ഞങ്ങൾ സന്തുഷ്ടരാണ്, മേലേവാര്യത്തെ മാലാഖകുട്ടികൾ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് അഭിരാമി. തനിക്കെതിരെ ഒരു മാധ്യമം നടത്തിയ ബോഡി ഷെയിമിങ്ങിൽ ശക്തമായ മറുപടി നൽകിയിരിക്കുകയാണ് നടി. അതിലൂടെ അവർക്ക് തെറ്റ് തിരിച്ചറിയാൻ കഴിഞ്ഞെന്നും വിശദമാക്കുകയാണ് അഭിരാമി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് താരം തന്‍റെ അനുഭവം തുറന്നുപറഞ്ഞത്. വിവാഹം കഴിച്ച് കുടുംബമായതോടെ പുതിയ മാറ്റങ്ങൾ വന്നുതുടങ്ങി, വയസാകുന്നത് പോലും ശരീരം അറിയിക്കുമെന്ന് എഴുതിയിരിക്കുന്ന വാർത്തക്കെതിരെയാണ് അഭിരാമി പ്രതികരിച്ചത്.
വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്ന ഫോട്ടോയിൽ തനിക്ക് വ്യത്യാസം കണ്ടുപിടിക്കാനായില്ല. ഒരേപോലത്തെ ചിരി, ഒരേപോലത്തെ പച്ച ഡ്രസ്സ്, മുടിയിലെ വ്യത്യാസമാണോ ഉദ്ദേശിച്ചതെന്നും അഭിരാമി ചോദിച്ചു. തന്‍റെ ആത്മവിശ്വാസം കാരണം തനിക്ക് മറുപടി നൽകാനായെന്നും നടി പറഞ്ഞു. ബോഡി ഷെയിമിങ് പരാമർശങ്ങൾ പലർക്കും എങ്ങനെയാണ് ഉൾക്കൊള്ളാനാവുക എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. നിരവധി പേർ ഫോൺ കോൾ വഴിയും മറ്റും തന്നെ പിന്തുണച്ചെന്നും അഭിരാമി വ്യക്തമാക്കി. താന്‍ പ്രതികരിച്ചതോടെ ആ മാധ്യമത്തിൽ നിന്ന് ക്ഷമ ചോദിച്ചുകൊണ്ട് മറുപടി കിട്ടിയെന്നും അവരുടെ ക്ഷമാപണത്തിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.