തമിഴ് സൂപ്പര്‍ താരവും ആരാധകരുടെ ദളപതിയുമായ വിജയ് നായകനായ ലോകേഷ് കനകരാജ് സിനിമ' മാസ്റ്ററി' ന്‍റെ ടീസര്‍ അടുത്തിടെ ഒരു റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരുന്നു. ഒരു ദിവസത്തിനുള്ളില്‍ 20 മില്യണ്‍ ആളുകള്‍ കണ്ട ടീസര്‍ എന്ന നേട്ടമാണ് മാസ്റ്റര്‍ ടീസറിന് ലഭിച്ചത്. ഇപ്പോള്‍ മറ്റൊരു നേട്ടം കൂടി ദളപതി വിജയ്‌യെയും മാസ്റ്റര്‍ സിനിമയെയും തേടി എത്തിയിരിക്കുകയാണ്. ഈ വര്‍ഷം ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട സെലിബ്രിറ്റി പോസ്റ്റ് വിജയ്‌യുടേതാണ്. 'മാസ്റ്റര്‍' സെല്‍ഫി എന്ന സെല്‍ഫിയാണിത്. രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് ദളപതിയുടെ സെല്‍ഫിക്കുള്ളത്. മാസ്റ്ററിന്‍റെ നെയ്‌വേലി സെറ്റില്‍ നിന്ന് ഫെബ്രുവരിയില്‍ വിജയ് പകര്‍ത്തിയ സെല്‍ഫിയാണിത്. ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളൊരു സെല്‍ഫി മാത്രമായിരുന്നില്ല അത് 30 ദശലക്ഷം ഫോളോവേഴുള്ള ട്വിറ്ററില്‍ ഒരു പ്രസ്താവന എന്ന തരത്തില്‍ കൂടിയാണ് വിജയ് ആ സെല്‍ഫി പോസ്റ്റ് ചെയ്‌തത്.
2020 തുടക്കത്തില്‍ നേരത്തെ പുറത്തിറങ്ങിയ ബിഗിലിന്‍റെ ബോക്‌സ് ഓഫീസ് വിജയവുമായി ബന്ധപ്പെട്ട് വിജയ് ആദായനികുതി റെയ്‌ഡിന് വിധേയനായിരുന്നു. എജിഎസ് എന്‍റര്‍പ്രൈസസ്, ഫിനാന്‍സിയര്‍ അന്‍ബു ചെസിയാന്‍ എന്നിവരുടെ സ്വത്തുക്കളിലും ഐടി റെയ്‌ഡുകള്‍ നടന്നു. അന്വേഷണത്തിന്‍റെ ഭാഗമായി വിജയ്‌യെ ചെന്നൈയിലെ വസതിയിലേക്ക് കൊണ്ടുവരാന്‍ മാസ്റ്ററിന്‍റെ നെയ്‌വേലിയിലെ ചിത്രീകരണവും ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയിരുന്നു. താന്‍ നേരിട്ട ബുദ്ധിമുട്ടുകളും തന്‍റെ നിരപരാധിത്തവും ആരാധകരുടെ പിന്തുണയും വെളിപ്പെടുത്തുന്ന ഒരു പ്രസ്താവനയെന്നോണമായിരുന്നു വിജയ് ട്വീറ്റ് ചെയ്‌ത സെല്‍ഫി എല്ലാവരും വിലയിരുത്തിയത്.