താൻ പറയാത്ത കാര്യങ്ങൾ വ്യജ അക്കൗണ്ടുകൾ വഴി പ്രചരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് നടൻ ശ്രീനിവാസന്‍ കഴിഞ്ഞ വർഷം സെപ്‌തംബറിൽ ഒരു ഫേസ്‌ബുക്ക് അക്കൗണ്ട് ഔദ്യോഗികമായി തുടങ്ങിയിരുന്നു. 'ഫെയ്ക്കന്‍മാരെ ജാഗ്രതൈ, ഒറിജിനല്‍ വന്നു' എന്ന ക്യാപ്ഷനിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് തന്‍റെ ഫേസ്‌ബുക്ക് പോജിനെ കുറിച്ച് അദ്ദേഹം അറിയിച്ചത്. എന്നാൽ പിന്നീട് ശ്രീനിവാസനെ സമൂഹമാധ്യമങ്ങളിൽ അധികം കണ്ടിട്ടില്ല. ഇതിന് കാരണം വ്യക്തമാക്കി കൊണ്ട് താൻ തിരിച്ചു വന്നുവെന്ന് ഫേസ്‌ബുക്കിൽ ഒരു രസകരമായ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. ഫേസ്‌ബുക്ക് തന്‍റെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തിരുന്നതായും കുറച്ച് കഷ്ടപ്പാടുകള്‍ക്കൊടുവില്‍ അത് തിരിച്ചു കിട്ടിയെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ഫേസ്‌ബുക്കിലേക്ക് തിരിച്ചു വന്നതിനെ കുറിച്ച് നടൻ ശ്രീനിവാസന്‍റെ രസകരമായ കുറിപ്പ് - ഫേസ്‌ബുക്ക് അക്കൗണ്ട്
ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി ഉടനെ തന്നെ തനിക്കുണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ട് ഫേസ്ബുക്ക് തന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചുവെന്നും അങ്ങനെയാണ് തന്‍റെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതെന്നും ശ്രീനിവാസൻ പറഞ്ഞു.
"വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചില്ലേ? ഒറിജിനൽ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയിൽ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ട് ഫേസ്ബുക്ക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു. അതുകൊണ്ടു കുറച്ചു മാസങ്ങളായി എനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഫെയ്ക്കൻമാരും ഫേസ്ബുക്കും തമ്മിൽ ഒരു അന്തർധാര സജീവമല്ലേ എന്നും ഞാൻ സംശയിക്കുന്നു." ഏറെ ശ്രമങ്ങൾക്കൊടുവിൽ വിനീത് ശ്രീനിവാസന്‍റെ സുഹൃത്താണ് തനിക്ക് ഫേസ്‌ബുക്ക് അക്കൗണ്ട് തിരിച്ചു നൽകാൻ സഹായിച്ചതെന്നും അദ്ദേഹം കുറിപ്പിൽ പരാമർശിക്കുന്നു.
"എന്തായാലും മകൻ വിനീതിന്‍റെ സുഹൃത്തും, ഫേസ്ബുക്ക് തൊഴിലാളിയും, നടനുമായ ജിനു ബെൻ അതി സാഹസികമായി ഒരു യന്തിര മനുഷ്യൻ ആയി മാറുമായിരുന്ന എന്നെ യഥാർത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു. ഇനിമുതൽ ഒരു പച്ച മനുഷ്യനായി ഞാൻ നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കും," ശ്രീനിവാസൻ പറഞ്ഞു.