മകന്‍ നന്ദൻ ഗാർഹിക നിരീക്ഷത്തിലാണ് എന്നത് നേരത്തെ തന്നെ നടി സുഹാസിനി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതാണ്. കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും വിദേശത്ത് നിന്ന് മടങ്ങിയെത്തിയതിനാൽ താരപുത്രൻ സർക്കാരിന്‍റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഐസൊലേഷനിലേക്ക് മാറുകയായിരുന്നു. ഇപ്പോഴിതാ മകന്‍റെ നിരീക്ഷണ കാലാവധി പൂർത്തിയാകാറായതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് തെന്നിന്ത്യയുടെ പ്രിയനടി സുഹാസിനി.
സാധാരണ ജീവിതത്തിലേക്ക്; മകന്‍റെ ചിത്രം പങ്കുവെച്ച് നടി സുഹാസിനി - maniratnam son
ഈ മാസം 18ന് ലണ്ടനിൽ നിന്നെത്തിയ മകൻ നന്ദൻ കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും സർക്കാരിന്‍റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഐസൊലേഷനിലേക്ക് മാറുകയായിരുന്നു.
"നന്ദൻ വലിയ സന്തോഷത്തിലാണ്. വളരെ സ്വാദിഷ്‌ടമായ ഉച്ചഭക്ഷണം കഴിക്കുകയാണ് അവൻ. ധാരാളം ചീസ് ഒക്കെയിട്ട് അവനേറെ പ്രിയപ്പെട്ട പാസ്‌ത ഞാനുണ്ടാക്കി കൊടുത്തു. അവന്‍റെ സെൽഫ് ക്വാറന്‍റൈൻ ഉടൻ അവസാനിക്കും. അവൻ ഒറ്റക്കല്ല, തന്‍റെ പുസ്തക കൂമ്പാരവും നായ്‌ക്കുട്ടി ഷെല്ലിയും കൂട്ടിനുണ്ട്," സുഹാസിനി ഇൻസ്റ്റഗ്രാമിൽ എഴുതി. ഒപ്പം, ഗ്ലാസിനുള്ളിലൂടെയുള്ള മകന്‍റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
പ്രിയസംവിധായകൻ മണിരത്‌നത്തിന്‍റെയും ഭാര്യ സുഹാസിനിയുടെയും മകനാണ് നന്ദൻ മണിരത്‌നം. ഈ മാസം 18നാണ് നന്ദൻ ലണ്ടനിൽ നിന്ന് നാട്ടിലെത്തിയത്. തന്‍റെ മകൻ സ്വയം ഐസൊലേഷനിലാകാൻ തീരുമാനിച്ചത് സുഹാസിനി തന്നെ ഈ മാസം 22ന് പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. മകനെ ഗ്ലാസ് വിൻഡോയിലൂടെ കാണുകയും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നതായും ഭക്ഷണവും വസ്‌ത്രവും അകലെ നിന്നാണ് അവനെത്തിച്ച് കൊടുക്കുന്നതെന്നും താരം പോസ്റ്റിൽ വിശദീകരിച്ചിരുന്നു. മകൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതിന്‍റെ സന്തോഷം സുഹാസിനി ആരാധകരെ അറിയിച്ചപ്പോൾ സമൂഹത്തോട് ഉത്തരവാദിത്വമുള്ള മകനെയും ഉത്തമയായ അമ്മയെയും പ്രശംസിച്ച് നിരവധി പേർ പോസ്റ്റിന് കമന്‍റ് ചെയ്‌തു.