നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മലയാളത്തിലെ ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് ഇന്ദ്രജിത്ത്. താരമിന്ന് നാല്‍പ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. തെന്നിന്ത്യയില്‍ നിന്ന് നിരവധി താരങ്ങളും, പ്രിയ പത്നി പൂര്‍ണ്ണിമയും ഇന്ദ്രജിത്ത് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. പൂര്‍ണ്ണിമ തന്‍റെ നല്ല പാതിക്ക് ഹൃദയത്തില്‍ തൊടുന്ന വാക്കുകളിലൂടെയാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. '40കളിലേക്ക് സ്വാഗതം പങ്കാളി. നീ നിന്‍റെ പുതിയ ഇരുപതുകളിൽ ജീവിക്കാൻ തുടങ്ങുമ്പോൾ ഒരു കാര്യം പറയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഭർത്താവായും അച്ഛനായും സുഹൃത്തായും നീ ഏറ്റവും മികച്ച് തന്നെ നിൽക്കുന്നു. പിറന്നാൾ ആശംസകൾ... പ്രിയപ്പെട്ട ഭർത്താവിന്'. കുടുംബത്തോടൊപ്പമുള്ള ഇന്ദ്രജിത്തിന്‍റെ കുസൃതി നിറഞ്ഞ വീഡിയോകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പൂര്‍ണ്ണിമ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മകൾ പ്രാർഥനയും അനുജനും നടനുമായ പൃഥ്വിരാജും അടുത്ത സുഹൃത്തും സംവിധായികയുമായ ഗീതു മോഹൻദാസും ടൊവിനോ തോമസുമെല്ലാം ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ് ഇന്ദ്രജിത്ത് എന്നാണ് പ്രാർഥന കുറിച്ചത്.
പിറന്നാള്‍ നിറവില്‍ മലയാളത്തിന്‍റെ ഇന്ദ്രന്‍; ആശംസകളുമായി സിനിമാലോകം - ഇന്ദ്രജിത്ത് പിറന്നാള്‍
ഭാര്യ പൂര്‍ണ്ണിമയും മകൾ പ്രാർഥനയും അനുജനും നടനുമായ പൃഥ്വിരാജും ഗീതു മോഹൻദാസും ടൊവിനോ തോമസുമെല്ലാം ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്
1986ല്‍ പുറത്തിറങ്ങിയ പടയണി എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഇന്ദ്രജിത്ത് വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് 2002ല്‍ പുറത്തിറങ്ങിയ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. റിലീസിനൊരുങ്ങുന്ന വെബ്‌സീരീസ് ക്വീന്‍ അടക്കം തൊണ്ണൂറോളം സിനിമകളില്‍ ഇന്ദ്രജിത്ത് ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. നല്ലൊരു ഗായകന്‍ കൂടിയാണ് ഇന്ദ്രജിത്ത്.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി റിലീസിനൊരുങ്ങുന്ന വെബ്സീരിസ് ക്വീനില്‍ എം.ജി.ആറിന്‍റെ വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. രമ്യ കൃഷ്ണനാണ് ജയലളിതയായി വേഷമിടുന്നത്. വെബ് സീരിസിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ ഏറെ പ്രശംസകള്‍ പ്രേക്ഷകരില്‍ നിന്നും ലഭിച്ചതും ഇന്ദ്രജിത്തിന്‍റെ എം.ജി.ആര്‍ ഗെറ്റിപ്പിനായിരുന്നു. ഗൗതം വാസുദേവ് മേനോനാണ് ക്വീനിന്‍റെ സംവിധായകന്‍.