നടൻ ടൊവിനോ തോമസ് സുഖം പ്രാപിക്കുന്നു - Tovino Thomas is recovering
കഴിഞ്ഞ ദിവസം ടൊവിനോയുടെ വയറിന്‍റെ ഭാഗത്ത് വീണ്ടും സിടി ആൻജിയോഗ്രാം നടത്തിയിരുന്നു. അതിൽ രക്തം കട്ടിപിടിച്ചിരിക്കുന്നത് പരിഹരിച്ചു
എറണാകുളം: ഷൂട്ടിങ് സെറ്റിൽ വെച്ച് സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ വയറിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ടൊവിനോ തോമസ് സുഖം പ്രാപിച്ച് വരികയാണെന്ന് ഡോക്ടര്‍മാര്‍. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന 'കള' സിനിമയുടെ ഷൂട്ടിങിനിടെയാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. വയറുവേദനയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏഴിനാണ് ടൊവിനോയെ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് നിരീക്ഷണത്തിനായി കഴിഞ്ഞ ദിവസം വരെ ടൊവിനോ ഐസിയുവിലായിരുന്നു. കഴിഞ്ഞ ദിവസം താരത്തിന്‍റെ വയറിന്‍റെ ഭാഗത്ത് വീണ്ടും സിടി ആൻജിയോഗ്രാം നടത്തിയിരുന്നു. അതിൽ രക്തം കട്ടിപിടിച്ചിരിക്കുന്നത് പരിഹരിച്ചു. അത് കുറഞ്ഞ് വരികയാണെന്നും ഇനി ഒരു രക്തസ്രാവത്തിന് യാതൊരു സാധ്യതയും കാണുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വൻകുടലിനോ അടിവയറിലെ മറ്റ് അവയവങ്ങൾക്കോ യാതൊരു പരിക്കും സംഭവിച്ചിട്ടില്ലെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കി. സാധാരണ ഭക്ഷണ ക്രമത്തിലൂടെ പതിയെ ടൊവിനോ പഴയ നിലയിൽ എത്തുമെന്നും ഡോക്ടർമാർ പറഞ്ഞു. അഞ്ച് ദിവസം കൂടി താരം ആശുപത്രിയില്‍ തുടരും. അദ്ദേഹത്തിന്‍റെ ആരോഗ്യ നില തീർത്തും തൃപ്‌തികരമാണെന്നും ആശുപത്രി പുറത്തിക്കിയ ഹെൽത്ത് ബുള്ളറ്റിന്‍ പറഞ്ഞു.