ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ 'ലവ് ജിഹാദി'നെതിരെയുള്ള നിയമത്തിന് രൂക്ഷവിമര്‍ശനവുമായി തെന്നിന്ത്യൻ താരം സിദ്ധാര്‍ഥ്. പ്രായപൂർത്തിയായ ഒരു പെൺകുട്ടി ആരെ വിവാഹം കഴിക്കണമെന്നത് തീരുമാനിക്കാൻ ഈ അധികാരികൾ ആരെന്നും രക്തബന്ധമുള്ളവർ തമ്മിലുള്ള ബന്ധത്തിലൂടെ ജനിച്ചവരാണ് ലവ് ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നതെന്നും നടൻ ട്വിറ്ററിലൂടെ പരിഹസിച്ചു.
"അച്ഛാ, ഞാന്‍ ഈ ഇയാളെ സ്നേഹിക്കുന്നു. എനിക്ക് അവനെ വിവാഹം കഴിക്കണം.
അയാള്‍ നമ്മുടെ സമൂഹത്തിൽ നിന്നുള്ളവനാണോ?
അല്ല. കുഴപ്പമില്ല, പ്രായപൂര്‍ത്തിയായ നിങ്ങളുടെ സ്നേഹത്തെ ഞാന്‍ അംഗീകരിക്കുന്നു. നിങ്ങള്‍ക്ക് എന്‍റെ അനുഗ്രഹങ്ങള്‍. നമുക്ക് ജില്ലാ മജിസ്‌ട്രേറ്റിന് അടുത്തുപോയി പോയി അനുമതി വാങ്ങാം. ദയവായി ഒരു ഊബര്‍ വിളിക്കൂ.
പുതിയ ഇന്ത്യ. ലവ് ജിഹാദ് എന്ന വാക്കുപയോഗിക്കുന്നത് ഇന്‍ബ്രെഡുകളാണ്," എന്ന് സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു
മതംമാറ്റം നിരോധിക്കുന്ന ഇത്തരം നിയമങ്ങൾ വഴി നമ്മൾ എന്ത് ചെയ്യണമെന്നതും അവരാണ് തീരുമാനിക്കുന്നതെന്നും കഴിക്കാനും സംസാരിക്കാനും പാടാനും തുടങ്ങി എന്തിനും അവരുടെ അനുമതി വേണമെന്നും താരം ട്വീറ്റിലൂടെ രൂക്ഷമായി വിമർശിച്ചു.
"പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കാന്‍ അവര്‍ ആര്? അവരുടെ നിയമത്തിന് കീഴിൽ, ആര്‍ക്കും ഒന്നും ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ല. എന്ത് കഴിക്കുക, എന്ത് പറയുക, എന്ത് പാടുക, എന്ത് എഴുതുക, എന്ത് പഠിക്കുക, കല്യാണം കഴിക്കുക എല്ലാം എങ്ങനെ ചെയ്യണമെന്നതിൽ അവര്‍ വ്യക്തമായി പറഞ്ഞു തരും," യുപി സർക്കാരിനെതിരെ സിദ്ധാർഥ് വിമർശനം ഉന്നയിച്ചുകൊണ്ട് സിദ്ധാര്‍ഥ് കുറിച്ചു.