ദളപതി വിജയ്‌ക്ക് പിന്നാലെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്‌ത ആഡംബര കാറിന് കോടതിയിൽ നികുതി ഇളവ് ആവശ്യപ്പെട്ട് ധനുഷ്. 2015ൽ ധനുഷ് നൽകിയ റിട്ട് ഹർജിയിൽ മദ്രാസ് കോടതി വ്യാഴാഴ്‌ച വിധി പറയുമെന്നാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്‌ച കേസ് പരിഗണിക്കുന്നതിനായി വിളിച്ചപ്പോൾ ധനുഷിന്‍റെ ഭാഗത്തുനിന്ന് അഭിഭാഷകൻ ഹാജരായില്ല. ഇതേ തുടർന്നാണ് കേസ് വ്യാഴാഴ്‌ചയിലേക്ക് നീട്ടിവച്ചത്. വിജയ്‌യുടെ കേസ് പരിഗണിച്ച ജഡ്‌ജി എസ്.എം സുബ്രഹ്മണ്യമാണ് ധനുഷിന്‍റെ ഹർജിയും പരിഗണിക്കുന്നത്.
Also Read: ഗാർഹിക പീഡനം; ഹണി സിങ്ങിന് നോട്ടീസ് അയച്ച് ഡൽഹി കോടതി
ഇറക്കുമതി ചെയ്‌ത കാർ റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ കൊമേഴ്ഷ്യൽ ടാക്‌സ് വിഭാഗത്തിന്‍റെ നോൺ ഒബ്‌ജക്‌ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ആവശ്യപ്പെട്ടതിനെ തുടർന്നാണ് ധനുഷ് കോടതിയെ സമീപിച്ചത്.
കേസിലെ അന്തിമവിധി വ്യാഴാഴ്‌ച
എൻഒസി നൽകുന്നതിനുള്ള മുൻവ്യവസ്ഥയായി പ്രവേശന നികുതിയിലേക്ക് 60.66 ലക്ഷം രൂപ നൽകണമെന്നാണ് വാണിജ്യ നികുതി വകുപ്പ് ധനുഷിനെ അറിയിച്ചത്. 2015 ഒക്‌ടോബർ 26ന് റിട്ട് ഹർജി നൽകിയതിന് പിന്നാലെ നികുതി തുകയുടെ 50 ശതമാനം രണ്ട് ആഴ്‌ചയ്‌ക്കുള്ളിൽ അടയ്‌ക്കാൻ ധനുഷിനോട് നിർദേശിക്കണമെന്ന് ജസ്റ്റിസ് എൻ.കിരുബാകരൻ ആർടിഒക്ക് ഉത്തരവും നൽകി.
ഇറക്കുമതി വാഹനത്തിന് നികുതി ഇളവ് നൽകണമെന്ന് ധനുഷിന്‍റെ ഹർജി പിന്നീട് സമയപരിധി നീട്ടി നൽകുകയും 2015 നവംബറിൽ ധനുഷ് 30.33 ലക്ഷം രൂപ അടയ്ക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ജസ്റ്റിസ് എം. ദുരൈസ്വാമി വാഹനത്തിന്‍റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ആർടിഒയോട് നിർദേശിച്ചു. എന്നാൽ, ഇപ്പോഴും റിട്ട് ഹർജി കോടതിയുടെ പരിഗണനയിലാണ്. വ്യാഴാഴ്‌ചയാണ് ഇതിന്‍റെ അന്തിമവിധി.