൂ, ഞാൻ നിങ്ങളോട് വീണ്ടും സഹായം അഭ്യർഥിക്കുകയാണ്. ഈ വലിയ ലോകത്തെ ജനങ്ങളേ, ദയവായി നിശബ്‌ദരായി ഇരിക്കരുത്, അവർ ഞങ്ങളെ കൊല്ലാൻ വരുന്നൂ,' എന്ന് സംവിധായിക വീഡിയോക്കൊപ്പം ട്വിറ്ററിൽ കുറിച്ചു.
സഹ്‌റ കരിമിയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും വിഷയത്തിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്. 'അഫ്‌ഗാനിലെ ജനങ്ങൾ അനുഭവിക്കുന്ന ക്രൂരത... ഈ സന്ദേശം എല്ലാവരിലേക്കും എത്തണം,' എന്നെഴുതി അനുരാഗ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്‌തു.