ഒരു വര്‍ഷം മുമ്പ് മലയാള സിനിമാനിർമാതാവിന്‍റെ ഭാര്യയുമായുള്ള ഫോണ്‍ കോള്‍ ചോര്‍ന്നതിനെ കുറിച്ച് ഫേസ്ബുക്ക് വീഡിയോയിലൂടെ തുറന്നു സംസാരിച്ച് നടൻ ബാല. സംഭാഷണം പുറത്തുവന്നതിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും അത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇതെന്നും വിവാദങ്ങൾക്ക് പകരം സിനിമയില്‍ മുഴുകാനാണ് തന്‍റെ താല്‍പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എന്‍റെ ജീവിതത്തിന്‍റെ ഉദ്ദേശ്യം ഇതാണ്" എന്ന ക്യാപ്‌ഷനോടെയാണ് ബാല വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
വിവാദങ്ങൾക്ക് താല്‍പര്യമില്ല; ഫോണ്‍കോള്‍ ചോര്‍ന്നതിൽ വിശദീകരണവുമായി നടൻ ബാല - phone call record leaking
മലയാള സിനിമാനിർമാതാവിന്‍റെ ഭാര്യയുമായുള്ള ഫോണ്‍ കോള്‍ ചോര്‍ന്നതിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും വിവാദങ്ങളും കേസും ഉണ്ടാക്കാൻ താല്‍പര്യമില്ലാത്തതിനാലാണ് അത് പുറത്തു പറയാത്തതെന്നും നടൻ ബാല ഫേസ്‌ബുക്കില്‍ കുറിച്ചു
"രജനികാന്തിനൊപ്പം അണ്ണാത്തയിൽ ഞാനും ഭാഗമാകുന്നുണ്ട്. കൂടാതെ, കുറെ വർഷങ്ങൾക്ക് ശേഷം ഒരു മലയാള സിനിമയിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള സന്തോഷവേളയിൽ ചില വിവാദങ്ങൾ ഉയർന്നുവരികയാണ്. ഇന്നലെ രാത്രി മുതല്‍ വിവാദങ്ങള്‍ ഉണ്ടായി. ഇന്ന് രാവിലെ മുതല്‍ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു. നാലഞ്ച് മാസം മുമ്പ് എന്‍റെ വിവാഹമോചനം കഴിഞ്ഞതാണ്. എല്ലാവരും നല്ല രീതിയില്‍ മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ആവശ്യമില്ലാത്ത വിവാദങ്ങൾ, അല്ലെങ്കിൽ കേസ് നടക്കുമ്പോള്‍ സ്വയം സുരക്ഷയ്ക്കായി കോള്‍ റെക്കോര്‍ഡിങ്ങുകള്‍ ഉണ്ടാകും. എല്ലാവരുടെയും നല്ലതിന് വേണ്ടിയാണ്. ഒന്നര വര്‍ഷം മുമ്പ് നടന്ന കോള്‍ റെക്കോര്‍ഡിങ് ഇപ്പോള്‍ എന്തിന് പുറത്തുവന്നു എന്ന് എനിക്ക് മനസിലാകുന്നില്ല. എന്നെ ആരും നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. എന്‍റെ വിഐപി സുഹൃത്തുക്കളെ വിളിച്ച് ചില കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. ഇത് ശരിക്കും വേദനിപ്പിക്കുന്നതാണ്. എനിക്ക് വേണമെങ്കില്‍ പൊലീസിൽ പരാതി കൊടുക്കാമായിരുന്നു. പക്ഷേ അതെന്‍റെ രീതിയല്ല, എന്‍റെ ജീവിതമല്ല. സിനിമയില്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുകയെന്നതാണ് ലക്ഷ്യം. ആരാണ് ഇതിന്‍റെ പിന്നിലെന്ന് എനിക്ക് പിടികിട്ടി. അവരും നന്നായിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു," ബാല വീഡിയോയിൽ വ്യക്തമാക്കി. സഹോദരന്‍ ശിവ സംവിധാനം ചെയ്യുന്ന പുതിയ രജനി ചിത്രം അണ്ണാത്തയാണ് ബാലയുടെ അടുത്ത സിനിമ. മലയാളത്തിലും സൂപ്പർ താരത്തോടൊപ്പമാണ് ബാല എത്തുന്നത്. മമ്മൂട്ടി ചിത്രം ബിഗ് ബി പാര്‍ട്ട് 2വിലാണ് ബാല ഭാഗമാകുന്നത്. 2020 ഒരുപാട് നല്ല കാര്യങ്ങളുടെ വർഷമാണെന്നും ഇത്തരം വിവാദങ്ങൾ അതിൽ കൂട്ടിക്കലർത്താൻ ഇഷ്‌ടപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.