കഴിഞ്ഞ ദിവസമായിരുന്നു നടൻ നീരജ് മാധവിന്‍റെ പിറന്നാൾ. ഇത്തവണത്തെ ജന്മദിനാഘോഷം നീരജിന് പുതിയൊരു അനുഭവമായിരുന്നു. നടൻ അച്ഛനായതിന് ശേഷമുള്ള ആദ്യ ജന്മദിനം. കഴിഞ്ഞ മാസമാണ് നീരജിനും ഭാര്യ ദീപ്തിക്കും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന സന്തോഷവാർത്ത നീരജ് മാധവ് തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ഇപ്പോഴിതാ, കുഞ്ഞിനൊപ്പമുള്ള തന്‍റെ പിറന്നാൾ ദിവസത്തിലെ ചിത്രങ്ങളാണ് നീരജ് മാധവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
"ഒരു പിതാവായ ശേഷമുള്ള ആദ്യ ജന്മദിനം, എന്ത് അവിശ്വസനീയമായ വികാരം!" എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. ഇതാദ്യമായാണ് താരം കുഞ്ഞിന്‍റെ ചിത്രങ്ങൾ പുറത്തുവിടുന്നത്. എന്നാൽ, കുഞ്ഞിന്‍റെ മുഖം കാണിച്ചിട്ടില്ല. 2018 ഏപ്രിലിലായിരുന്നു ഏറെ നാളത്തെ പ്രണയത്തിന് ശേഷം നീരജ് മാധവും ദീപ്തിയും തമ്മിൽ വിവാഹിതരായത്.
നടനായും നൃത്തസംവിധായകനായും മലയാളത്തിൽ തിളങ്ങിയ നീരജിന്‍റെ ലോക്ക് ഡൗൺ കാലത്ത് പുറത്തിറക്കിയ "പണിപാളി" പോലുള്ള റാപ്പ് ഗാനങ്ങൾ വലിയ പ്രതികരണം നേടി. മലയാളത്തിന് പുറമെ ഹിന്ദിയിലും താരം സാന്നിധ്യമറിയിച്ചു കഴിഞ്ഞു. മനോജ് ബാജ്‌പേയിയുടെ ദി ഫാമിലി മാൻ സീരീസിലൂടെയായിരുന്നു നീരജ് മാധവ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.