മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും ശ്രദ്ധേയനായ നടനാണ് നീരജ് മാധവ്. താരത്തിന്‍റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയിരിക്കുകയാണ്. തനിക്ക് ഒരു പെൺകുഞ്ഞ് പിറന്നെന്ന സന്തോഷവാർത്ത നീരജ് മാധവ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു. കോഴിക്കോടുകാരിയായ ദീപ്തി ജനാർദ്ദനനും നീരജും തമ്മിൽ 2018 ഏപ്രിൽ രണ്ടിനാണ് വിവാഹിതരാകുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് നീരജും ദീപ്തിയും തമ്മിൽ വിവാഹിതരായത്.
മലയാള സിനിമയിൽ കോമഡി വേഷങ്ങളിലും സഹനടനായും നായകനായും തിളങ്ങിയ താരം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നൃത്തസംവിധായകനായി. നീരജും അജു വർഗീസും പ്രധാന കഥാപാത്രങ്ങളായ ലവകുശയുടെ തിരക്കഥ ഒരുക്കിയതും നീരജ് മാധവാണ്. ലോക്ക് ഡൗൺ കാലത്ത് നീരജ് ഒരുക്കിയ 'പണിപാളി' എന്ന മ്യൂസിക് വീഡിയോ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. ജനശ്രദ്ധ നേടിയ ദി ഫാമിലി മാൻ എന്ന വെബ് സീരീസിലൂടെ ബോളിവുഡിലും യുവതാരം ചുവട് വച്ചു കഴിഞ്ഞു.