സംഗീതാസ്വാദകരെയും സിനിമാപ്രേമികളെയും ഒരു പോലെ സങ്കടപ്പെടുത്തുകയാണ് ഇന്ത്യയിലെ സംഗീത വിസ്മയങ്ങളില്‍ ഒന്നായ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ വഷളായ ആരോഗ്യസ്ഥിതി. കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം ദിവസങ്ങളായി ചെന്നൈയിലെ ആശുപത്രിയിലെ വെന്‍റിലേറ്ററിലാണ്. അദ്ദേഹത്തിന്‍റെ പെട്ടന്നുള്ള തിരിച്ചുവരവിനായി സിനിമാലോകം കഴിഞ്ഞ ദിവസം കൂട്ടപ്രാര്‍ഥനയും സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ നടന്‍ മമ്മൂട്ടി എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ സൗഖ്യത്തിനായി പ്രാര്‍ഥിക്കുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്. സര്‍വശക്തന്‍ അദ്ദേഹത്തെ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെ എത്തിക്കട്ടെയെന്നും മമ്മൂട്ടി കുറിച്ചു.
എസ്.പി.ബിക്കായി പ്രാര്‍ഥനയോടെ മമ്മൂട്ടിയും - എസ്.പി.ബി
എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ സൗഖ്യത്തിനായി പ്രാര്‍ഥിക്കുന്നുവെന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്

'എസ്.പി ബാലസുബ്രഹ്മണ്യം സാറിന്‍റെ വേഗത്തിലുള്ള തിരിച്ചുവരവിനായി ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. സ്വാതികിരണം, അഴകന്‍ എന്നീ രണ്ട് സിനിമകളില്‍ അദ്ദേഹം പാടിയ പാട്ടുകളില്‍ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സര്‍വശക്തന്‍ അദ്ദേഹത്തെ പഴയ അവസ്ഥയിലേക്ക് മടക്കി കൊണ്ടുവരട്ടെ. കാലാതിവര്‍ത്തിയായ ഒട്ടേറെ ഗാനങ്ങളും സംഗീതപരിപാടികളും ഇനിയും നമുക്ക് ലഭിക്കട്ടെ' ഇതായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്. കഴിഞ്ഞ 13ആണ് എസ്.പി.ബിയുടെ ആരോഗ്യനില വഷളായത്. ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം.