ഇന്ത്യന്‍ സിനിമ മേഖലയ്‌ക്ക് വളരെ വെല്ലുവിളി നേരിട്ട വര്‍ഷമായിരുന്നു 2021.തിയേറ്റര്‍ റിലീസുകളേക്കാളേറെ ഒടിടി റിലീസുകളായിരുന്നു. കൊവിഡ് രണ്ടാം തരംഗത്തില്‍ തിയേറ്ററുകള്‍ അടഞ്ഞുകിടന്നപ്പോള്‍ സിനിമാസ്വാദകര്‍ക്ക് ആശ്വാസമേകിയത് ഒടിടി പ്ലാറ്റ്‌ഫോമുകളാണ്. നെറ്റ്‌ഫ്ലിക്‌സ്, ആമസോണ്‍, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാര്‍ തുടങ്ങി നിരവധി പ്ലാറ്റ്‌ഫോമുകള്‍ സിനിമകളുമായി ഈ കൊവിഡ് കാലത്ത് ചലച്ചിത്രാസ്വാദകര്‍ക്ക് മുമ്പിലെത്തി.
167 ഓളം സിനിമകളാണ് തിയേറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമിലുമായി ഈ വര്‍ഷം റിലീസിനെത്തിയത്. അതില്‍ 84 ഓളം മലയാള സിനിമകളാണ്.
2021 Top movies in OTT platforms : 2021ലെ മികച്ച ഒടിടി സിമികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
1. മിന്നല്‍ മുരളി
ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ക്രിസ്‌തുമസ് റിലീസായി നെറ്റ്‌ഫ്ലിക്‌സിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ 'മിന്നല്‍ മുരളി'. ഡിസംബര്‍ 24ന് റിലീസിനെത്തിയ ചിത്രം നെറ്റ്‌ഫ്ലിക്‌സിന്‍റെ ആദ്യ ആഗോള പത്തിലും ഇടംപിടിച്ചു. ഇതാദ്യമായാണ് ഒരു മലയാള സിനിമ നെറ്റ്‌ഫ്ലിക്‌സിന്‍റെ ഈ പട്ടികയില്‍ ഇടംപിടിക്കുന്നത്. നെറ്റ്‌ഫ്ലിക്‌സിന്‍റെ ആഗോള ടോപ് ടെന്‍ ലിസ്‌റ്റില്‍ 'മിന്നില്‍ മുരളി' നാലാം സ്ഥാനത്താണ്. 60 ലക്ഷം മണിക്കൂറോളമാണ് 'മിന്നല്‍ മുരളി' ഇതുവരെ നെറ്റ്‌ഫ്ലിക്‌സില്‍ സ്ട്രീം ചെയ്‌തത്.
'ഗോദ' ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്‌ത രണ്ടാമത്തെ ചിത്രമാണിത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ 'മിന്നല്‍ മുരളി' ബിഗ് ബഡ്‌ജറ്റിലാണ് ഒരുങ്ങിയത്. 1990 കളിലൂടെയാണ് 'മിന്നല്‍ മുരളി' കഥ പറഞ്ഞത്. ഇടിമിന്നലേറ്റ് അസാധാരണ ശക്‌തി കൈവരിക്കുന്ന ജയ്‌സണ്‍ (ടൊവിനോ തോമസ്) ഒരു സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് കഥ. ഇതോടെ അത്‌ഭുത ശക്തികള്‍ കൈവരിച്ച ജയ്‌സണ്‍ അയാളുടെയും നാട്ടുകാരുടെയും ജീവിതങ്ങളില്‍ സൃഷ്‌ടിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്ര പശ്ചാത്തലം.
2. ജയ് ഭീം
ആമസോണ്‍ പ്രൈമിലൂടെ നവംബര്‍ 2ന് റിലീസിനെത്തിയ 'ജയ് ഭീം' 2021ലെ മികച്ച സിനിമകളിലൊന്നാണ്. തൊണ്ണൂറുകളില്‍ ആദിവാസികളിലെ കുറവ വിഭാഗത്തിന് നേരെയുണ്ടായ പൊലീസ് ആക്രമണമാണ് സൂര്യയെ നായകനാക്കി ടി.ജെ ജ്‌ഞാനവേല്‍ ഒരുക്കിയ 'ജയ് ഭീമി'ന് പ്രചോദനമേകിയത്. 1995ല്‍ മോഷണം ആരോപിക്കപ്പെട്ട് പൊലീസ് പിടിയിലായ രാജാക്കണ്ണിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമ പോരാട്ടമായിരുന്നു ചിത്രപശ്ചാത്തലം. 'ജയ് ഭീം' റിലീസോടെ പൊലീസ് ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്‍റെ ഭാര്യ പാര്‍വതിയുടെ നിലവിലെ അവസ്ഥ വാര്‍ത്തകളില്‍ ഇടംപിടിക്കുകയും പലരും സഹായഹസ്‌തവുമായി അവരെ തേടിയെത്തുകയും ചെയ്‌തിരുന്നു.
ചിത്രത്തില്‍ സൂര്യ ഉള്‍പ്പെടെയുള്ള താരങ്ങളുടെ പ്രകടനം ഏറെ പ്രശംസനാര്‍ഹമാണ്. ആദിവാസി വിഭാഗത്തിന്‍റെ നീതിക്ക് വേണ്ടി പോരാടുന്ന അഭിഭാഷകന്‍റെ വേഷമായിരുന്നു ചിത്രത്തില്‍ സൂര്യയ്‌ക്ക്. ലിജോ മോള്‍ അവതരിപ്പിച്ച സെങ്കിണിയുടെ കഥാപാത്രത്തിനും അഭിനന്ദ പ്രവാഹമായിരുന്നു. പാര്‍വതി അമ്മാളിന്‍റെ യഥാര്‍ഥ ജീവിതമായിരുന്നു സെങ്കിണി എന്ന കഥാപാത്രത്തിന് പ്രചോദനമായത്.
3. ചുരുളി
കുറ്റവാളിയും നിയമപാലകനും എന്ന ദ്വന്ദത്തെ പുനര്‍ നിര്‍വചിക്കുകയാണ് ഈ സിനിമ. കൂടാതെ സാഹചര്യത്തിന്‍റെ ആനുകൂല്യങ്ങള്‍ ചൂഷണം ചെയ്യുന്ന മനുഷ്യന്‍റെ പരിണാമം ചിത്രം വരച്ചിടുന്നു. ചുരുളിയെന്ന കഥാസ്ഥലം മനുഷ്യന്‍റെ മനസ്സായും താരതമ്യപ്പെടുത്താനുള്ള സാധ്യത തിരക്കഥാകൃത്ത് എസ് ഹരീഷും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും തുറന്നുവച്ചിട്ടുമുണ്ട്. വിനോയ് തോമസിന്‍റെ 'കളിഗെമിനാറിലെ കുറ്റവാളികള്‍' എന്ന ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം. മിത്തുകളെ ഇത്രമേല്‍ മിഴിവോടെ വിളക്കിച്ചേര്‍ത്ത ചിത്രം മലയാളത്തില്‍ അപൂര്‍വമാണ്. അതേസമയം ചിത്രത്തിലെ തെറിവിളികള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുകയും ചെയ്‌തിരുന്നു.
4. ഷേര്‍ഷാ
ഇന്ത്യന്‍ ആര്‍മി ക്യാപ്‌റ്റന്‍ വിക്രം ബത്രയുടെ ജീവിത കഥ പറഞ്ഞ ബോളിവുഡ് ചിത്രം ഷേര്‍ഷ ആണ് ഈ വര്‍ഷത്തെ മറ്റൊരു പ്രധാന ചിത്രം . ഓഗസ്‌റ്റ് 12ന് ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തിയ ചിത്രം 4100 ലധികം ഇന്ത്യന്‍ പട്ടണങ്ങളില്‍ സ്‌ട്രീം ചെയ്‌തുവെന്നാണ് പ്രൈമിന്‍റെ അവകാശവാദം. ഏറ്റവുമധികം പേര്‍ കണ്ട ഇന്ത്യന്‍ സിനിമകളിലൊന്ന് കൂടിയാണ് ഷേര്‍ഷ. 210 ലേറെ രാജ്യങ്ങളില്‍ ഷേര്‍ഷ ലഭ്യമായിരുന്നു. ജനപ്രിയ ഹിന്ദി ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഷേര്‍ഷയ്‌ക്ക് 8.9 ആണ് ഐഎംഡിബി റേറ്റിങ്.
വിക്രം ബത്രയായും അദ്ദേഹത്തിന്‍റെ ഇരട്ട സഹോദരന്‍ വിശാലായും സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് വേഷമിട്ടത്. വിക്രം ബത്രയുടെ കുടുംബവുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു സിദ്ധാര്‍ഥ് മല്‍ഹോത്ര സിനിമയ്‌ക്കായി തയ്യാറായത്. സന്ദീപ് ശ്രീവാസ്‌തവയുടെ തിരക്കഥയില്‍ വിഷ്‌ണു വര്‍ധനായിരുന്നു സംവിധാനം.
5. സൂര്യവന്‍ശി
അക്ഷയ് കുമാറിനെ നായകനാക്കി രോഹിത്ത് ഷെട്ടി ഒരുക്കിയ ബോളിവുഡ് ചിത്രം 'സൂര്യവന്‍ശി' തിയേറ്റര്‍ റിലീസിന് ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയത്. ഭീകരവിരുദ്ധ സേനാ തലവന്‍ വീര്‍ സൂര്യവന്‍ശി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ അവതരിപ്പിച്ചത്. മുംബൈ നഗരത്തില്‍ സംഭവിക്കാനിടയുള്ള ഒരു ഭീകരാക്രമണത്തെ തടയുക എന്നതായിരുന്നു നായക കഥാപാത്രത്തിന്‍റെ മുന്നിലുള്ള മിഷന്‍.
നവംബര്‍ അഞ്ചിന് തിയേറ്റര്‍ റിലീസിനെത്തിയ ആക്ഷന്‍ ചിത്രത്തിന് ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം ലഭിച്ചത് 26.29 കോടിയായിരുന്നു. ആദ്യ രണ്ട് ദിനങ്ങളില്‍ 50 കോടി നേടിയ ചിത്രം ആദ്യ അഞ്ച് ദിനങ്ങളില്‍ 100 കോടിയും സ്വന്തമാക്കിയിരുന്നു. 100 കോടി ക്ലബ്ബിലെത്തിയ അക്ഷയ് കുമാറിന്‍റെ 15ാമത് ചിത്രം കൂടിയാണിത്. കൊവിഡാനന്തര നിയന്ത്രങ്ങളില്‍ 'സൂര്യവന്‍ശി'യുടെ ഈ കളക്ഷന്‍ ശ്രദ്ധേയമായ നേട്ടമായിരുന്നു. ആറാം ദിനത്തില്‍ ചിത്രം 112 കോടി കളക്ഷനും നേടി. 10 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം 150 കോടിയും നേടി. 17ാം ദിനത്തില്‍ 175 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. 200 കോടിയോടടുത്താണ് 'സൂര്യവന്‍ശി'യുടെ ആകെ കളക്ഷന്‍.