"വൈ ഷുഡ് ഐ ബീ ഫ്രീ? ഹൂ വാണ്ട്‌സ് ഫ്രീഡം?"... കഥ അവസാനിക്കുന്നു. കഥയെഴുതിയ ബഷീറായാലും പടം പിടിച്ച അടൂർ ഗോപാലകൃഷ്‌ണനായാലും അവിടെ പറഞ്ഞുവക്കുന്നത് രണ്ട് ഭാഗങ്ങളാണ്. ജയിലിലെ ചുമരുകൾക്കുള്ളിലെ സ്വാതന്ത്ര്യവും പുറത്തെ സ്വതന്ത്ര ലോകത്തെ ബന്ധനങ്ങളും... പ്രണയത്തിനകത്ത് ജീവിക്കുന്നവര്‍ക്ക് പരസ്പര സാന്നിധ്യത്തേക്കാള്‍ വലിയ സ്വാതന്ത്ര്യവും സ്വര്‍ഗവുമില്ലെന്നും ബഷീര്‍ മറ്റൊരു രീതിയിൽ പറയുകയാണെന്നും കഥാവസനത്തിൽ നിന്ന് വായിക്കാം.
ബേപ്പൂർ സുൽത്താന്‍റെ വിഖ്യാത നോവലിനെ അതേ പേരിൽ അടൂർ ഗോപാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം, 1989 മെയ് 18ന് പുറത്തിറങ്ങിയ ക്ലാസിക്, മതിലുകൾ റിലീസ് ചെയ്ത് ഇന്ന് 32 വർഷങ്ങൾ..
മതിലുകൾ പുറത്തിറങ്ങിയിട്ട് ഇന്ന് 32 വർഷങ്ങൾ തികയുന്നു മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച ശബ്ദലേഖനം, മികച്ച ഭാഷാ ചിത്രം... 1990ലെ ദേശീയ അവാർഡിൽ നാല് പുരസ്‌കാരങ്ങളാണ് ക്ലാസിക് ചിത്രം നേടിയത്.
''ആരാ അവിടെ ചൂളമടിക്കുന്നത്?''
ബഷീര്‍ പെട്ടെന്ന് അതിശയത്തോടെ ചുറ്റും നോക്കി. പിന്നെ ഒരു തിരിച്ചറിവോടെ മതിലിന്‍റെ മുകളിലേക്കു തിരിഞ്ഞ് പറഞ്ഞു: ''ഞാനാ!''
ഉടനെ മറുചോദ്യമുണ്ടായി, ''പേരെന്താ?''
"ബഷീര്‍. എളിയ തോതിലൊരെഴുത്തുകാരനാണ്. രണ്ടര കൊല്ലത്തെ തടവ്. ഇപ്പോ ഞാനിവിടെ തനിച്ചാണ്. കൂട്ടുകാരെല്ലാം പോയി.''
ഏകാന്തതയിൽ നിരാശനായി ഇരിക്കുന്ന ബഷീറിന് ആ പുതിയ പരിചയപ്പെടൽ ഒരു ഉത്സാഹമായിരുന്നു. ''പേര് പറഞ്ഞില്ലല്ലോ?''
സ്ത്രീശബ്ദം, ''നാരായണി.''
ബഷീറിന്‍റെ മറുപടി ''സുന്ദരമായ പേര്! വയസ്സ്?''...
വൈക്കം മുഹമ്മദ് ബഷീർ തന്‍റെ സ്വന്തം ജീവിതം സാഹിത്യത്തിലേക്ക് അടർത്തിവച്ച നോവലിന് അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രഭാഷ്യമൊരുക്കിയത് മമ്മൂട്ടി എന്ന നടന്‍റെ അഭിനയമുഹൂർത്തങ്ങളിലൂടെയായിരുന്നു.
ജയിൽ വാസത്തിനിടെ പൂന്തോട്ടകൃഷിയുമായി പോകുന്ന ബഷീർ.. ജയിൽ ജീവനക്കാരുമായും അയാൾ നല്ല ചങ്ങാത്തത്തിലാണ്. എന്നാൽ, മതിലിനപ്പുറത്തെ ആ സ്ത്രീശബ്ദത്തെ പ്രണയിച്ച് തടവുകാരൻ ജീവിതത്തിന് പുതിയ നിർവചനം കണ്ടെത്തുകയാണ്. ഇരുപത്തിരണ്ട് വയസുകാരിയായ നാരായണി... സിനിമയുടെ ഒരു ഷോട്ടിൽ പോലും ആ മതിലിന് അപ്പുറത്തേക്ക് കാമറ നീക്കാനായി അടൂർ ആലോചിച്ചിട്ടില്ല. എന്നാൽ, പ്രേക്ഷകന് വളരെ സുപരിചിതയായ കെപിഎസി ലളിതയുടേതാണ് ആ സ്‌ത്രീശബ്‌ദം. എന്നാൽ, പരിചിതമായ ശബ്‌ദം മതിലുകളിലെ നായികയിലേക്കുള്ള പ്രേക്ഷകന്‍റെ ഭാവനയെ ചെറുക്കുന്നുവെന്നും അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.
ഒറ്റപ്പെടലുകളിലും നിരാശയിലും വികസിക്കുന്ന ബഷീറിന്‍റെയും കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട നാരായണിയുടെയും പ്രണയം ബഷീർ എഴുതിവച്ച പോലെ ദൃശ്യങ്ങളിലേക്ക് പകർത്താൻ അടൂരിനും, പകർന്നാടാൻ മമ്മൂട്ടിക്കും സാധിച്ചു. എലിപ്പത്തായത്തിനും അനന്തരത്തിനും കാമറ ചലിപ്പിച്ച മങ്കട രവിവർമയുടെ മതിലുകളിലെ ഫ്രെയിമുകളും സിനിമയെ തികഞ്ഞ ഒരു ക്ലാസിക് ചിത്രത്തിലേക്ക് ഉയർത്തി.
Also Read: എംടിയുടെ ചതിയനല്ലാത്ത ചന്തു; മലയാളത്തിന്‍റെ ചിത്രകാവ്യത്തിന് ഇന്ന് 32 വയസ്
"മതിലുകള്‍! മതിലുകള്‍! നോക്കൂ ഈ മതിലുകള്‍ ലോകം മുഴുവന്‍ ചുറ്റി പോകുന്നു''.... നീണ്ട ആ മതിലുകൾക്ക് ഇരുവശങ്ങളിൽ നിന്നും ഒരിക്കലും തമ്മിൽ കാണാത്ത ആ തടവുകാർ പ്രണയിക്കുന്നു. മതിലുകൾക്ക് മുകളിൽ നിന്ന് പരിഹസിച്ച് ചിരിക്കുന്ന 'കള്ള ബഡുക്കൂസുകളായ' അണ്ണാറക്കണ്ണനും മതിലുകളില്ലാത്ത നാരായണിയുടെയും ബഷീറിന്‍റെയും ഇടയിലേക്ക് കയറി വരുന്നുണ്ട്. തന്‍റെ പ്രേമഭാജനത്തിന് ചുംബനത്തിൽ പൊതിഞ്ഞ് പനിനീർച്ചെടികൾ എറിഞ്ഞുകൊടുക്കുന്ന ബഷീറിനെ വളരെ പ്രണയാതുരമായാണ് മമ്മൂട്ടി അവതരിപ്പിച്ചത്. പ്രതീക്ഷയുടെ പ്രണയസംഭാഷണങ്ങൾക്ക് ഒടുവിൽ വിരാമമിട്ട് അവിചാരിതമായി ബഷീർ ജയിൽ വിമോചിതനാവുന്നു. പരസ്പരം കണ്ടുമുട്ടുന്നതിന് തൊട്ടുമുന്നേ അവർ വേർപിരിഞ്ഞു. സ്നേഹത്തിന്‍റെ പരതാന്ത്ര്യത്തിൽ നിന്നുള്ള ആ സ്വാതന്ത്ര്യം അസഹനീയമായിരുന്നു ബഷീറിന്.
ബഷീറിന്‍റെ മതിലുകൾ എന്ന നോവലിന്‍റെ ചലച്ചിത്രഭാഷ്യം നിരവധി ദേശീയ- അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച മതിലുകൾ യൂണിസെഫ് ഉൾപ്പെടെ ഏറ്റവുമധികം അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ അടൂർ ഗോപാലകൃഷ്ണന് നേടിക്കൊടുത്ത സിനിമ കൂടിയായിരുന്നു. മതിലുകളുടെ ചലച്ചിത്രഭാഷ്യത്തിലൂടെ മികച്ച കഥയ്‌ക്ക് ബഷീർ സംസ്ഥാന ചലച്ചിത്ര അവാർഡിനും അർഹനായി...
ലോക്ക് ഡൗണിനെ തുടർന്ന് വീടുകളിലേക്ക് ഒതുങ്ങിക്കൂടിയ പശ്ചാത്തലത്തിൽ എന്‍റെ നാരായണിക്ക് എന്ന പേരിൽ ഹൃദയഹാരിയായ ഹ്രസ്വ സിനിമയുണ്ടാവാനും മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള മതിലുകൾ പ്രചോദനമായി... വർഷങ്ങൾ വെറും വർഷങ്ങളും കല കാലവുമാകുന്ന ക്ലാസിക് അനുഭവമാണ് മതിലുകൾ.