എമ്മി പുരസ്കാര ചടങ്ങില്‍ ചരിത്രം കുറിച്ച് നടി സെൻഡായ - യുഫോറിയ നടി സെന്‍ഡായ
യുഫോറിയ എന്ന സീരിസിലെ അഭിനയത്തിനാണ് സെൻഡായ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.
2020 എമ്മി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത് നടിയും മോഡലും ഗായികയുമായ സെന്‍ഡായയാണ്. പുരസ്കാര ചടങ്ങില്‍ മികച്ച നടിക്കുള്ള എമ്മി അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കലാകാരിയായി എന്ന നേട്ടത്തിനാണ് ഇരുപത്തിനാലുകാരിയായ സെൻഡായ അര്‍ഹയായിരിക്കുന്നത്. യുഫോറിയ എന്ന സീരിസിലെ അഭിനയത്തിനാണ് സെൻഡായ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മോഡലിങിലൂടെയും നൃത്തത്തിലൂടെയുമായിരുന്നു സെന്‍ഡായയുടെ കലാജീവിതം ആരംഭിച്ചത്. ഡിസ്നിയുടെ ഹാസ്യപരമ്പരയായിരുന്ന ഷെയ്ക്ക് ഇറ്റ് അപ്പിൽ, റോക്കി ബ്ലൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സെന്‍ഡായ ശ്രദ്ധനേടുന്നത്. ഗായിക കൂടിയായ സെന്‍ഡായയുടെ സ്വാഗ് ഇറ്റ് ഔട്ട് , വാച്ച് മി തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയമാണ്. സ്‍പൈഡര്‍മാൻ ഹോം കമിങിലൂടെ സെൻഡായ സിനിമാ ജീവിതം ആരംഭിച്ചു. റ്യൂ ബെന്നെറ്റ് എന്ന കഥാപാത്രത്തെയാണ് യുഫോറിയയില്‍ സെൻഡായ അവതരിപ്പിച്ചത്. പീപ്പിള്‍ ചോയിസ് അവാര്‍ഡ്, ഐജിഎൻ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും യുഫോറിയയിലെ അഭിനയത്തിന് സെന്‍ഡായക്ക് ലഭിച്ചിട്ടുണ്ട്. എല്ലാ സഹപ്രവര്‍ത്തകര്‍ക്കും മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കും പുരസ്കാരം സ്വീകരിച്ച ശേഷം സെന്‍ഡായ നന്ദി അറിയിച്ചു.