മലയാളികള്‍ നായകനൊപ്പം തന്നെ ഹൃദയത്തില്‍ സ്ഥാനം നല്‍കിയിരിക്കുന്ന ചില ഉശിരന്‍ വില്ലന്‍ കഥാപാത്രങ്ങളുണ്ട്... ആ കഥാപാത്രങ്ങള്‍ അനശ്വരമാക്കിയ നടന്മാരോടും സിനിമാപ്രേമികള്‍ക്ക് വല്ലാത്ത സ്നേഹമാണ്... നെടുനീളന്‍ ഡയലോഗുകള്‍ അതിഗംഭീരമായി നായകനോടൊപ്പം തന്നെ അവതരിപ്പിച്ച് കയ്യടി വാങ്ങിയ അത്തരം ചില വില്ലന്മാരില്‍ ഒരാളായിരുന്നു ഷമ്മി തിലകന്‍. വെള്ളിത്തിരയില്‍ ശബ്ദം കൊണ്ടും ഭാവം കൊണ്ടും വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നടന്‍. അഭിനയത്തിന്‍റെ പെരുന്തച്ചനായ തിലകന്‍റെ മകന്‍ കൂടിയായ ഷമ്മി ഒരു നര്‍ത്തകനാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ വിശ്വസിക്കണം.... കാരണം ഷമ്മി തിലകന്‍ നല്ലൊരു നര്‍ത്തകന്‍ കൂടിയാണ്. ആര്‍ക്കും അറിയാതിരുന്ന ഈ രഹസ്യം നടന്‍ തന്നെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. അമ്മ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പാദങ്ങളില്‍ നമസ്കരിച്ച് അരങ്ങേറ്റം നടത്തുന്നതടക്കമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഷമ്മിയുടെ സര്‍പ്രൈസ്.
ബലരാമന് ഇങ്ങനൊരു മുഖമോ...? നേരത്തെ പറയാമായിരുന്നില്ലേയെന്ന് ഷമ്മിയോട് ആരാധകര്‍ - Actor Shammi Thilakan
അമ്മ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പാദങ്ങളില്‍ നമസ്കരിച്ച് അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഷമ്മിയുടെ വെളിപ്പെടുത്തല്‍
ഇങ്ങനെയൊരു മുഖം ഷമ്മിക്ക് ഉണ്ടെന്ന് വിശ്വസിക്കാനാകുന്നില്ല എന്നാണ് ആരാധകരുടെ കമന്‍റുകള്‍. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടുള്ള മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്. തനിക്ക് നൃത്തം മാത്രമല്ല, ചിത്ര രചനയും, മൃദംഗവും ഗിറ്റാറുമൊക്കെ വശമാണെന്നും ഷമ്മി കമന്‍റിന് മറുപടി നല്‍കി.
ഈ ചിത്രങ്ങള്‍ കണ്ടിട്ട് ഒരു പ്രമുഖ സംവിധായകന്‍റെ ചിത്രത്തില്‍ താങ്കള്‍ക്ക് അവസരം ലഭിക്കട്ടെയെന്നും ചില ആരാധകര്‍ ആശംസിച്ചിട്ടുണ്ട്. 'ഹരിഹരന്‍ സാര്‍ സംവിധാനം ചെയ്യുവാന്‍ പോകുന്ന കുഞ്ചന്‍ നമ്പ്യാര്‍ ചെയ്യാന്‍ ഞാന്‍ ഒത്തിരി ആഗ്രഹിക്കുന്നു. ഒരിക്കല്‍ അദ്ദേഹത്തെ വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു..' എന്നായിരുന്നു നടന്‍ കമന്‍റിന് നല്‍കി മറുപടി.