മലയാളത്തിന്‍റെ മുഖശ്രീയായിരുന്ന അഭിനേത്രി ശ്രീവിദ്യ ഓർമയായിട്ട് 14 വര്‍ഷം പൂർത്തിയാവുന്നു. സൗന്ദര്യവും പ്രതിഭയും വേണ്ടുവോളം ഉണ്ടായിരുന്ന തമിഴ് പെണ്ണ്. സഹ്യൻകടന്ന് മലയാളി മനസിൽ വേരുറപ്പിച്ച കലാകാരി. ദക്ഷിണേന്ത്യന്‍ സിനിമാലോകം അംഗീകരിച്ച സൗന്ദര്യമായിരുന്നു ശ്രീവിദ്യയുടേത്. വശ്യമായ ചിരിയും കടലാഴമുള്ള കണ്ണുകളും കൊണ്ട് അവര്‍ പ്രേഷകമനസില്‍ തീര്‍ത്ത സുന്ദര ദൃശ്യങ്ങള്‍ കാലത്തിന്‍റെ തിരശീലക്കും മായ്ക്കാനാവാത്ത ഓര്‍മയാണ്. മലയാളത്തിന്‍റെ ശ്രീ എന്നായിരുന്നു മാധ്യമങ്ങള്‍ ശ്രീവിദ്യയെ വിശേഷിപ്പിച്ചിരുന്നത്. സമ്പന്ന കുടുംബത്തില്‍ ജനനം. ആര്‍.കൃഷ്ണമൂര്‍ത്തിയുടേയും എം.എല്‍ വസന്തകുമാരിയുടേയും മകളായി മദ്രാസിലാണ് ശ്രീവിദ്യ ജനിച്ചത്. കുഞ്ഞുനാള്‍ മുതല്‍ നൃത്തവും സംഗീതവും അഭ്യസിച്ചു. പതിമൂന്നാം വയസില്‍ തിരുവുള്‍ ചൊല്‍വര്‍ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. 1969ല്‍ എന്‍.ശങ്കരന്‍ നായര്‍ സംവിധാനം ചെയ്‌ത ചട്ടമ്പിക്കവല എന്ന സിനിമയിലൂടെയാണ് ശ്രീവിദ്യ മലയാള സിനിമയില്‍ എത്തുന്നത്. സത്യന്‍റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ശ്രീവിദ്യക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മനോഹരമായ കണ്ണുകളുള്ള ശാലീന സുന്ദരി പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ പ്രമുഖ നടന്മാരുടെയെല്ലാം നായികയായി ശ്രീവിദ്യ. വെറുമൊരു നായികാവേഷം എന്നതിലുപരി അഭിനയപ്രാധാന്യമുള്ള വേഷങ്ങളായിരുന്നു എല്ലാ കഥാപാത്രങ്ങളും.
'ശ്രീ' ഇല്ലാത്ത പതിനാല് വര്‍ഷങ്ങള്‍...
മലയാളത്തിലെ പ്രമുഖ നടന്മാരുടെയെല്ലാം നായികയായി ശ്രീവിദ്യ. വെറുമൊരു നായികാവേഷം എന്നതിലുപരി അഭിനയപ്രാധാന്യമുള്ള വേഷങ്ങളായിരുന്നു അവയെല്ലാം. ആദാമിന്‍റെ വാരിയെല്ലിലെ ആലീസ്, എന്‍റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിലെ വസുന്ധരാ ദേവി തുടങ്ങിയവ ശ്രീവിദ്യ അനശ്വരമാക്കിയ കഥാപാത്രങ്ങളാണ്
ആദാമിന്‍റെ വാരിയെല്ല്, എന്‍റെ സൂര്യപുത്രിക്ക് തുടങ്ങിയവ ശ്രീവിദ്യ അനശ്വരമാക്കിയ സിനിമകള്‍. സൊല്ലത്താന്‍ നിനക്കിറേന്‍, അപൂര്‍വ്വ രാഗങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴിലും തിളങ്ങി ശ്രീവിദ്യ. കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ചു. രചന, ദൈവത്തിന്‍റെ വികൃതികള്‍, ജീവിതം ഒരു ഗാനം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്കാരങ്ങളും ശ്രീവിദ്യക്ക് ലഭിച്ചു. മലയാളത്തിന്‍റെ വെള്ളിത്തിരയിലേക്ക് പ്രവേശിച്ചതിന്‍റെ പത്താമത്തെയും പതിനാലാമത്തെയും ഇരുപത്തിമൂന്നാമത്തെയും വാര്‍ഷികങ്ങള്‍ സംസ്ഥാന അവാര്‍ഡ് നേടിയാണ് ശ്രീവിദ്യ ആഘോഷിച്ചത്. ശ്രീവിദ്യയുടെ സിനിമകളില്‍ ഏറെയും മലയാള ഭാഷയിലായിരുന്നു. അയലത്തെ സുന്ദരി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണി ഗായികയുമായി ശ്രീവിദ്യ. പിന്നീട് ഒരു പൈങ്കിളിക്കഥയിലെ ആനകൊടുത്താലും കിളിയേ എന്ന ചിത്രത്തില്‍ ശ്രീവിദ്യ പാടിയ ഗാനം ശ്രദ്ധിക്കപ്പെട്ടു. നക്ഷത്രത്താരാട്ട് എന്ന ചിത്രത്തിലും ശ്രീവിദ്യ ഗാനം ആലപിച്ചു.
പിന്നീട് മിനി സ്ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ സീരിയല്‍ രംഗത്തും സജീവമായിരുന്നു. 2004ലെ അവിചാരിതം എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ടെലിവിഷന്‍ അവാര്‍ഡ് ശ്രീവിദ്യക്ക് ലഭിച്ചു. മധുവിന്‍റെ നായികയായിട്ടാണ് ശ്രീവിദ്യ കൂടുതലും അഭിനയിച്ചിട്ടുള്ളത്. മധുവിനോടൊത്ത് തീക്കനല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കവെ ചിത്രത്തിന്‍റെ നിര്‍മാതാവായിരുന്ന ജോര്‍ജ് തോമസുമായി പ്രണയത്തിലായി. 1979ല്‍ ഇവര്‍ വിവാഹിതരായി. ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ കുടുംബജീവിതം 1999 ഏപ്രിലില്‍ വിവാഹമോചനത്തില്‍ അവസാനിച്ചു. നട്ടെല്ലിന് കാൻസർ ബാധിച്ചിരുന്ന അവർ സംഗീത കച്ചേരികളിൽ സജീവമായി. അമ്മത്തമ്പുരാട്ടി എന്ന സീരിയലില്‍ അഭിനയിക്കുകയായിരുന്നു അവസാന കാലത്ത് ശ്രീവിദ്യ. സൗന്ദര്യം നഷ്ടപ്പെടുമെന്നതിനാല്‍ കീമോതെറാപ്പി നടത്താന്‍ ശ്രീവിദ്യ തയ്യാറായിരുന്നില്ല. പല ഹെയര്‍കെയര്‍ ഉത്പന്നങ്ങളുടെയും മോഡലായിരുന്നു ശ്രീവിദ്യ. 2006 ഒക്ടോബർ 19ന് വൈകുന്നേരം ശ്രീവിദ്യ ഈ ലോകത്തോട് യാത്ര പറഞ്ഞു.