കേരളം

kerala

ETV Bharat / sitara

മോൻസണിന് പത്മശ്രീയെങ്കിലും നല്‍കിക്കൂടേ.... പരിഹസിച്ച് തമ്പി ആന്‍റണി

കേരളത്തിലെ സകല സാംസ്‌കാരിക നായകന്മാർക്കുവരെ പണികൊടുത്ത, സകലകലാവല്ലഭന് കുറഞ്ഞപക്ഷം ഒരു പത്മശ്രീയെങ്കിലും കൊടുക്കേണ്ടതല്ലേയെന്നും തമ്പി ആന്‍റണി പരിഹസിച്ചു.

തമ്പി ആന്‍റണി വാർത്ത  തമ്പി ആന്‍റണി മോൻസൺ വാർത്ത  മോൻസൻ മാവുങ്കൽ തമ്പി ആന്‍റണി വാർത്ത  തമ്പി ആന്‍റണി ഫേസ്ബുക്ക് ടിപ്പു സുൽത്താൻ വാർത്ത  monson mavunkal celebrity status news  thampy antony news  thampy antony monson mavunkal news  actor writer activist thampy antony news  philanthropist monson news
തമ്പി ആന്‍റണി

By

Published : Sep 29, 2021, 11:10 AM IST

മോൻസണിന്‍റെ കൂടുതൽ തട്ടിപ്പ് കഥകൾ പുറത്തുവരുമ്പോഴും ഞെട്ടലോടെയാണ് സാക്ഷരകേരളം വാർത്തകളെ ഉൾക്കൊള്ളുന്നത്. സാംസ്‌കാരിക നേതാക്കൾക്കും രാഷ്‌ട്രീയക്കാർക്കും മോൻസണുമായി പല തരത്തിൽ ബന്ധമുണ്ടായിരുന്നുവെന്ന് കാണിക്കുന്നതാണ് പുറത്തുവരുന്ന ചിത്രങ്ങളും.

സാക്ഷരകേരളത്തെ കബളിപ്പിച്ച് സെലിബ്രിറ്റിയായ മോൻസൺ മാവുങ്കലിന്‍റെ വിഷയത്തിൽ പരിഹസിച്ച് നടനും എഴുത്തുകാരനുമായ തമ്പി ആന്‍റണി. ടിപ്പു സുൽത്താന്‍റെ സിംഹാസനത്തിൽ വാളുപിടിച്ചിരിക്കാൻ മന്ത്രിമാരും സിനിമാക്കാരും മത്സരിക്കുന്നു. ആ സിംഹാസനത്തിൽ ഇരിക്കാത്തതായി സാഷാൽ ടിപ്പു സുൽത്താൻ മാത്രമേയുള്ളുവെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ പറഞ്ഞു. കേരളത്തിലെ സകല സാംസ്‌കാരിക നായകന്മാർക്കുവരെ പണികൊടുത്ത, സകലകലാവല്ലഭന് കുറഞ്ഞപക്ഷം ഒരു പത്മശ്രീയെങ്കിലും കൊടുക്കേണ്ടതല്ലേയെന്നും തമ്പി ആന്‍റണി വിമർശനരൂപേണ ചോദിച്ചു.

തമ്പി ആന്‍റണിയുടെ ഫേസ്ബുക്ക് കുറിപ്പ്

'ആരോ ഒരാൾ. മോൻസി മാവുങ്കൽ എന്നാ ശരിക്കുള്ള പേര് എന്നുപറയുന്നു. അതിപ്പം എന്തുമാകട്ടെ ആള് പുപ്പുലിയാ.

വിസാപോലുമില്ലാതെ ജർമനിയിലും, സിംഗപ്പൂരിലും അമേരിക്കയിലും വരെ പടർന്നു പന്തലിച്ച വ്യവസായ സാബ്രാജ്യം! പ്രവാസി സംഘടനയുടെ തലപ്പത്ത്, പത്താം ക്ലാസ്സും ഗുസ്‌തിയും മാത്രമേയുള്ളുവെങ്കിലും എട്ടു ഡിക്‌ടറേറ്റ്! ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളായ ബെന്‍റ്‌ലിയും, റോൾസ് റോയിസുൾപ്പെടെ ആഡംബരകാറുകളുടെ ശേഖരം, ടിപ്പു സുൽത്താന്‍റെ സിംഹാസനം! അതിൽ വാളുപിടിച്ചിരിക്കാൻ മന്ത്രിമാരും സിനിമാക്കാരും മത്സരിക്കുന്നു. ഇനിയിപ്പം ആ സിംഹാസനത്തിൽ ഇരിക്കാത്തതായി സാഷാൽ ടിപ്പു സുൽത്താൻ മാത്രമേയുള്ളു!

കൊവിഡ് കാലമായതുകൊണ്ട് അങ്ങോട്ടൊന്നും പോകാൻ പറ്റിയില്ല. അതുകൊണ്ട് അതിൽ ഇരുന്നൊരു ഫോട്ടോപടം പിടിക്കാനുള്ള അവസരം കിട്ടിയില്ല . അതിൽ പ്രവാസികൾക്കിത്തിരി വിഷമമുണ്ടു കേട്ടോ.

ഇനി അല്പം ചരിത്രം..

നല്ലപ്രായത്തിൽ ക്രിസ്‌തുവിന്‍റെ മണവാട്ടിയായ കന്യാസ്‌ത്രീയെയുംകൊണ്ടൊരു മുങ്ങൽ. ശ്വാസംമുട്ടിയപ്പോൾ പൊങ്ങിയെങ്കിലും കന്യാസ്‌ത്രീയെ കണ്ടവരാരുമില്ല. പൊങ്ങിയ ഉടൻതന്നെ ഒന്നരക്കോടി മുടക്കി പള്ളിപെരുനാൾ അങ്ങനെ മാതാവിന്‍റെയും, മെത്രാന്മാരുടെയും കൈമുത്തി അനുഗ്രഹം കിട്ടിയ, റോമൻ കത്തോലിക്കൻ കുഞ്ഞാട്.

പുരാവസ്‌തു ശേഖരണം..!

ദ്വാപരയുഗത്തിലെ കുടം, മോശയുടെ അംശവടി, യൂദാസിന്‍റെ വെള്ളിക്കാശ്, നബിയുടെ കെടാവിളക്ക്. അതൊന്നും പോരാഞ്ഞു, കാനായിലെ കല്ല്യാണത്തിന് കർത്താവ് വെള്ളം വീഞ്ഞാക്കിയ ഭരണിയും, ഹനുമാന്‍റെ ഗദയും കണ്ടിട്ടുള്ളവരുണ്ട്! ആളു മതേതരനാണെന്നുള്ളതിന് ഇതിൽക്കൂടുതൽ തെളിവുവല്ലതും വേണോ?

More Read: മോന്‍സണ്‍ മാവുങ്കലിനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തു

പൊലീസ് ഓഫിസർന്മാരുൾപ്പെടെ ഉന്നതരുടെ സൗഹൃദം, പുരാവസ്‌തു ഗവേഷകൻ, മോട്ടിവേഷനൽ സ്‌പീക്കർ, ആതുരസേവനം, സംരംഭകൻ.. അങ്ങനെ എണ്ണിയാൽ തീരില്ല. ദുഷ്‌ടന്മാരെ പനപോലെ വളർത്തുമെന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ടെങ്കിലും മലയാളികളുടെ അടുത്ത് അതൊന്നും വിലപ്പോകില്ല. ഒരുപാടു വളർന്നാൽ, ആദ്യം പാര വയ്ക്കും പിന്നെ കോടാലി വയ്ക്കും.

കൃപാസനം പാത്രംകാണിച്ചു വിശ്വാസികളെ പറ്റിക്കുന്ന അച്ചന്മാരും. നേർച്ച കാഴ്‌ചകൾക്കും കതിനാവെടിക്കുവരെ വെടിവഴിപാട് എന്ന ഓമനപ്പേരിട്ട് കാശുണ്ടാക്കുന്ന മതപുരോഹിതന്മാരും, അമ്പലക്കമ്മറ്റിക്കാരും ഇതൊക്കെത്തന്നെയല്ലേ ചെയുന്നത്.

പുണ്യസ്ഥലങ്ങളുടെ പേരിലാണെങ്കിലും, വഴിപാടുകളുടെ പേരിലാണെങ്കിലും പറ്റിക്കപെടാൻ എന്തും സഹിച്ചു റെഡിയായി നിൽക്കുന്ന സാക്ഷരകേരകളീയരെ സമ്മതിച്ചു! സിനിമാനടൻ കൂടിയായ മാവുങ്കലിനിനി ഫാൻ ക്ലബ്ബും വരുന്നെന്ന് കേട്ടു. ഇനിയിപ്പം അസൂയപെട്ടിട്ടൊന്നും ഒരു കാര്യവുമില്ല.

അങ്ങനെ കേരളത്തിലെ സകല സാംസ്‌കാരിക നായകന്മാർക്കിട്ടുവരെ പണികൊടുത്ത, സകലകാലാവല്ലഭന് കുറഞ്ഞപക്ഷം ഒരു പത്മശ്രീയെങ്കിലും കൊടുക്കേണ്ടതല്ലേ? പുണ്യാളനുംകൂടി ആയതുകൊണ്ട് പദ്‌മഭൂഷൺ കിട്ടിയാലും അത്ഭുതപ്പെടാനൊന്നുമില്ല അതാണല്ലോ നാട്ടുനടപ്പ്,' തമ്പി ആന്‍റണി കുറിച്ചു.

ABOUT THE AUTHOR

...view details