ആര്യാടൻ ഷൗക്കത്ത് തിരക്കഥ ഒരുക്കിയ ചിത്രമായ 'വർത്തമാനം' സിനിമയ്‌ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി തടഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി സമരവും കശ്മീര്‍ വിഭജനവുമെല്ലാം സിനിമ ചര്‍ച്ച ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സെന്‍സര്‍ ബോര്‍ഡിനെ ഭരണ പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന രീതി മാറിയേ മതിയാകൂവെന്നാണ് മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.
'സെൻസർ ബോർഡിനെ ഭരണപാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്‍റെ നിർവചനത്തിൽ മാത്രം ഒതുങ്ങുന്ന... ഒതുക്കപ്പെടേണ്ട രണ്ട് വാക്കുകൾ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിക്കും ഉണ്ട്. സെൻസർഷിപ്പ് എന്നത് ഏകാധിപത്യത്തിന്‍റെ ഊന്നുവടിയാണ്. ജനാധിപത്യത്തിൽ അത് ഒരു ശീലമായി മാറിയെങ്കിൽ, അതിന്‍റെ അർഥം ജനാധിപത്യം പരാജയപ്പെട്ടുവെന്ന് തന്നെയാണ്. പതിനെട്ട് വയസ് തികഞ്ഞ ഒരു മനുഷ്യന് രാഷ്ട്രീയത്തിലെ നല്ലതും ചീത്തയും കണ്ടും കേട്ടും മനസിലാക്കി സമ്മതിദാനം നടത്താനുള്ള അവകാശവും അവബോധവും ഉണ്ടെന്ന് ഇവിടുത്തെ നിയമവ്യവസ്ഥ അനുശാസിക്കുന്നുണ്ടെങ്കിൽ, അവന്/അവൾക്ക് മുന്നിൽ വരുന്ന ഒരോ സിനിമയിലും അത് തിരിച്ചറിയുവാനുള്ള കഴിവും ബുദ്ധിയും ഉണ്ടെന്ന് സമ്മതിച്ചുതന്നേ മതിയാകൂ. ഇല്ലാത്തപക്ഷം, ഇത് പൗരനിന്ദയുടെ ഒരു ഉത്തമ ദൃഷ്ടാന്തം ആയി തന്നെ നിലനിൽക്കും' ഇതായിരുന്നു മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം.
പാർവതി തിരുവോത്തിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാര്‍ഥ് ശിവയാണ് വര്‍ത്തമാനം സംവിധാനം ചെയ്‌തിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുംബൈയിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയാണ് ഇനി ചിത്രത്തിന് അനുമതി നല്‍കേണ്ടത്. സഖാവിന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്‌ത സിനിമ കൂടിയാണ് വര്‍ത്തമാനം. റോഷന്‍ മാത്യുവാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, നിര്‍മല്‍ പാലാഴി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.