ഒരുപാട് മികച്ച കഥാപാത്രങ്ങളും കഥകളും മലയാളിക്ക് സമ്മാനിച്ച മലയാള സിനിമയിലെ യഥാര്‍ഥ ജീനിയസുകളില്‍ ഒരാളാണ് നടനും തിരക്കഥാകൃത്തുമെല്ലാമായ ശ്രീനിവാസന്‍. സിനിമയെ സ്നേഹിക്കും പോലെ തന്നെ ശ്രീനിവാസന്‍ ഇഷ്ടപ്പെടുന്ന മറ്റൊന്നാണ് ജൈവകൃഷി. കൃഷിയില്‍ സജീവമായ ശ്രീനിവാസന്‍ ഇപ്പോള്‍ ജൈവ കൃഷിക്കും ജൈവ ഉല്‍പ്പന്നങ്ങള്‍ക്കും വേണ്ടി ശ്രീനി ഫാംസ് എന്ന പേരില്‍ ഒരു കമ്പനിയും നടത്തുന്നുണ്ട്. ഇപ്പോഴിതാ ശ്രീനി ഫാംസ് എന്ന ശ്രീനിവാസന്‍റെ കമ്പനിയുടെ പേരില്‍ വ്യാജന്‍മാര്‍ വിപണയില്‍ സജീവമായതിനെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് ജാഗ്രത നല്‍കുകയാണ് താരം. വിദേശത്ത് ശ്രീനിവാസന്‍റെ ജൈവ തോട്ടത്തില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ എന്ന രീതിയില്‍ ചിലര്‍ വ്യാജപ്രചരണം നടത്തി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ശ്രീനിവാസന്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.
-
ഞാൻ വിത്ത് വിതയ്ക്കുന്നതിനു മുൻപ് വിളവെടുക്കല്ലേ സുഹൃത്തുക്കളെ.... സമൂഹ മാധ്യമങ്ങളിൽ മുൻപ് പ്രസിദ്ധപ്പെടുത്തിയ പ്രകാരം...
Posted by Sreenivasan Pattiam on Friday, 13 November 2020
'ജൈവ കർഷകർക്ക് ന്യായവില, വിഷരഹിത ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പാദനം, വിപണനം, ജൈവ കൃഷി രീതികളുടെ പ്രചാരണം തുടങ്ങിയവയാണ് ഞങ്ങൾ ലക്ഷ്യമാക്കുന്നത്. ഇതിനിടെ എന്‍റെ അറിവോ സമ്മതമോ കൂടാതെ... എന്‍റെ പേരും ഫോട്ടോയും ഉപയോഗിച്ച് കൊണ്ടും എന്‍റെ ഉടമസ്ഥതയിലെന്ന് അവകാശപ്പെട്ടുകൊണ്ടും സമാന വസ്തുക്കളുടെ വിപണനം നടത്തുന്ന ഒന്ന് രണ്ട് സ്ഥാപനങ്ങളുടെ പരസ്യം എന്‍റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ വിദേശത്ത് പ്രത്യേകിച്ച് ഗൾഫിൽ എന്‍റെ ജൈവ തോട്ടത്തിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾ എന്ന രീതിയിൽ മാർക്കറ്റ് ചെയ്യുന്നതും അവിടത്തെ ചില സുഹൃത്തുക്കൾ വിളിച്ചറിയിച്ചിരിക്കുന്നു. ഞാൻ വിത്ത് വിതയ്ക്കുന്നതിന് മുമ്പ് വിളവ് കൊയ്യുന്ന അവരുടെ കഴിവിൽ ഞാൻ ഞെട്ടിയിരിക്കുകയാണ്. ഈ കപട പ്രചാരണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഈ പരസ്യം ഉടൻ പിൻവലിച്ച് ഖേദം പ്രകടിക്കാത്ത പക്ഷം തക്കതായ നിയമ നടപടികളുമായി ശ്രീനി ഫാംസ് മുന്നോട്ടുപോകുമെന്നു ഇതിനാൽ മുന്നറിയിപ്പ് നൽകുന്നു...' ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു.