കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് നടി സുരഭി ലക്ഷ്മി പങ്കുവെച്ച കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. 2016ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങിയപ്പോള്‍ അദ്ദേഹം തന്നോട് ചോദിച്ച ഒരു ചോദ്യം ഓര്‍ത്തെടുത്തുകൊണ്ടാണ് സുരഭി ലക്ഷ്മി പ്രണബ് മുഖര്‍ജിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നത്.
പ്രണബ് മുഖര്‍ജിയെ അനുസ്മരിച്ച് നടി സുരഭി ലക്ഷ്മി - surabhi lakshmi facebook post
2016ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങിയപ്പോള്‍ അദ്ദേഹം തന്നോട് ചോദിച്ച ഒരു ചോദ്യം ഓര്‍ത്തെടുത്തുകൊണ്ടാണ് സുരഭി ലക്ഷ്മി പ്രണബ് മുഖര്‍ജിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നത്
'പ്രണാമം... നാഷണൽ അവാർഡ് ലഭിച്ചപ്പോൾ ഏറെ സന്തോഷം നിറഞ്ഞ കാര്യങ്ങളിലൊന്ന് അത് ഏറ്റുവാങ്ങുന്നത് ഇന്ത്യൻ പ്രസിഡന്‍റിന്‍റെ കയ്യിൽ നിന്നാണല്ലോ എന്നതായിരുന്നു. തലേദിവസം നടന്ന നാഷണൽ അവാർഡ് റിഹേഴ്സൽ സമയത്ത് ഇന്ത്യൻ പ്രസിഡന്‍റായി ഒരാൾ നിന്നിരുന്നു. നമ്മൾ അദ്ദേഹത്തിന്‍റെ അടുത്ത് പോയി നിൽക്കേണ്ടുന്ന പൊസിഷനും വാങ്ങിക്കേണ്ട പൊസിഷനുമൊക്കെ മനസിലാക്കാനായിരുന്നു അത്. പിറ്റേന്ന് അദ്ദേഹം വന്നത് ഒരു അവിസ്മരണീയ നിമിഷമായി ഞാൻ ഓർക്കുന്നു. ഒരു ചെറിയ, വലിയ മനുഷ്യൻ... ഞാൻ ആലോചിച്ചു ഇന്ത്യൻ പ്രസിഡന്‍റിനെയാണല്ലോ ഞാൻ ഇങ്ങനെ മുഖാമുഖം കാണുന്നത്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു സ്വപ്നമാണോ ഇതെന്ന് പോലും ചിന്തിച്ചുപോയി. വേദിയിൽ കയറി അദ്ദേഹത്തിൽ നിന്ന് പുരസ്കാരം ഏറ്റ് വാങ്ങുമ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു 'ആര്‍ യു എ ബംഗാളി ആക്‌ട്രസ്...?' 'നോ സര്‍ മലയാളി...!' 'യുവര്‍ ഡ്രസ് ലൈക്ക് ബംഗാളി ട്രഡീഷണല്‍ ഡ്രസ്...' ഇത്രയെ സംസാരിക്കാൻ സാധിച്ചുള്ളൂ. എന്‍റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യം നിറഞ്ഞ നിമിഷത്തിലെ രാജ്യത്തിന്‍റെ പ്രഥമ പൗരനായിരുന്ന പ്രണബ് മുഖർജി ഇന്ന് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. മുൻ പ്രസിഡന്‍റുമാരായിരുന്ന കെ.ആർ നാരായണനും അബ്ദുൽ കലാമുമൊക്കെ ഈ ലോകത്ത് നിന്ന് വേർപിരിഞ്ഞപ്പോൾ അനുഭവിച്ചതുപോലെയുള്ള അതേ വിഷമം... അതേ ശൂന്യത. 'ഓർമകൾക്കില്ല ചാവും ചിതയും ജരാനരകളു'മെന്നിരിക്കെ നമ്മുടെ ഹൃദയങ്ങളിൽ ഈ ആദരണീയനായ ബഹുമുഖപ്രതിഭയും ജീവിക്കും. മുൻ പ്രസിഡന്‍റ് പ്രണബ് മുഖർജിക്ക് പ്രണാമം...' സുരഭി ലക്ഷ്മി കുറിച്ചു.
മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അമ്മവേഷം മനോഹരമായി കൈകാര്യം ചെയ്തതിനാണ് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സുരഭി ലക്ഷ്മിക്ക് ലഭിച്ചത്.