17 വര്‍ഷക്കാലം നീണ്ടുനിന്ന അഭിനയജീവിതത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 450ല്‍ അധികം സിനിമകള്‍.... തെന്നിന്ത്യ കീഴടക്കിയ മാസ്മരികതയ്ക്ക്.... 'കണ്ണഴകി' സില്‍ക്ക് സ്‌മിതയ്ക്ക് അറുപതാം പിറന്നാള്‍.... എണ്‍പതുകളിലാണ് സില്‍ക്കിന്‍റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കറുത്ത് മെലിഞ്ഞ പെണ്‍കുട്ടിയുടെ കണ്ണുകളിലെ അപാരമായ വശ്യത കണ്ട് 1979 ല്‍ മലയാളിയായ ആന്‍റണി ഈസ്റ്റ്മാന്‍റെ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ പത്തൊമ്പതാം വയസില്‍ സ്മിത സിനിമയിലെത്തി. ഇണയെത്തേടിയുടെ ഷൂട്ടിങ് നടക്കുന്നതിനിടെ സ്മിതയെത്തേടി അടുത്ത ചിത്രമെത്തി. വിനു ചക്രവര്‍ത്തിയുടെ വണ്ടി ചക്രം. തമിഴ് നാടോടികളുടെ കഥപറഞ്ഞ ആ ചിത്രത്തില്‍ നടന്‍ സൂര്യയുടെ അച്ഛന്‍ ശിവകുമാറായിരുന്നു നായകന്‍. വണ്ടിചക്രത്തില്‍ ‘വാ മച്ചാ വാ വണ്ണാറപ്പേട്ടേ…’ എന്ന് തുടങ്ങുന്ന ചാരായ ഷോപ്പിലെ ഗാനരംഗം സ്മിതയെ ജനപ്രിയയാക്കി. ഈ ഗാനത്തിന് ഈണം പകര്‍ന്നത് ഇളയരാജയായിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേരായ സില്‍ക്ക് അവരുടെ പേരിനോട് നൂലിഴപോലെ ചേര്‍ന്നു. അങ്ങിനെ സ്മിത സില്‍ക്ക് സ്മിതയായി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 450ല്‍ അധികം സിനിമകള്‍ 1980 മുതല്‍ 85 വരെ തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നടി എന്ന വിശേഷണം സില്‍ക്ക് സ്മിതയ്ക്ക് സ്വന്തം. സിൽക്കില്ലാത്ത ഒരു പടമിറങ്ങിയാൽ അത്ഭുതപ്പെടുന്ന ഒരു കാലമുണ്ടായിരുന്നു. വെറും മേനി പ്രദര്‍ശനം മാത്രമായിരുന്നില്ല... സില്‍ക്ക് തനിക്ക് കിട്ടിയ നല്ല വേഷങ്ങൾ നന്നായി തന്ന തിരശ്ശീലയിൽ അവതരിപ്പിച്ചുവെന്നത് വിസ്മരിച്ചുകൂട... ബാലു മഹേന്ദ്രയുടെ മൂന്‍ട്രാം പിറൈ, ഭാരതി രാജയുടെ അലൈകള്‍ ഒഴിവതില്ലേ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ഇതിന് ഉദാഹരണമാണ്. സ്ഥിടികം, അഥർവം എന്ന സിനിമകളിലും അവർ അവരുടെ അഭിനയ പാടവം വ്യക്തമാക്കി. ശിവാജി ഗണേശൻ, കമലഹാസൻ, രജനീകാന്ത്, ചിരഞ്ജീവി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ പോലും സിൽക്കിന്‍റെ ഡേറ്റുകൾക്കൊപ്പിച്ച് ചിത്രീകരണം നടത്തിയിരുന്നു.
1979 ല്‍ മലയാളിയായ ആന്‍റണി ഈസ്റ്റ്മാന്‍ ഇണയെത്തേടിയിലൂടെ പത്തൊമ്പതാം വയസില്‍ സ്മിത സിനിമയിലെത്തിച്ചു 1960 ഡിസംബര്‍ രണ്ടിന് ആന്ധ്രയിലെ ഏളൂര്‍ എന്ന ഗ്രാമത്തിലാണ് സ്മിത ജനിക്കുന്നത്. വിജയലക്ഷ്മി എന്നായിരുന്നു മാതാപിതാക്കള്‍ നല്‍കിയ പേര്. വീട്ടിലെ സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന് നാലാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു. പതിനാലാം വയസില്‍ വിവാഹിതയായെങ്കിലും ഭര്‍ത്താവിന്‍റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് ആ ബന്ധം തകര്‍ന്നു. തുടര്‍ന്ന് ടച്ച് അപ് ആര്‍ടിസ്റ്റായി സിനിമാ മേഖലയിലെത്തി. വൈകാതെ ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്കും കടന്നു. വിദ്യാഭ്യാസം കുറവായിരിന്നിട്ട് പോലും ഒഴുക്കോടെ സ്‌മിത ഇംഗ്ലീഷ് സംസാരിച്ചു. നാട്ടിന്‍പുറത്ത് നിന്ന് വന്ന വിദ്യാഭ്യാസം കുറവായ പെണ്‍കുട്ടിയെ ഒരു സിനിമാ താരത്തിന്‍റെ എല്ലാ പ്രഢിയിലേക്കും എത്താന്‍ പ്രാപ്തയാക്കിയത് വിനു ചക്രവര്‍ത്തിയും ഭാര്യയും ചേര്‍ന്നാണ്. തന്‍റെ കരിയറിലെ തീരുമാനങ്ങളില്‍ സ്മിത ഒരിക്കലും ദുഃഖിച്ചിരുന്നില്ല. താനെടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം തന്‍റേത് മാത്രമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന താരത്തിന് പ്രത്യേകിച്ച് പരാതികളും ഉണ്ടായിരുന്നില്ല. മൃദുലമായി സംസാരിക്കുന്ന വ്യക്തിയായാണ് സഹപ്രവര്‍ത്തകര്‍ ഇപ്പോഴും സ്മിതയെ ഓര്‍ക്കുന്നത്. മൂന്ന് ചിത്രങ്ങള്‍ നിര്‍മിച്ചതാണ് സ്മിതക്ക് സാമ്പത്തിക ബാധ്യത വരുത്തിവെച്ചത്. അവസരങ്ങള്‍ കുറഞ്ഞതും അവരെ അലട്ടി. ഒപ്പം ഏകാന്തതയും. വിജയലക്ഷ്മി എന്ന സെല്ലുലോയ്‌ഡിലെ സില്‍ക്ക് സ്മിത മൺമറഞ്ഞത് ഒരു സെപ്റ്റംബർ 23നായിരുന്നു. ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണമായിരുന്നു അത്. പോസ്റ്റുമോര്‍ട്ടത്തില്‍ തൂങ്ങിമരണം എന്ന് പറയുന്നുണ്ടെങ്കിലും സ്മിതയുടെ പെട്ടെന്നുള്ള മരണത്തില്‍ പല ദുരൂഹതകളും ഉയര്‍ന്നിരുന്നു.
1980 മുതല്‍ 85 വരെ തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നടി എന്ന വിശേഷണം സില്‍ക്ക് സ്മിതയ്ക്ക് സ്വന്തം സിൽക്ക് സ്മിത അംഗീകരിക്കപ്പെട്ടത് അവരുടെ മരണ ശേഷം മാത്രമാണ്. അവരെപ്പറ്റി കവിതയുണ്ടായതും, ലേഖനങ്ങള്‍ ഉണ്ടായതും മാധ്യമങ്ങള്‍ അവരെ വാഴ്ത്തിയതും അവരെപ്പറ്റി പഠനങ്ങള്‍ വന്നതുമൊക്കെ മരണ ശേഷമാണ്. സ്മിതയ്ക്ക് നമ്മോട് പറയാന്‍ ഒരു ജീവിതമുണ്ടായിരുന്നു. കണ്ണീരിന്‍റെ... കഷ്‌ടപ്പാടുകളുടെ... വളര്‍ച്ചയുടെ... വന്‍വീഴ്ചയുടെ ജീവിതം...
1996 സെപ്റ്റംബർ 23ന് ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി