പാര്‍വതി, ആസിഫ് അലി, ജോജു ജോർജ്, സംയുക്ത മേനോൻ, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍... പ്രകടനമികവിലൂടെ മലയാളസിനിമയിൽ വ്യക്തമായ സ്ഥാനം കണ്ടെത്തിയ താരങ്ങൾ ഒരുമിച്ചെത്തുകയാണ് പുതിയ ആന്തോളജിയിലൂടെ. 'ആണും പെണ്ണും' എന്ന ടൈറ്റിലിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തിലെ പ്രമുഖ സംവിധായകരായ ആഷിക് അബു, വേണു, ജയ് കെ. എന്നിവരാണ്. മൂന്ന് ഹ്രസ്വ ചിത്രങ്ങൾ ചേർത്താണ് അന്തോളജി ഒരുക്കിയിരിക്കുന്നത്. ആന്തോളജിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഒപ്പം, സിനിമ ഉടൻ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
ആഷിക് അബുവിന്‍റെ ചിത്രത്തിൽ റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം കവിയൂര്‍ പൊന്നമ്മ, ബെന്നി പി. നായരമ്പലം എന്നിവരും അണിനിരക്കുന്നു. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. പെണ്ണും ചെറുക്കനും എന്ന ടൈറ്റിലിലൊരുക്കുന്ന ഹ്രസ്വ ചിത്രത്തിന്‍റെ ഛായാഗ്രഹകൻ ഷൈജു ഖാലിദാണ്. സൈജു ശ്രീധരനാണ് എഡിറ്റർ.
പാർവതിയും ആസിഫ് അലിയും ജോഡിയാകുന്ന രണ്ടാമത്തെ ചിത്രം വേണു സംവിധാനം ചെയ്യുന്നു. ഉറൂബിന്‍റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്‌പദമാക്കി വേണുവാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയുടെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നതും സംവിധായകനാണ്. ബീന പോളാണ് എഡിറ്റർ.
എസ്ര സംവിധായകൻ ജയ് കെ. ആന്തോളജിയിലെ മൂന്നാമത്തെ ചിത്രം ഒരുക്കുന്നു. ജോജു ജോര്‍ജും സംയുക്ത മേനോനുമാണ് പ്രധാന താരങ്ങൾ. സന്തോഷ് ഏച്ചിക്കാനം രചന നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ സുരേഷ് രാജനും എഡിറ്റർ ഭവന്‍ ശ്രീകുമാറുമാണ്. 2013ൽ പുറത്തിറങ്ങിയ അഞ്ച് സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിന് ശേഷം മലയാളത്തിൽ ഒരുങ്ങുന്ന പുതിയ ആന്തോളജിയാണിത്.