മലയാളത്തിനും തമിഴിനും പ്രിയപ്പെട്ട താരമാണ് മുക്ത. വിവാഹശേഷം സിനിമയിൽ അധികം സജീവമല്ലെങ്കിലും ടെലിവിഷൻ പരമ്പരകളിലൂടെ താരം സാന്നിധ്യമറിയിക്കുന്നുണ്ട്. കൂടാതെ, പുതുപുത്തൻ ഫോട്ടോഷൂട്ടുകളിലൂടെയും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയും ആരാധകരുമായി നടി നിരന്തരം സംവദിക്കാറുമുണ്ട്.
ഇപ്പോഴിതാ, അമ്മയ്‌ക്ക് പിന്നാലെ അഭിനയത്തിന്‍റെ പാതയിലേക്ക് മകളുമെത്തുകയാണ്. തന്‍റെ മകൾ കിയാര സിനിമയിലേക്ക് കടക്കുന്നുവെന്ന് മുക്ത തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന പത്താം വളവ് എന്ന ചിത്രത്തിലാണ് കിയാര ആദ്യമായി അഭിനയിക്കുന്നത്.
ചിത്രം സംവിധാനം ചെയ്യുന്നത് മാമാങ്കം, ജോസഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ എം.പത്മകുമാർ ആണ്.
ഫാമിലി ത്രില്ലറുമായി ജോസഫിന്‍റെ സംവിധായകൻ
പത്താം വളവിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ഫാമിലി ത്രില്ലറായി ഒരുക്കുന്ന ചിത്രം കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്.
ജോസഫിന്‍റെ സംഗീതജ്ഞൻ രഞ്ജിൻ രാജാണ് പത്താം വളവിന്‍റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. യുണൈറ്റഡ് ഗ്ലോബൽ മീഡിയയുടെ ബാനറിലാണ് ത്രില്ലർ ചിത്രം നിർമിക്കുന്നത്.
More Read: അനബല്ലയായി തപ്‌സി പന്നു, ഒപ്പം മക്കൾ സെൽവൻ സേതുപതി ; ഫസ്റ്റ് ലുക്കും റിലീസ് തിയ്യതിയും പുറത്ത്
എൽസ ജോർജ് എന്നാണ് നടി മുക്തയുടെ യഥാർഥ പേര്. പാമ്പ് സട്ടൈ, വായ്‌മയ്, താമിരബരണി തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ കോളിവുഡിലും ശ്രദ്ധേയ സ്ഥാനം കണ്ടെത്തിയ നടി, ഭാനു എന്നാണ് തമിഴകത്ത് അറിയപ്പെടുന്നത്. ഗായിക റിമി ടോമിയുടെ സഹോദരനാണ് മുക്തയുടെ ഭർത്താവ്.