2015ല്‍ ക്രിസ്മസ് റിലീസായി എത്തി തിയേറ്ററുകളില്‍ ചിരിപ്പൂരം തീര്‍ത്ത സിനിമയായിരുന്നു അടി കപ്യാരേ കൂട്ടമണി. ധ്യാന്‍ ശ്രീനിവാസന്, നമിത പ്രമോദ്, അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങി യുവതാരനിരയായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത സിനിമ ഇപ്പോള്‍ തമിഴില്‍ റീമേക്ക് ചെയ്യപ്പെടാനൊരുങ്ങുകയാണ്.
ഹോസ്റ്റല്‍ എന്ന പേരിലാണ് സിനിമ തമിഴില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. അശോകന് സെല്വന്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ നായിക നായകന്മാര്. സുമന്ത് രാധാകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം തമിഴില്‍ നിര്‍വഹിക്കുന്നത്. അടി കപ്യാരേ കൂട്ടമണിയിലെ മുകേഷ് അവതരിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡന്റെ വേഷം തമിഴില്‍ മുതിര്‍ന്ന നടന് നാസര്‍ അഭിനയിക്കും. ഹാസ്യനടന് സതീഷാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ട്രിഡന്റ് ആർട്സിന്റെ ബാനറിൽ ആർ.രവീന്ദ്രൻ നിർമിക്കുന്ന ഹോസ്റ്റലിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ബോബോ സാഷിയാണ്.