ചെന്നൈ പിഎസ്ബിബി സ്‌കൂളിലെ അധ്യാപകൻ രാജഗോപാലൻ തോർത്തുടുത്ത് ഓൺലൈൻ ക്ലാസെടുക്കുകയും വിദ്യാർഥിനികൾക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ തങ്ങളുടെ സ്‌കൂൾ കാലത്ത് നേരിട്ട വിവേചനങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ വിദ്യാർഥികളും പൂർവവിദ്യാർഥികളും രംഗത്തെത്തുകയാണ്. ഇപ്പോഴിതാ, 96 എന്ന ചിത്രത്തിലെ ജാനുവായി തെന്നിന്ത്യ മുഴുവൻ സുപരിചിതയായ ഗൗരി കിഷനും അത്ര മനോഹരമല്ലാത്ത തന്‍റെ സ്‌കൂൾ അനുഭവം പങ്കുവക്കുകയാണ്.
പീഡനങ്ങൾക്കെതിരെ ശബ്‌ദമുയർത്തൂവെന്ന ഹാഷ്‌ടാഗുകൾ പങ്കുവച്ചുകൊണ്ടാണ് ഗൗരി കിഷന്‍റെ വെളിപ്പെടുത്തൽ. താൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ജാതീയ അധിക്ഷേപങ്ങൾക്കും ബോഡി ഷെയിമിങ്ങിനും ലൈംഗിക അധിക്ഷേപത്തിനും വിധേയയായിട്ടുണ്ടെന്ന് ഗൗരി കിഷൻ പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ.
ഗൗരി കിഷൻ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയ സ്‌കൂൾ അനുഭവം
"സ്‌കൂൾ ഓർമകൾ ഗൃഹാതുരത്വമുളവാക്കുന്നവായണ്, എന്നാൽ വൈകാരിക ആഘാതമുണ്ടായവർക്ക് അത് അങ്ങനെയാവണമെന്നില്ല. അറിവിന്‍റെ കാലഘട്ടമായ സ്‌കൂൾ ജീവിതത്തിൽ എന്നെപ്പോലെ ഒരുപാട് പേർക്ക് വേദന ഉണ്ടായിട്ടുണ്ട്. സ്കൂളുകൾ കുട്ടികളെ പരിപോഷിപ്പിക്കുന്നതിനുള്ള ഇടമാകണം, അല്ലാതെ ഭയചകിതരായ യുവത്വത്തിലേക്കല്ല നയിക്കേണ്ടത്." ചെന്നൈ അടയാറിലുള്ള സ്‌കൂളിൽ പഠിക്കുമ്പോഴാണ് ഇത്തരത്തിൽ അധിക്ഷേപങ്ങൾ ഉണ്ടായതെന്നും സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയപ്പോൾ അവരിൽ പലർക്കും സമാന അനുഭവം നേരിടേണ്ടി വന്നുവെന്നും താരം വിശദമാക്കി. അടിസ്ഥാനരഹിതമായ ഇത്തരം അധിക്ഷേപങ്ങളും വിവേചനങ്ങളും താനുൾപ്പെടെയുള്ളവരുടെ വ്യക്തിവികസനത്തിലും അഭിമാനത്തിലും ക്ഷതമേൽപ്പിച്ചുവെന്നും ഗൗരി കിഷൻ പറഞ്ഞു.
More Read: അധ്യാപകനെതിരായ നടപടി : വൈരമുത്തുവിനെതിരെയും വേണമെന്ന് കനിമൊഴിയോട് ചിന്മയി
ഇപ്പോൾ സ്കൂൾ അധികാരികൾക്കെതിരെ പ്രതികരണവുമായി ഒരുപാട് പേർ രംഗത്തെത്തുകയും പരാതി നൽകുകയും ചെയ്യുന്നത്, വരുന്ന കാലഘട്ടത്തിലെ കുട്ടികൾക്കെങ്കിലും ആക്ഷേപങ്ങളിൽ നിന്നുള്ള മോചനമാകുമെന്ന പ്രതീക്ഷയും ഗൗരി കിഷൻ കൂട്ടിച്ചേർത്തു.