ഇന്ന് ജനത കര്‍ഫ്യുവിലാണ് രാജ്യം. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത കര്‍ഫ്യുവിന് ഇന്ത്യാമഹാരാജ്യം വലിയ പിന്തുണയാണ് നല്‍കിയത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ശേഷം നിരവധി സിനിമാതാരങ്ങളും സമൂഹിക-സാംസ്കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖരും തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ജനത കര്‍ഫ്യു പാലിക്കുന്ന സമയത്ത് കൊവിഡിനെ നേരിടാന്‍ നിസ്വാര്‍ഥ സ്നേഹവും പരിചരണവുമായി രംഗത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനായി പാത്രങ്ങള്‍ തമ്മിലടിച്ചോ കൈകൊട്ടിയോ ശബ്ദമുണ്ടാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലുണ്ടാക്കുന്ന ശബ്ദം വലിയൊരു മന്ത്രമാണെന്നും ശബ്ദമുണ്ടാക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചുപോകുമെന്നും നടന്‍ മോഹന്‍ലാല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയോട് ട്രോളിലൂടെ പ്രതികരിക്കുകയാണ് സോഷ്യല്‍ മീഡിയ. വളരെ വിചിത്രമാണ് നടന്‍റെ കാഴ്ചപ്പാടെന്നാണ് നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ആ ശബ്ദത്തില്‍ ബാക്ടീരിയയും വൈറസും നശിക്കും; മോഹന്‍ലാലിന് ട്രോൾ മഴ
പാത്രങ്ങള്‍ കൊട്ടിയും കൈകള്‍ അടിച്ചും ഉണ്ടാക്കുന്ന ശബ്ദം ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചുപോകാന്‍ സഹായിക്കുമെന്നാണ് നടന്‍ മോഹന്‍ലാല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്
'അഞ്ച് മണിക്ക് ക്ലാപ് ചെയ്യുന്നത് വലിയൊരു പ്രോസസാണ്. ആ ശബ്ദമെന്ന് പറയുന്നത് വലിയൊരു മന്ത്രമാണ്. അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ചുപോകട്ടെ. എല്ലാവരും സഹകരിക്കണം....' മോഹന്‍ലാല്‍ പറഞ്ഞു. രോഗത്തെ പ്രതിരോധിക്കാന്‍ കാലാവസ്ഥ സഹായിക്കുമെന്നും താരം പറയുന്നുണ്ട്.
കൊവിഡിനെ പ്രതിരോധിക്കാന്‍ ശാസ്ത്രീയതയില്‍ ഊന്നി മുന്നോട്ട് പോകുമ്പോള്‍ ഇത്തരത്തിലുള്ള അശാസ്ത്രീയത പ്രചരിപ്പിക്കാന്‍ എങ്ങനെയാണ് സാധിക്കുന്നതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. ഇപ്പോള്‍ ചെന്നൈയിലെ വീട്ടിലാണ് താരം. 'മദ്രാസിലെ വീട്ടിലായാലും പുറത്തുപോകാതെ ഇരിക്കുകയാണ്. എക്‌സ്ട്രാ കെയര്‍ എടുക്കേണ്ട സമയമാണ്. കാരണം നമുക്ക് ശീലമില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. ശീലമാക്കണം. മഹാരോഗത്തെ ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ സഹകരിക്കുകയെന്നത് ഒരു പൗരന്‍ എന്ന നിലയില്‍ നമ്മുടെ ധര്‍മമാണ്' മോഹന്‍ലാല്‍ പറഞ്ഞു.