തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് ഷാജു ശ്രീധറും ഭാര്യ ചാന്ദ്നിയും. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് ഇരുവരുടെയും മൂത്തമകള്‍ നന്ദനയും അഭിനയത്തിലേക്ക് കടക്കുകയാണ്. മൂത്തമകള്‍ ആദ്യമായി നായിക വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ പൂജ വിശേഷങ്ങളും സിനിമയുടെ മോഷന്‍ പോസ്റ്ററും ഷാജു ശ്രീധര്‍ സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചു.
ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡേര്‍ഡ് ടെന്‍ ഇ 99 ബാച്ച് എന്ന ചിത്രത്തിലാണ് നന്ദന നായികയാകുന്നത്. സിനിമയുടെ പൂജ ചടങ്ങില്‍ നടന്‍ ദിലീപ് മുഖ്യാതിഥിയായിരുന്നു. ചിത്രത്തില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാര്‍ഥിയുടെ വേഷത്തിലാണ് നന്ദന എത്തുന്നത്. പാലക്കാട് മേഴ്‌സി കോളജില്‍ ബിഎസ്‌സി ബയോടെക്നോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ഇപ്പോള്‍ നന്ദന. പഠനകാലത്ത് കലാരംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭ കൂടിയാണ് നന്ദന. ഷാജുവിന്‍റെ ഇളയ മകള്‍ നീലാഞ്ജന അയ്യപ്പനും കോശിയും, ബ്രദേഴ്‌സ് ഡേ, കിംഗ് ഫിഷ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഒരു സ്‌കൂളും വിദ്യാര്‍ഥികളും അവരുടെ ലോകവുമാണ് സ്റ്റാന്‍ഡേഡ് ടെന്‍ ഇ 99 ബാച്ച് എന്ന ചിത്രത്തിന്‍റെ പ്രമേയം. സലിം കുമാര്‍, ചിന്നു കുരുവിള എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. സിനിമയുടെ ചിത്രീകരണം നവംബര്‍ 26ന് കോട്ടയത്ത് ആരംഭിക്കും. നടന്‍ ആന്‍റണി വര്‍ഗീസ്, സംവിധായകരായ മാര്‍ത്താണ്ഡന്‍, ബോബന്‍ സാമുവേല്‍, സന്ദീപ് സേനന്‍, ബി.സി നൗഫല്‍, ബിജുക്കുട്ടന്‍ തുടങ്ങിയവരും പൂജയില്‍ പങ്കെടുത്തു.