എറണാകുളം: നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും പ്രചരിക്കാന്‍ തുടങ്ങിയതോടെ വിശദീകരണവുമായി നടന്‍ വിജയ് രംഗത്ത്. രാഷ്ട്രീയ പ്രവേശനം നടത്തിയിട്ടില്ലെന്നും ഫാന്‍സിനെ ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിട്ടില്ലെന്നും വിജയ് വ്യക്തമാക്കി. 'ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം' എന്ന പേരില്‍ വിജയ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്‌തുവെന്ന വാർത്തകളാണ് മാധ്യമങ്ങളിൽ പ്രചരിച്ചത്.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതായി പ്രചാരണം, വാര്‍ത്തകള്‍ നിഷേധിച്ച് നടന്‍ വിജയ് - നടന്‍ വിജയ് രാഷ്ട്രീയ പാര്‍ട്ടി
'ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം' എന്ന പേരില്‍ വിജയ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്‌തുവെന്ന വാർത്തകളാണ് മാധ്യമങ്ങളിൽ പ്രചരിച്ചത്
'അച്ഛൻ എസ്.എ ചന്ദ്രശേഖർ ഒരു രാഷ്ട്രീയ പാർട്ടി ആരംഭിച്ചിരിക്കുന്ന വിവരം താൻ മാധ്യമങ്ങൾ വഴി അറിഞ്ഞു. അദ്ദേഹം തുടങ്ങിയ രാഷ്ട്രീയ പാർട്ടിയിൽ തനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവും ഇല്ല എന്നത് എന്‍റെ ആരാധകർക്കും പൊതുജനങ്ങൾകും മുമ്പില്‍ അറിയിക്കുന്നു. അദ്ദേഹം ആരംഭിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടിയോ അദ്ദേഹത്തിന്‍റെ രാഷ്ട്രീയമോ സംബന്ധിച്ച് ഭാവിയിൽ എടുക്കുന്ന തീരുമാനങ്ങൾ... തന്നെ ഒരു വിധത്തിലും ബാധിക്കുന്നതായിരിക്കില്ല. എന്‍റെ അച്ഛൻ പാർട്ടി തുടങ്ങിയത് കൊണ്ട് ആ പാർട്ടിയില്‍ ചേർന്ന് പ്രവർത്തിക്കാൻ എന്‍റെ ആരാധകർ ആരും തയ്യാറാവേണ്ട. മാത്രമല്ല, അദ്ദേഹത്തിന്‍റെ പാർട്ടിക്കും നമ്മുടെ മക്കൾ ഇയക്കത്തിനും (ഫാന്‍സ് അസോസിയേഷന്‍) യാതൊരു ബന്ധവുമില്ല എന്നതും ഇവിടെ വ്യക്തമാക്കുന്നു. തന്‍റെ പേരോ ഫോട്ടോകളോ അല്ലെങ്കിൽ 'അഖില ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്ക'ത്തിന്‍റെ (വിജയ് ഫാന്‍സ് അസോസിയേഷന്‍) പേരിനെ ബന്ധപ്പെടുത്തിയോ എന്തെങ്കിലും പ്രശ്‌നം ഉയർന്നാൽ അവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും.' വിജയ് ട്വിറ്ററിലൂടെ പുറത്തിറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം ആരാധക സംഘടനയുടെ പേരിലുള്ള പാർട്ടി രജിസ്‌ട്രേഷൻ വാർത്തായതിന് പിന്നാലെ വിജയ്‌യുടെ പിതാവ് ചന്ദ്രശേഖർ തന്നെ പ്രതികരണവുമായി രംഗത്ത് എത്തി. ഇത് വിജയുടെ രാഷ്ട്രീയ പാർട്ടിയല്ലെന്നും വിജയ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്ക് വരുമോ എന്നത് തനിക്ക് പറയാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എസ്.എ ചന്ദ്രശേഖർ ജനറൽ സെക്രട്ടറിയും ഭാര്യ ശോഭയെ ട്രഷററുമാക്കിയാണ് എസ്.എ ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പുതിയ പാർട്ടി രജിസ്‌ട്രേഷന് അപേക്ഷ നൽകിയിരിക്കുന്നത്.