ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമയാണ് തന്നെപ്പോലുള്ളവർ ആഗ്രഹിക്കുന്നതെന്ന് മലയാളത്തിന്‍റെ പ്രശസ്‌ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പതിവ് രീതികളെ മാറ്റി ചിന്തിക്കാൻ സഹായിക്കുന്ന ഇത്തരം ചിത്രങ്ങൾ മലയാള സിനിമയിൽ വരുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. അടൂരിന്‍റെ പ്രശംസക്ക് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സംവിധായകൻ ജിയോ ബേബി നന്ദിയറിയിച്ചു.
മഹാനായ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ മഹത്തായ അടുക്കളയെ കുറിച്ച് അഭിപ്രായം പങ്കുവെക്കുമ്പോൾ ഞങ്ങൾക്ക് ഇത് വലിയൊരു അംഗീകാരമാണെന്ന് ജിയോ ബേബി ഫേസ്‌ബുക്കിൽ പറഞ്ഞു.
"ജിയോ ബേബി എഴുതി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ ഞാൻ കാണാനിടയായി. അതിന്‍റെ തുടക്കത്തിൽ തന്നെ വളരെ വ്യത്യസ്തമായ സിനിമയെന്ന പ്രതീതി തോന്നി. പതിവ് രീതിയിൽ നിന്നും മാറിയിട്ടുള്ള സിനിമ. എന്നെപ്പോലുള്ളവർ മലയാളസിനിമയിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇതാണ്. ചർവിത ചർവണം ചെയ്ത രീതികളിൽ നിന്നും മാറി പുതുതായി എന്തെങ്കിലും മലയാള സിനിമയിൽ ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്. അത്തരത്തിൽ മാറ്റങ്ങൾ വരുന്നതിൽ സന്തോഷം.
കല്യാണം കഴിച്ചുക്കൊണ്ട് വന്ന പെൺകുട്ടി വീട്ടിലെ അടുക്കളയിലേക്ക് ഒതുങ്ങുന്ന പ്രവണത. അത് സ്വാഭാവികമാണെന്നാണ് ആ വീട്ടുകാർ കരുതുന്നത്. ഭർത്താവും ഭർതൃപിതാവുമൊക്കെ ആ പെൺകുട്ടിക്ക് പരിഗണന നൽകുന്നില്ല. ആ വീട്ടിലെ അമ്മ ഈ രീതിയോട് മെരുകി കഴിഞ്ഞിരിക്കുന്നു... ഭർത്താവിന്‍റെയും അച്ഛന്‍റെയും മുഖത്തേയ്ക്കു അഴുക്കു വെള്ളം ഒഴിക്കുന്ന രംഗം എനിക്ക് വളരെ ഇഷ്ടപെട്ടു. മലിനജലം വരുന്ന പൈപ്പിലെ ചോർച്ച നമുക്ക് വിമ്മിഷ്ടം വരുമ്പോഴാണ് ആ രംഗം. മ്മൾ ജീവിക്കുന്നത് ചെറിയൊരു കാലയളവിലാണ്. അത് നമ്മുക്ക് ഇഷ്ടപെട്ടത് ചെയ്ത് ജീവിക്കുകയാണ് വേണ്ടത്." അവിടെ ഇതുപോലെ തന്‍റെ കഴിവ് പണയപ്പെടുത്തി ജീവിക്കേണ്ട ആവശ്യമില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ചിത്രത്തിലെ നായികയുടെ നിശ്ചയദാർഢ്യത്തോട് പൂർണമായും താൻ യോജിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കണമെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.