അടുത്തിടെ തമിഴില്‍ റിലീസ് ചെയ്‌ത രണ്ട് ചിത്രങ്ങളാണ് ധനുഷ് ചിത്രം കര്‍ണനും യോഗി ബാബു ചിത്രം മണ്ടേലയും. വ്യക്തമായ രാഷ്ട്രീയം പറഞ്ഞ സിനിമയെ പ്രശംസിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. 'സത്യത്തിന്‍റെ രാഷ്ട്രീയത്തിന് കുടിവെള്ളം കിട്ടിയത് പോലെ.....' എന്നാണ് സിനിമയെ കുറിച്ച് ഹരീഷ് പേരടി കുറിച്ചത്. 'സ്വന്തം ഭാഷയിലെ ദലിത് വിരുദ്ധത കണ്ട് തളര്‍ന്നിരിക്കുമ്പോഴാണ് മണ്ഡേലയും, കര്‍ണനും കണ്ടത്. സത്യത്തിന്‍റെ രാഷ്ട്രീയത്തിന് കുടിവെള്ളം കിട്ടിയത് പോലെ... തമിഴന്‍ രാഷ്ട്രീയം പറയുമ്പോള്‍ അങ്ങിനെയാണ്.... വരണ്ട തൊണ്ടകള്‍ നനഞ്ഞ് തുടങ്ങും. എന്നിലെ പ്രേക്ഷകന്‍ ഒറ്റക്കിരുന്ന് കൈയ്യടിച്ചു... വിസിലടിച്ചു.... കരഞ്ഞു.... മണ്ഡേലയും കര്‍ണനും ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്....' എന്നായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം.
കഴിഞ്ഞ ദിവസമാണ് കര്‍ണന്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‌തത്. ദലിത് രാഷ്ട്രീയമാണ് ചിത്രം പറയുന്നത്. ഉന്നത സമുദായക്കാരന്‍റെ പേര് സ്വന്തം മക്കള്‍ക്കിട്ടതിന്, തലകുനിക്കാതെ സംസാരിച്ചതിന്, നേരിട്ട അനീതികളെ ചോദ്യം ചെയ്‌തതിന്, ഭരണം കൈയാളുന്ന ഉന്നതരാല്‍ വേട്ടയാടപ്പെട്ട മാനുഷിക പരിഗണന പോലും ലഭിക്കാറില്ലാത്ത ഒരു ജനതയുടെ കഥയാണ് കര്‍ണന്‍ പറഞ്ഞത്. തമിഴ് നാടിന്‍റെ ആത്മാവായ പൊടിയംകുളം എന്ന ഈ ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് സിനിമ കഥ പറയുന്നത്. മാരി സെല്‍വരാജ് സംവിധാനം ചെയ്‌ത സിനിമയില്‍ ധനുഷായിരുന്നു നായകന്‍. രജിഷ വിജയന്‍, ലാല്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.