നടനും നര്‍ത്തകനുമായി തെന്നിന്ത്യയില്‍ ശ്രദ്ധനേടിയ നടനാണ് വിനീത്. ഇപ്പോള്‍ തന്‍റെ പേരും ദുര്‍വിനിയോഗം ചെയ്യപ്പെടുന്നുണ്ടെന്നും കരുതലോടെ ഇരിക്കണമെന്നും മുന്നറിയിപ്പ് നല്‍കി രംഗത്തെത്തിയിരിക്കുകയാണ് നടന്‍. അമേരിക്കയില്‍ നിന്നുള്ള വ്യാജ നമ്പറില്‍ നിന്നാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും വിനീത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
വാട്‌സ് ആപ്പ് കോളുകള്‍ വഴി നര്‍ത്തകിമാര്‍ക്ക് വ്യാജ നമ്പറിന്‍റെ ഉടമ ജോലി വാഗ്ദാനം ചെയ്തുവെന്നും വിനീത് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ കുറിച്ചു. വിനീതിന്‍റെ ശബ്ദത്തില്‍ വാട്‌സ്‌ആപ്പ് കോള്‍ വന്നതായി അടുപ്പമുള്ളവര്‍ അദ്ദേഹത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സംശയാസ്‌പദമായ കോണ്‍ടാക്‌ടുകളോട് മറുപടി നല്‍കുകയോ ചെയ്യരുതെന്നും വിനീത് പറഞ്ഞു.
സിനിമ താരങ്ങളുടെ പേരില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കുന്നതും തട്ടിപ്പ് നടത്തുന്നതും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. വിനീതിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടെന്ന പേരില്‍ ഇതിന് മുമ്പും തട്ടിപ്പ് നടന്നിട്ടുണ്ട്.