കേരളം

kerala

ETV Bharat / sitara

ദിലീപിനെതിരെ നടി സുപ്രീംകോടതിയിൽ; ദൃശ്യങ്ങൾ കൈമാറരുതെന്ന് ആവശ്യം - ന്യൂഡല്‍ഹി

കേസില്‍ നടന്‍ ദിലീപിന്‍റെ ഹര്‍ജിയില്‍ കക്ഷിചേരണമെന്നും നടി. അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

മെമ്മറി കാർഡിന്‍റെ പകർപ്പ് ദിലീപിന് നൽകരുതെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയില്‍

By

Published : Sep 16, 2019, 5:36 PM IST

ദിലീപിനെതിരെ നടി സുപ്രീംകോടതിയിൽ; ദൃശ്യങ്ങൾ കൈമാറരുതെന്ന് ആവശ്യം

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്‍റെ പകർപ്പ് ദിലീപിന് നൽകരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയിൽ. കേസില്‍ നടന്‍ ദിലീപിന്‍റെ ഹര്‍ജിയില്‍ കക്ഷിചേരണമെന്നും നടി ആവശ്യപ്പെട്ടു. നടിയുടെ അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് നല്‍കുന്നത് തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ നടി ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയോടൊപ്പം ചില സുപ്രധാന രേഖകളും നിര്‍ണായക തെളിവുകളും നടി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് ഈ രേഖകള്‍ സുപ്രീംകോടതി രജിസ്ട്രിക്ക് കൈമാറിയത്. ഈ രേഖകള്‍ ചൊവ്വാഴ്ച ജസ്റ്റിസുമാരായ എ എന്‍ ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ക്ക് സമര്‍പ്പിക്കും. അതിനിടെ കേസ് അന്വേഷിച്ചിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ ബി സന്ധ്യ ഐ പി എസ് ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇവര്‍ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. കേസുമായി ബന്ധപ്പെട്ട് നേരത്തെ നടി മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയിരുന്നു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം.

ABOUT THE AUTHOR

...view details