നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ജാമ്യം റദ്ദാക്കില്ല
11:16 February 25
ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹര്‍ജി വിചാരണ കോടതി തള്ളി
എറണാകുളം:നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍റെ ഹര്‍ജി വിചാരണ കോടതി തള്ളി. കേസിലെ എട്ടാം പ്രതിയായ ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
ദിലീപ് പ്രധാന സാക്ഷികളായ വിപിൻ ലാൽ, ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ ഒക്ടോബറിൽ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താനായിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
ഒരു വര്‍ഷം മുമ്പാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കൊവിഡ് ലോക്ക് ഡൗണ്‍ ഉള്‍പ്പടെ വിവിധ കാരണങ്ങളാല്‍ ഹര്‍ജി തീര്‍പ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു. ഹർജിയിൽ ഇരുവിഭാഗത്തിന്‍റെയും വാദങ്ങൾ വിശദമായി കേട്ടതിന് ശേഷമാണ് കോടതി നടപടി. കേസുമായി ബന്ധപ്പെട്ട് 2017ജൂലൈ 10ന് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിന് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്.