നടന്‍, ഗായകന്‍, ഗാന രചയിതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ഹോളിവുഡില്‍ പ്രശസ്തനായ താരമാണ് ജേര്‍ഡ് ലെറ്റോ. തന്‍റെ ആദ്യ ഓസ്‌കര്‍ ട്രോഫി നഷ്ടപ്പെട്ടതായി വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ ജേര്‍ഡ് ലെറ്റോ. മൂന്ന് വര്‍ഷമായി ഓസ്‌കര്‍ ട്രോഫി കാണാനില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് താരം വെളിപ്പെടുത്തി. 2014 ആണ് ജേര്‍ഡ് ലെറ്റോയെ തേടി ആദ്യ ഓസ്‌കര്‍ എത്തിയത്. ഡാലസ് ബയേര്‍സ് ക്ലബ്ബ് എന്ന സിനിമയിലെ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
തന്‍റെ ആദ്യ ഓസ്‌കര്‍ ട്രോഫി മൂന്ന് വര്‍ഷമായി കാണാനില്ലെന്ന് നടന്‍ ജേര്‍ഡ് ലെറ്റോ - നടന്‍ ജേര്‍ഡ് ലെറ്റോ
2014 ആണ് ജേര്‍ഡ് ലെറ്റോയെ തേടി ആദ്യ ഓസ്‌കര്‍ എത്തിയത്. ഡാലസ് ബയേര്‍സ് ക്ലബ്ബ് എന്ന സിനിമയിലെ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്
'മൂന്ന് വർഷമായി എന്‍റെ ഓസ്‌കര്‍ ട്രോഫി കാണാനില്ല. എവിടെയെങ്കിലും ആകാം... എവിടെയായിരുന്നാലും അത് നല്ല ഏതെങ്കിലും കൈകളിലായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...' ലെറ്റോ പറഞ്ഞു. അവാര്‍ഡ് മോഷ്‌ടിക്കപ്പെട്ടതാണോയെന്ന് സംശയമുള്ളതായും താരം പറഞ്ഞു. ഓസ്‌കര്‍ ആരും മനപൂര്‍വമായി ചവറ്റ് കുട്ടയിലേക്ക് എറിയില്ലെന്നും ലെറ്റോ പറഞ്ഞു. ഓസ്‌കര്‍ ലഭിച്ച രാത്രി പോലും പലരുടെയും കൈകളിലായിരുന്നു തന്‍റെ ട്രോഫിയെന്നും തനിക്ക് അന്ന് ആ ട്രോഫി ശരിയായി കാണാന്‍ പോലും സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌കറിന് പുറമെ ഡാലസ് ബയേര്‍സ് ക്ലബ്ബ് ചിത്രത്തിലെ അഭിനയത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം അടക്കം മറ്റ് നിരവധി അംഗീകാരങ്ങളും ജേര്‍ഡ് ലെറ്റോയ്‌ക്ക് ലഭിച്ചിട്ടുണ്ട്. പതിമൂന്നര ഇഞ്ച് പൊക്കവും നാല് കിലോയോളം തൂക്കവുമുള്ളതാണ് ഓസ്‌കര്‍ ട്രോഫി. വെങ്കലത്തിൽ നിർമിച്ച് 24 കാരറ്റ് സ്വർണവും പൂശിയെടുക്കുന്നതാണ് ശിൽപം. അവസാന നിമിഷം വരെ വിജയികളുടെ എണ്ണം കൃത്യമായി അറിയാനാകാത്തതിനാൽ ഓസ്‌കര്‍ ചടങ്ങിന് എത്തിക്കുന്ന ശിൽപങ്ങളുടെ എണ്ണത്തിലും മാറ്റമുണ്ടാകും. ഏകദേശം 50 ശിൽപങ്ങളെത്തിച്ച് മിച്ചം വരുന്നവ അടുത്ത വർഷത്തേക്ക് രഹസ്യഅറയിൽ സൂക്ഷിക്കുന്നതാണ് പുരസ്‌കാരം സമ്മാനിക്കുന്ന അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്‌സ് ആൻഡ് സയൻസസിന്‍റെ പതിവ്.