കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്‍റെ മാത്രമല്ല ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചുവെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. 'വീണുപോകുമ്പോൾ കൈ പിടിക്കുന്നവനേയാണ് സുഹൃത്ത്, സഹോദരൻ, നേതാവ്, സഖാവ്, മനുഷ്യൻ എന്നൊക്കെ പറയുക... ഈ കെട്ട കാലത്ത് നിങ്ങൾ കേരളത്തിന്‍റെ മാത്രം നേതാവല്ല... ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... ഇങ്ങനെ ഒരു കോരന്‍റെ മകനെ തന്നെയാണ് ഇന്ത്യ കാത്തിരിക്കുന്നത്...' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫോട്ടോക്കൊപ്പം ഹരീഷ് കുറിച്ചത്.
വാക്‌സിന്‍ സ്വന്തമായി പണം മുടക്കി വാങ്ങണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചതിന് പിന്നാലെയാണ് എന്തുവന്നാലും കേരളത്തിൽ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ളവരും സാധാരണക്കാരും യാതൊരു മുന്നറിയിപ്പുമില്ലാതെ സഹായം നല്‍കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സംഭാവനയായി എത്തിയത് ഒരു കോടിയിലധികം രൂപയാണ്. കേന്ദ്രസർക്കാരിന്‍റെ വാക്‌സിന്‍ നയത്തിനെതിരെയുള്ള പ്രതിഷേധമായും വാക്‌സിന്‍ സൗജന്യമായി നൽകുന്നതിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന കടബാധ്യത മുന്‍നിര്‍ത്തിയുമാണ് ആളുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നത്. നാളെ പൈസ ഇല്ലാത്തത് കൊണ്ട് കേരളത്തിൽ ഒരാൾക്ക് പോലും വാക്‌സിൻ കിട്ടാതെ വരരുതെന്നാണ് സംഭാവന നൽകുന്നവർ പറയുന്നത്. സംഗീത സംവിധായകൻ ഗോപി സുന്ദർ ഉൾപ്പെടെയുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്‌തിരുന്നു. രണ്ട് ഡോസ് വാക്‌സിന്‍ തുകയായ 800 രൂപ സംഭാവന ചെയ്യണമെന്ന് പറഞ്ഞുകൊണ്ടാണ് കാമ്പയിൻ ആരംഭിച്ചത്. വാക്‌സിന്‍ പൊതുവിപണിയില്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും വാക്‌സിന്‍ വിതരണത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി പിന്‍വാങ്ങുകയും ചെയ്‌തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
Also read: 'ലാലേട്ട'ന്‍റെ ജൈവ പച്ചക്കറിത്തോട്ടത്തിലൂടെ ഒരു സഞ്ചാരം...