ജീവിതത്തിന്‍റെ കൊടുംക്രൂരതകൾക്കും ആയുസെടുക്കാൻ വന്ന രക്താർബുദത്തിനും മുന്നില്‍ അചഞ്ചലനായി നിലയുറപ്പിച്ച അഭിനേതാവാണ് സത്യന്‍. കൂടിപ്പോയാൽ ഒരു നാല് മാസം എന്നാണ് രോഗം കണ്ടെത്താൻ വൈകിയതിനാൽ ഡോക്‌ടർമാർ അറിയിച്ചിരുന്നത്. എന്നാൽ, പിന്നെയും രണ്ട് വർഷങ്ങളിൽ പതിനാലും പതിനഞ്ചും ചിത്രങ്ങളിലെ ജീവസുറ്റ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞാണ് സത്യൻ അകന്നത്.
മരണാനന്തരം, മികച്ച നടനുള്ള മറ്റൊരു സംസ്ഥാന അവാർഡ് കൂടി തന്‍റെ പേരിലാക്കിയിട്ടായിരുന്നു ആ യാത്ര...1971 ജൂൺ 15.... അമ്പത് വർഷങ്ങൾ പിന്നിട്ടു. അഭിനയശാസ്ത്രത്തിൽ അയാൾ, ഇന്നും ഇന്നലെയും നാളെയുമാണ്. മാനുവൽ സത്യനേശൻ നാടാർ... സിനിമയുടെ പരിവേഷമില്ലാതെ മലയാളം സത്യൻ മാഷെന്നാണ് അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്.
രോഗാവസ്ഥയിലും തളരാതെ ഒരേ സമയം ഒരുപാട് സിനിമകളിൽ ഭാവപ്പകർച്ച നൽകിയ കലാകാരൻ. വേഷങ്ങളിൽ നിന്ന് വേഷങ്ങളിലേക്ക് അനായാസം കൂടുവിട്ട് കൂട് മാറിയ സത്യൻ മാഷ് ഒരു മാന്ത്രികനായിരുന്നു. കൈവണ്ടി വലിക്കുന്ന റിക്ഷാക്കാരനായും കൂലിപ്പണിക്കാരനായും ചതിക്കപ്പെട്ട മുക്കുവനായും ഡോക്‌ടറായും ശാസ്‌ത്രജ്ഞനായും കമ്മ്യൂണിസ്റ്റുകാരനായും കരുണ തീണ്ടാത്ത കോടീശ്വരനായും ദുർവാശിക്കാരൻ അച്ഛനായും ദുരഭിമാനിയായ കാരണവരായും മുടന്തൻ വൃദ്ധനായും ന്യൂജെൻ യുവാവായും പടുകിഴവനായും...
അങ്ങനെ ഒരു വേഷത്തിൽ നിന്നും അതിന്‍റെ നേരെ എതിർവശത്തെ വേഷം വരെ ഒട്ടും ആയാസമില്ലാതെ എടുത്തണിഞ്ഞ ജാലവിദ്യക്കാരൻ. അഭിനയത്തിൽ ഏത് രൂപവും തന്നിലേക്ക് ആവാഹിച്ച്, അതിൽ നാടകാഭിനയത്തിന്‍റെ തെല്ലും സാമീപ്യം കൊണ്ടുവരാതെ അദ്ദേഹം പകർന്നാടി.
അതിനാലാണ് ഉറുമി ചുഴറ്റിപ്പറന്ന് വെട്ടുന്ന തച്ചോളി ഒതേനനേയും കുടുംബപ്രാരാബ്‌ധത്തിനെ ചുമലിലേറ്റിയ ഓടയില്‍ നിന്നിലെ കൈവണ്ടിക്കാരന്‍ പപ്പുവിനെയും കെട്ടിയ പെണ്ണിന്‍റെ ഉള്ളറിയാതെ വഞ്ചിക്കപ്പെട്ട പളനിയെയും മൂലധനത്തിലെ കമ്യൂണിസ്റ്റ് നേതാവിനെയുമൊക്കെ പതിറ്റാണ്ടുകൾക്കിപ്പറവും മലയാളം നെഞ്ചിലേറ്റുന്നത്.
സത്യവും നെറിയുമുള്ള നായകകഥാപാത്രങ്ങളിലേക്ക് മാത്രം ഒതുങ്ങിക്കൂടിയിരുന്നില്ല സത്യൻ മാഷ്. നീലക്കുയിലിൽ താണ ജാതി സമുദായത്തിലെ പാവപ്പെട്ട പെൺകുട്ടിയെ പ്രേമിച്ച് വഞ്ചിക്കുന്ന ശ്രീധരന്‍ നായരെ സത്യൻ അനായാസമായി വെള്ളിത്തിരയിൽ പകർത്തിവച്ചു.
പകല്‍ക്കിനാവിൽ ധൂര്‍ത്തനായ പൊങ്ങച്ചക്കാരൻ പ്രമാണിയെ അവിസ്മരണീയമാക്കി, കടല്‍പ്പാലത്തിൽ പരസ്‌പരം മല്ലടിക്കുന്ന അച്ഛനും മകനുമായി ഒരേ സമയം സ്ക്രീനിൽ നിറഞ്ഞുനിന്നു, കരകാണാക്കടലിൽ നിസ്സഹായനായ കുടുംബനാഥനായി ജീവിച്ചു, വാഴ്‌വേമയത്തിൽ സംശയരോഗിയായ ഭർത്താവിനെ പകർന്നാടി...
അങ്ങനെ ജീവിതത്തിലെ പല കോണുകളിലുള്ള മനുഷ്യരെ സത്യനിലൂടെ മലയാളി അനുഭവിച്ചറിഞ്ഞിട്ടുണ്ട്. തിക്കുറിക്ക് ശേഷം മലയാളത്തിലെ സൂപ്പർസ്റ്റാറായിരുന്നു സത്യൻ. തിരുവനന്തപുരത്തെ ആറാമടയില്‍ 1912 നവംബര്‍ ഒമ്പതിന് ജനിച്ചു. ജെ.സി ഡാനിയേലിനെപ്പോലെ സത്യൻ മാഷിന്‍റെ മാതൃഭാഷയും തമിഴ് ആയിരുന്നു.
പേരിലെ സത്യൻ മാഷിന് പിന്നിൽ സിനിമയിലെത്തുന്നതിന് മുമ്പുള്ള സത്യനേശന്‍റെ ജീവിതവും പങ്കുവഹിച്ചിട്ടുണ്ട്. ഇന്നത്തെ ബിരുദാനന്തര ബിരുദം അഥവാ എംഎക്ക് തുല്യമായ വിദ്വാൻ പരീക്ഷ പാസായ ശേഷം തിരുവനന്തപുരത്ത് സെന്‍റ് ജോസഫ് സ്‌കൂളിൽ അധ്യാപകനായി തുടങ്ങി. പിന്നീട് സെക്രട്ടറിയേറ്റിൽ ഗുമസ്‌തനായും പ്രവർത്തിച്ചു.