ചെന്നൈ:വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്‌ത ആഢംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പണക്കാർ നികുതി ഇളവ് തേടി എന്തിനാണ് കോടതിയെ സമീപിക്കുന്നതെന്ന് കോടതി ചോദിച്ചു.
പാൽക്കാരനും ദിവസക്കൂലിക്കാരനും നികുതി അടയ്ക്കുമ്പോൾ....
'നികുതിപ്പണം കൊണ്ട് നിർമിച്ച റോഡിലാണ് നിങ്ങൾ ആഢംബര കാർ ഓടിക്കാൻ പോകുന്നത്. പെട്രോളിന്‍റെ ഓരോ തുള്ളിക്കും സാധാരണക്കാരായ ദിവസവേതനക്കാരും പാൽക്കാരനും വരെ നികുതിപ്പണം അടയ്‌ക്കുന്നു. നികുതി ഇളവ് വേണമെന്ന് പറഞ്ഞ് ഇവരാരും ഹൈക്കോടതിയെ സമീപിച്ചിട്ടില്ല.' അവരിൽ നിന്നും ഇത്തരത്തിൽ ഒരു അപേക്ഷയും തന്‍റെ ഔദ്യോഗിക ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്നും ജസ്റ്റിസ് എസ്എം. സുബ്രഹ്മണ്യം പറഞ്ഞു.
2015ൽ ധനുഷ് നൽകിയ ഹർജിയിൽ വാദം കേൾക്കവേയാണ് കോടതി താരത്തിനെതിര രൂക്ഷവിമർശനം നടത്തിയത്. ധനുഷ് ഇതിനകം 50 ശതമാനം നികുതി അടച്ചുവെന്നും ഇപ്പോൾ ബാക്കി തുക നൽകാൻ തയ്യാറാണെന്നും അഭിഭാഷകൻ വ്യാഴാഴ്‌ച കോടതിയെ അറിയിച്ചു. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു.
എന്നാൽ, 2015 മുതൽ നിലനിൽക്കുന്ന ഹർജി പിൻവലിക്കാൻ വൈകിയതിലും ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം വിമർശനം ഉയർത്തി. 'നിങ്ങളുടെ ഉദ്ദേശ്യം യഥാർഥമാണെങ്കിൽ, 2018ൽ സുപ്രീം കോടതി പ്രശ്‌നം തീർപ്പാക്കിയതിന് ശേഷമെങ്കിലും നിങ്ങൾ നികുതി അടയ്ക്കണമായിരുന്നു. എന്നാൽ ഇപ്പോൾ ഉത്തരവ് പാസാക്കുന്നതിനായി ഹൈക്കോടതി വിഷയം പട്ടികപ്പെടുത്തിയപ്പോഴാണ് ധനുഷ് ഹർജി പിൻവലിക്കാനായി മുന്നോട്ട് വന്നത് എന്ന് കോടതി നിരീക്ഷിച്ചു.
More Read: ഇറക്കുമതി വാഹനത്തിന് നികുതിയിളവ് വേണമെന്ന് ധനുഷും കോടതിയില്‍
വെക്സേഷന്‍ ലിറ്റിഗേഷന്‍ ആക്റ്റിനെക്കുറിച്ച് അറിയാമോ എന്നും കോടതി ചോദിച്ചു. 'ഇത്തരത്തിലുള്ള തീര്‍പ്പാക്കാത്ത ഹര്‍ജികള്‍ സത്യസന്ധമായ മറ്റ് പരാതികള്‍ പരിഗണിക്കുന്നതിനുള്ള ഹൈക്കോടതിയുടെ സമയം വിനിയോഗിക്കുകയാണ്', എന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം ഓർമപ്പെടുത്തി. കൂടാതെ, അവശേഷിക്കുന്ന നികുതി വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 2.15നകം അടച്ചതിന് ശേഷം അന്തിമവിധി പറയാമെന്നും കോടതി വ്യക്തമാക്കി.