അറുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കുകയാണ് നടി മല്ലിക സുകുമാരന്. പിറന്നാള്‍ ദിനത്തില്‍ മല്ലികയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് മക്കളും മരുമക്കളും കൊച്ചുമക്കളും. 1974ല്‍ ജി.അരവിന്ദന്‍റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക സുകുമാരന്‍ അഭിനയം ആരംഭിക്കുന്നത്. സ്വപ്‌നാടനം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മല്ലികയ്‌ക്ക് ലഭിച്ചു.
90 അധികം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മല്ലികയുടെ പ്രധാന ചിത്രങ്ങള്‍ കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ഛോട്ടാ മുംബൈ, തിരക്കഥ, കലണ്ടര്‍, ഇവര്‍ വിവാഹിതരായാല്‍ എന്നിവയാണ്.
വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന മല്ലിക ഭര്‍ത്താവും നടനുമായ സുകുമാരന്‍റെ മരണശേഷമാണ് സിനിമാരംഗത്തേയ്ക്ക് വീണ്ടും തിരിച്ചെത്തിയത്. ഇന്ദുമുഖി ചന്ദ്രമതി എന്ന സീരിയലിലെ കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. പി.പി ഗോവിന്ദന്‍റെ സരിത എന്ന ചിത്രത്തിലെ ഓര്‍മയുണ്ടോ എന്ന ഗാനം ആലപിച്ച് പിന്നണി ഗാനരംഗത്തും മല്ലിക സാന്നിധ്യമറിയിച്ചിട്ടുണ്ട്. ദോഹയില്‍ സ്‌പൈസ് ബോട്ട് എന്ന റസ്റ്റോറന്‍റ് നടത്തുകയാണ് മല്ലികയിപ്പോള്‍.
അമ്മയ്ക്ക് ഒപ്പമുള്ള ഒരു പഴയചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജും ഇന്ദ്രജിത്തും സുപ്രിയയും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 'എന്‍റെ ക്രൈം പാട്‌നര്‍ക്ക് ജന്മദിനാശംസകള്‍. ഏറ്റവും സ്‌മാര്‍ട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമൊക്കെയാണ് നിങ്ങള്‍. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു' എന്നാണ് നടിയും മരുമകളുമായ പൂര്‍ണിമ കുറിച്ചത്. നിരവധി പേരാണ് മക്കളുടെയും മരുമക്കളുടെയും സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വഴി മല്ലികയ്‌ക്ക് പിറന്നാള്‍ ആശംസിക്കുന്നത്.