മലയാള സിനിമയ്‌ക്ക് എക്കാലത്തേക്കും ഉണ്ടായ വലിയൊരു നഷ്മായിരുന്നു നടന്‍ കലാഭവന്‍ മണിയുടെ മരണം. സിനിമാപ്രേമികള്‍ നിനച്ചിരിക്കാതെ.... ചെവിയിലേക്കെത്തിയ വിയോഗം... എല്ലാവര്‍ക്കും തങ്ങളുടെ വീട്ടിലെ ഒരു കുടുംബാംഗമായിരുന്നു കലാഭവന്‍ മണി... അതുകൊണ്ടുതന്നെ ആ മരണം മലയാളികളെ അല്ലെങ്കില്‍ സിനിമാപ്രേമികളെ ഒന്നാകെ ഉലച്ചിരുന്നു. ഒരു സിനിമാ നടന്‍റെ നിര്യാണം എന്നതിലുപരി തങ്ങളുടെ ആരോ അകാലത്തില്‍ വിട്ടുപോയ വേദനയായിരുന്നു എല്ലാവര്‍ക്കും. ഇന്നും മണിയുടെ വിയോഗം ഉള്‍ക്കൊള്ളാന്‍ മലയാളിക്ക് സാധിച്ചിട്ടില്ല... കാരണം നമ്മളില്‍ ഒരാളായിരുന്നു ജീവിച്ചിരുന്ന നാളുകളില്‍ മണി.... ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്‍റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം കസറുകയും അവരുടെയും പ്രിയങ്കരനായി തീരുകയും ചെത് നടനാണ്. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്‌താണ് മണി താരമായത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്....
ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി മിമിക്രി രംഗത്ത് ശ്രദ്ധേയനായി പിന്നീട് സിനിമയിലെത്തി.... മണി ചുരുങ്ങിയ സമയംകൊണ്ടാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും വ്യത്യസ്‌തത നിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. സിബി മലയിലിന്‍റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനിയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്‍റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകര്‍ മണിയെ തേടിയെത്തി. ഉദ്യാനപാലകന്‍, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളില്‍ സീരിയസ് വേഷമായിരുന്നു. വിനയന്‍ എന്ന സംവിധായകനാണ് കലാഭവന്‍ മണിയെ നായകനിരയിലേക്കുയര്‍ത്തിയത്. വിനയന്‍ സംവിധാനം ചെയ്‌ത വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ മണി നായകനായി. അന്ധഗായകനായ രാമു എന്ന കഥാപാത്രം സിനിമാ പ്രേക്ഷകര്‍ സ്വീകരിച്ചതോടെ മണിയുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടായി. നടന്‍ എന്നതിനൊപ്പം നല്ല ഗായകന്‍ കൂടിയാണ് കലാഭവന്‍ മണി. നാടന്‍ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല. സ്റ്റേജ് ഷോകളില്‍ മണി പാടിയും ആടിയും സദസിനെ ഇളക്കി മറിച്ചു. ഒരുപാട് സിനിമകളിലെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. ദേശീയ പുരസ്‌കാരം മുതല്‍ ഇങ്ങോട്ട് നിരവധി അവാര്‍ഡുകളും മണിയെ തേടിയെത്തി. കഥാപാത്രങ്ങളിലൂടെയും വര്‍ത്തമാനങ്ങളിലൂടെയും മണി പ്രേക്ഷകരില്‍ സമ്മാനിച്ച അടുപ്പത്തിന്‍റെ ആഴം കാലം എത്ര കടന്നാലും മാഞ്ഞുപോകുന്നേയില്ല.