പാലക്കാട്: 93-ാം ഓസ്‌കാര്‍ പ്രഖ്യാപിക്കുമ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കട്ട് വഴി ഒരു ഓസ്‌കാര്‍ മലയാളത്തിലേക്കും ഇന്ത്യയിലേക്കും എത്തുമെന്നാണ് എല്ലാ സിനിമാ പ്രേമികളും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ചിത്രം നോമിനേഷന്‍ പട്ടികയില്‍ നിന്നും പുറത്തായി. എന്നാല്‍ ആരും നിരാശരാകേണ്ടതില്ല. മലയാളത്തില്‍ നിന്നും ഒരു സിനിമ കൂടി ഓസ്‌കാര്‍ നോമിനേഷന്‍റെ പ്രാഥമിക ഘട്ടം താണ്ടിയിരിക്കുകയാണ്. ഐ.എം വിജയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'മ്' (സൗണ്ട് ഓഫ് പെയിന്‍) എന്ന സിനിമയാണ് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ സ്ഥാനം പിടിച്ചത്. കുറുമ്പ ഭാഷയിലുള്ള ഇന്ത്യയില്‍ നിന്നുള്ള ആദ്യ സിനിമ കൂടിയാണ് ഹോളിവുഡ് സംവിധായകന്‍ ഡോ.സോഹന്‍ റോയ് നിര്‍മിച്ച് വിജീഷ് മണി സംവിധാനം ചെയ്‌ത ഈ ചിത്രം. ചിത്രത്തിലെ നായക കഥാപാത്രമായ ആദിവാസി യുവാവിനെയാണ് ഐ.എം വിജയന്‍ അവതരിപ്പിച്ചത്.
ഓസ്കാര്‍ പ്രാഥമിക ഘട്ടം താണ്ടി 'മ്'; പ്രതീക്ഷയോടെ സംവിധായകൻ - 93 oscar nominated malayalam movie mmmmm
ആദിവാസി ഗോത്ര ഭാഷയായ കുറുമ്പയിലുള്ള ആദ്യ ഇന്ത്യന്‍ സിനിമ. തേന്‍ ശേഖരണം ഉപജീവനമാര്‍ഗമാക്കിയ വയനാട്ടിലെ ആദിവാസികളുടെ കഥയാണ് 'മ്' എന്ന ചിത്രം പറയുന്നത്
തേൻ ശേഖരണം ഉപജീവന മാർഗമാക്കിയ ഒരു ആദിവാസി കുടുംബനാഥന്‍ പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം തേനിന് ദൗർലഭ്യം നേരിടുകയും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച സന്തോഷം സംവിധായകന്‍ വിജീഷ് മണി ആഘോഷിച്ചത് അട്ടപ്പാടിയിലായിരുന്നു. സച്ചി ചിത്രം അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അഭിനയിക്കുകയും പിന്നണി ഗാനാലാപനം നടത്തുകയും ചെയ്‌ത് ശ്രദ്ധനേടിയ നഞ്ചിയമ്മയും 'മ്' സിനിമയുടെ ഭാഗമായിട്ടുണ്ട്. അതിനാല്‍ തന്നെ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ഉടന്‍ വിജേഷ് മണി ഓടിയെത്തിയതും നഞ്ചിയമ്മയുടെയും അണിയറപ്രവര്‍കരുടെയും അടുത്തേക്കാണ്.
ആകെ 366 സിനിമകളാണ് ഓസ്‌കാറില്‍ മാറ്റുരക്കുന്നത്. വിജീഷ് മണിയുടെ സംസ്കൃത ഭാഷയിലുള്ള നമോ, ഇരുള ഭാഷയിലുള്ള നേതാജി എന്നീ സിനിമകൾ 2019ലും 2020ലും ഇഫി ഗോവ ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വെറും 51 മണിക്കൂറുകൾ കൊണ്ട് വിശ്വഗുരു എന്ന സിനിമ പൂർത്തിയാക്കി തിയേറ്ററുകളിൽ പ്രദർശിപ്പിച്ചതിന് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് വിജീഷ് മണി. ഏറ്റവും മികച്ച പരിസ്ഥിതി പ്രാധാന്യമുള്ള മലയാള ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് വിജീഷിന്‍റെ 'പുഴയമ്മ' എന്ന ചിത്രത്തിന് 2018ൽ ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യ പകുതിയോടെയാണ് കേരളത്തില്‍ 'മ്' പ്രദര്‍ശനത്തിനെത്തും.