നിലപാടുകളിലെ കൃത്യതയും വ്യക്തതയും കൊണ്ട് എന്നും വിമര്‍ശകരുടെ വായടപ്പിക്കുന്ന അഭിനേത്രിയാണ് കനി കുസൃതി. ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ബിരിയാണിയിലെ അഭിനയത്തിലൂടെ കനി കുസൃതിക്കാണ് ലഭിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയപ്പോള്‍ ചുവന്ന നിറത്തിലുള്ള ലിപ്‌സ്റ്റിക്കായിരുന്നു താരം ഇട്ടിരുന്നത്. മറ്റ് മേക്കപ്പുകളെല്ലാം ഒഴിവാക്കിയിരുന്നു. താന്‍ എന്തിനാണ് ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക്ക് എടുത്ത് കാണിക്കുന്ന തരത്തില്‍ ഇട്ട് പുരസ്‌കാര ദാന ചടങ്ങില്‍ എത്തിയത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോള്‍. 'ആ റെഡ് ലിപ്സ്റ്റിക് തന്‍റെ ഒരു നിലപാടിന്‍റെ ഭാഗമാണെന്നായിരുന്നു' കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ കനി കുസൃതി പറഞ്ഞത്.
'അയ്യേ ലിപ്സ്റ്റിക് ഇട്ടോ? എന്ന മലയാളി ചോദ്യത്തിന്..... അറിഞ്ഞ് കൊണ്ട് തന്നെയാണ് ലോക പ്രശസ്തയായ റിഹാന എന്ന സിംഗര്‍, സോങ്ങ് റൈറ്ററുടെ ഫെന്‍റി ബ്യൂട്ടീ ബ്രാന്‍ഡിലെ യൂണിവേഴ്സല്‍ റെഡ് ലിപ്സ്റ്റിക് ഇട്ട് പോയത്. ആ റെഡ് ലിപ്സ്റ്റിക് എന്തിന് നിലകൊള്ളുന്നുവെന്ന് ആത്മാര്‍ഥമായി അറിയാന്‍ അഗ്രഹിക്കുന്നവര്‍ വായിച്ച് മനസിലാക്കുക.... ചരിത്രപരമായി, കറുത്ത തൊലിയുള്ള സ്ത്രീകള്‍ ചുവന്ന ലിപ്സ്റ്റിക്കിടുന്നത് പലപ്പോഴും പരിഹസിക്കപ്പെടാറുണ്ടെന്ന് അമേരിക്കന്‍ റാപ്പറായ റോക്കി ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചുവന്ന ലിപ്സ്റ്റിക്ക് ചേരണമെങ്കില്‍ വെളുത്ത നിറമുള്ള തൊലിയായിരിക്കണമെന്നൊക്കെ അന്നവര്‍ പറഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. കറുത്ത സ്ത്രീകളുടെ ചുണ്ടുകള്‍ പലപ്പോഴും പരിഹസിക്കപ്പെടുകയും സെക്ഷ്വലൈസ് ചെയ്യപ്പെടുകയും ചെയ്യാറുള്ളതാണ്. കറുത്ത സ്ത്രീകളുടെ ചുണ്ടുകള്‍ ഹൈലൈറ്റ് ചെയ്യപ്പെടേണ്ടതല്ലെന്നും മറച്ച് പിടിക്കേണ്ടതാണെന്നും ഒക്കെയുള്ള ധാരണയാണ് റാപ്പറുടെ പരാമര്‍ശം പോലും ധ്വനിപ്പിക്കുന്നത്. നിറത്തിന്‍റെ ഒരു വേര്‍തിരിവും ഇല്ലാതെ എല്ലാ നിറത്തിലുമുള്ളവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന മേക്കപ്പ് ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ് ഗായികയായ റിഹാന ഫെന്‍റി ബ്യൂട്ടി ആരംഭിച്ചത്.... ആ ബ്രാന്‍ഡാണ് താന്‍ പുരട്ടിയത്....' കനി വ്യക്തമാക്കി.
-
"അയ്യേ ലിപ്സ്റ്റിക് ഇട്ടൊ?" എന്ന മലയാളി ചോദ്യത്തിനു അറിഞ്ഞു കൊണ്ട് തന്നെ ആണു ലോക പ്രശസ്തയായ 'റിഹാന' എന്ന സിംഗർ സോങ്ങ്...
Posted by Kani Kusruti on Saturday, January 30, 2021
ജനങ്ങളുടെ തിരുത്തപ്പെടേണ്ട ചില ചിന്താഗതികളില്‍ മാറ്റം വരുത്തിയേക്കാവുന്ന കുറിപ്പാണ് കനിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. മുമ്പ് ഒരു മാഗസിന്‍റെ കവർ ചിത്രത്തിനായി താന്‍ നല്‍കിയ ഫോട്ടോകള്‍ എഡിറ്റ് ചെയ്‌ത് വെളുപ്പിച്ചതിന്‍റെ പേരിൽ കനി രംഗത്തെത്തിയിരുന്നു. നിരവധി പേര്‍ കനിയുടെ പുതിയ പോസ്റ്റിനെയും വേറിട്ട ചിന്തയെയും അഭിനന്ദിക്കുകയും പോസ്റ്റ് ഏറ്റെടുക്കുകയും ചെയ്‌തിട്ടുണ്ട്.