മലയാളത്തിലെ കഴിവുറ്റ നടന്മാരുടെ പട്ടികയില്‍ ഇടംനേടിയ ജനപ്രിയ നായകന്‍ ദിലീപ് അമ്പത്തിരണ്ടിന്‍റെ നിറവില്‍. മിമിക്രി താരമായി കരിയർ ആരംഭിച്ച താരം പിന്നീട് സംവിധാന സഹായിയായി തുടർന്ന് ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പിന്നാലെ നായകനായി മലയാളികളുടെ മനസ് കവർന്നു. ഇപ്പോൾ മലയാളത്തിന്‍റെ ജനപ്രിയനായകനായി. 1968 ഒക്ടോബര്‍ 27നാണ് ആലുവക്കാരനായ പത്മനാഭന്‍ പിള്ളയുടേയും സരോജത്തിന്‍റെയും മൂത്ത മകനായി ഗോപാലകൃഷ്ണൻ പത്മനാഭന്‍ പിള്ള എന്ന ദിലീപ് ജനിക്കുന്നത്.
ഒരേ കഥാപാത്രശൈലി പിന്തുടരാതെ സ്ത്രീയായും, കുഞ്ഞിക്കൂനനായും, പച്ചക്കുതിരയായും വേഷപ്പകര്‍ച്ച നടത്തി കൈയ്യടി വാങ്ങിയ നടനാണ് ദിലീപ്. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ജനശ്രദ്ധ പിടിച്ചുപറ്റിയത്. ജോക്കറിന് ശേഷം ചിത്രങ്ങൾ ഒന്നിന് പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്‍റെ താരമൂല്യം കുതിച്ചുയർന്നു. മാനത്തെ കൊട്ടാരം മുതൽ പിന്നീട് നിരവധി ചിത്രങ്ങളിൽ നായകനായി. താരത്തിന്‍റെ നേതൃത്വത്തിലുള്ള നിര്‍മാണ കമ്പനിയാണ് ഗ്രാന്‍റ് പ്രൊഡക്ഷൻസ്. സഹോദരൻ അനൂപാണ് നിർമാണ കമ്പനിയുടെ സാരഥി. നാല് ചിത്രങ്ങൾ ഗ്രാന്‍റ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ തീയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. ഇതില്‍ മലയാളത്തിലെ വമ്പന്‍ താരനിര മുഴുവന്‍ അണിനിരന്ന ട്വന്‍റി ട്വന്‍റി മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്.