വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തില്‍ ഷെയ്നിനെ പിന്തുണച്ച് നടി മാലാ പാര്‍വതിയും രംഗത്ത്. കഴിഞ്ഞ ദിവസം താരത്തിന് പിന്തുണയറിയിച്ച് ഇഷ്ക് സിനിമയുടെ സംവിധായകന്‍ അനുരാജ് മനോഹര്‍ ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ടാണ് മാലാപാര്‍വതി ഷെയ്നിനെ പിന്തുണച്ചത്.
ഷെയ്നിനെ പിന്തുണച്ച് മാലാ പാര്‍വതിയും
ഇഷ്കിന്‍റെ സംവിധായകന്‍ അനുരാജ് മനോഹറിന്‍റെ ഷെയ്നിനെ പിന്തുണച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് മാലാ പാര്‍വതി പിന്തുണ അറിയിച്ചത്
'കലാകാരന്മാരുടെ അനാർക്കി എന്നും രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഷെയ്ൻ ഒരു ഇമോഷണൽ ബോംബാണ്. കടല് ഇരമ്പി വരുന്ന അത്രയും ഇൻടെൻസുമാണ് സത്യസന്ധവുമാണ്. പക്ഷേ അത് പൊതുസമൂഹത്തിന് ബോധിച്ച് കൊള്ളണമെന്നില്ല. കാരണം കലയ്ക്ക് ഉള്ളിൽ അത് എല്ലാവർക്കും ഇഷ്ടമാണ്. ജീവിതത്തിൽ അത് ആരും സ്വീകരിക്കാൻ തയ്യാറാവാറില്ല. ഹെർസോഗിന്‍റെ ലോക പ്രശസ്ത നടൻ കിൻസ്കിയെ അനുസരിപ്പിക്കാൻ തോക്കെടുത്ത കഥ ഓർത്ത് പോകുന്നു. ജീനിയസുകളെ ജീവിച്ചിരിക്കുമ്പോൾ ലോകം സ്വീകരിച്ച ചരിത്രം കുറവാണ്. ഇഷ്കിൽ ഷെയിൻ എന്‍റെ മകനായപ്പോഴാണ് ഞാൻ ആ കുട്ടിയെ പരിചയപ്പെടുന്നത്. ആ കഥാപാത്രത്തെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള അവന്‍റെ ശ്രമങ്ങളും കമ്മിറ്റ്‌മെന്‍റും അറിയുന്നത്. ഞാൻ ഒരു മൂന്ന് ദിവസമാണ് കൂടെ അഭിനയിച്ചത്. എന്നാൽ ഷെയ്നിനെ നന്നായി അറിയുന്ന ഇഷ്കിന്‍റെ സംവിധായകൻ അനുരാജ് മനോഹര്‍ ഒരു കുറിപ്പ് എഴുതിയിരിക്കുന്നു. ഞാന്‍ അത് ഷെയര്‍ ചെയ്യുന്നു. എല്ലാവർക്കും ഷെയ്നെ കുറിച്ച് ഈ അഭിപ്രായമാവില്ല എന്നറിയാം. കാരണം അച്ചടക്കമുള്ള 'നല്ല' കുട്ടി അല്ല ഷെയ്ൻ. കപടമായി ഒന്നും ചെയ്യാൻ അറിഞ്ഞുകൂടാത്ത ഒരു കലാകാരനാണ്. മനസിൽ തോന്നുന്നത് ഒക്കെ പറഞ്ഞു എന്നു വരും. അത് തിരുത്തി എന്ന് വരും. പിന്നെയും അതിലേക്ക് മടങ്ങി എന്ന് വരും. സത്യത്തിൽ അങ്ങനെയുള്ളവർ ഉള്ളിൽ അനുഭവിക്കുന്ന ഒരു നിസഹായതയുണ്ട്. അതാണ് കലയായി പുറത്ത് വരുന്നത്'.
ഇഷ്ക് സിനിമയിൽ ഷെയ്ൻ നിഗത്തിന്‍റെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് മാലാ പാർവതിയാണ്. അതേസമയം നടന്‍ ഷെയ്നിന്‍റെ കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുന്നതിന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. ഇന്നലെ നടന്ന ഭാരവാഹി യോഗത്തില്‍ ഷെയിനിനെതിരെ വിലക്ക് ഉൾപ്പടെയുള്ള കർശന നടപടി സ്വീകരിക്കണമെന്ന അഭിപ്രായമാണ് ഉയർന്നത്.