നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍റെ ഫേസ്‌ബുക്ക് അക്കൗണ്ട് രണ്ട് ദിവസം മുമ്പ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അധികൃതരുടെ സഹായത്തോടെ ഫേസ്‌ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അനൂപ് മേനോന്‍. അക്കൗണ്ട് തിരികെ ലഭിച്ചെങ്കിലും നാല് ലക്ഷത്തോളം ഫോളോവേഴ്‌സിനെയും നിരവധി പഴയ പോസ്റ്റുകളും നഷ്ടമായതായി അനൂപ് ഫേസ്‌ബുക്കില്‍ കുറിച്ചു. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നതെന്നായിരുന്നു വിവരം. പേജ് വീണ്ടെടുക്കാന്‍ സഹായിച്ച എഡിജിപി മനോജ് അബ്രഹാമടക്കമുള്ളവര്‍ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട് അനൂപ് മേനോന്‍.
'എന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് തിരികെ ലഭിച്ചു. എഡിജിപി മനോജ് അബ്രഹാം, ഷെഫീന്‍ അഹമദ് ഐ ജി ഒഡിഷ, ഫേസ്ബുക്ക് അധികൃതര്‍, സൈബര്‍ ഡോം വിദഗ്‌ധരായ സുധീഷ്, ആനന്ദ് എന്നിവര്‍ക്ക് നന്ദി. കഴിഞ്ഞ ആറ് മാസത്തോളമുള്ള പേജിലെ പോസ്റ്റുകള്‍ എല്ലാം ഹാക്കര്‍മാര്‍ ഡിലീറ്റ് ചെയ്‌തു. നാല് ലക്ഷത്തോളമുള്ള എന്‍റെ ഫോളോവേഴ്‌സിനെയും നഷ്‌ടമായി. പതിനഞ്ച് ലക്ഷമുണ്ടായിരുന്ന സുഹൃത്തുക്കളുടെ എണ്ണം പതിനൊന്ന് ലക്ഷമായി കുറഞ്ഞു. സൈബര്‍ ഡോമിന്‍റെയും ഫേസ്ബുക്ക് വിദഗ്‌ധരുടെയും നിര്‍ദേശപ്രകാരം സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഹാക്കിങ് ഇപ്പോള്‍ വ്യാപകമായതിനാല്‍ എല്ലാവരുടെയും ഫോണുകളില്‍ അതിനുവേണ്ട നടപടിക്രമങ്ങള്‍ ചെയ്യുവാന്‍ അഭ്യര്‍ഥിക്കുകയാണ്. ഹാക്കര്‍മാര്‍ അപ്‌ലോഡ് ചെയ്‌ത തമാശ പോസ്റ്റുകള്‍ സഹിച്ചതിന് നന്ദി. ഒരുപാട് സ്‌നേഹം... വീണ്ടും കാണാം...' അനൂപ് മേനോന്‍ കുറിച്ചു.