ലോക സിനിമയ്‌ക്ക് ഒരുപാട് പ്രത്യേക നിറഞ്ഞതാണ് 2020. ഇന്നുവരെ കണ്ടിട്ടില്ലാത്തതും പ്രതീക്ഷിക്കാത്തതും അനുഭവിക്കാത്തതുമായ പലതും മറ്റ് വ്യവസായങ്ങള്‍ക്കെന്ന പോലെ ലോക സിനിമയ്‌ക്കും 2020ല്‍ സംഭവിച്ചു. പറയേണ്ടതില്ലല്ലോ.... പ്രതിസന്ധികളായിരുന്നു ഏറ്റവും കൂടുതല്‍ 2020 സമ്മാനിച്ചത്. 2020 അതിന്‍റെ അവസാനത്തിലേക്ക് എത്തിയിരിക്കുന്നു. നഷ്ടങ്ങള്‍ക്കിടയിലും സിനിമാ മേഖല ആശ്വാസം കൊള്ളുന്നത് പ്രതീക്ഷിക്കാതെ ഉണ്ടായ വിജയങ്ങളിലും പ്രശംസയിലുമാണ്. അത്തരത്തില്‍ തെന്നിന്ത്യയില്‍ എന്നല്ല ഇന്ത്യയൊട്ടാകെ അഭിനയത്തിലൂടെ ശ്രദ്ധനേടിയ മികവുറ്റ അഭിനേത്രികളുണ്ട് തെന്നിന്ത്യയ്‌ക്ക്... അവരുടെ അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ....
ഉര്‍വ്വശി
ഒട്ടും മുഖവുര ആവശ്യമില്ലാത്ത നടിയാണ് ഉര്‍വ്വശി... 2020 ഉര്‍വ്വശി കൊണ്ടുപോയി എന്ന് പറയുന്നതാകും സത്യം. നാല് സിനിമകളാണ് ഉര്‍വ്വശിയുടെതായി പുറത്തിറങ്ങിയത്. വരനെ ആവശ്യമുണ്ട്, പുത്തംപുതുകാലൈ, സുരരൈ പോട്ര്, മൂക്കുത്തി അമ്മന്‍... നാലിലും അസാധ്യ പ്രകടനം. പകരം വെക്കാനില്ലാത്ത പ്രതിഭയാണ് ഉര്‍വ്വശി എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ഉര്‍വ്വശിയത് പലതവണ തെളിയിച്ചിട്ടുമുള്ളതാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയുമായാണ് ഉര്‍വശി ആദ്യമെത്തിയത്. സുരേഷ് ഗോപിയും ശോഭനയുമുണ്ടെങ്കിലും തന്റെ സാന്നിധ്യം മികച്ചതാക്കിയിരുന്നു ഉര്‍വശി. പുത്തന്‍പുതുകാലൈ, സൂരരൈ പോട്ര് എന്നിവയാണ് പിന്നീട് റിലീസ് ചെയ്ത ചിത്രങ്ങള്‍. രണ്ടും ഒടിടി റിലീസായിരുന്നു. തൊണ്ണൂറുകളിലെ ഉര്‍വശി സ്ക്രീനില്‍ നിറയുന്നുവെന്നാണ് ഈ രണ്ട് ചിത്രങ്ങളും കണ്ടവര്‍ ഒന്നടങ്കം പറഞ്ഞത്. സൂരരൈ പോട്രില്‍ സൂര്യയുടെ അമ്മയായും ഉര്‍വ്വശി നടത്തിയത് ഗംഭീര പ്രകടനമായിരുന്നു. മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന പേരാണ് ഉര്‍വ്വശിയുടേത്.
മൂക്കുത്തി അമ്മനില്‍ ഉര്‍വശി അന്നാ ബെന്‍
കപ്പേളയാണ് ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ അന്നാ ബെന്‍ ചിത്രം. ജെസി എന്ന നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടിയായി അന്ന ജീവിച്ചുവെന്ന് വേണം പറയാന്‍. ആളും ആരവവുമില്ലാതെ പ്രദര്‍ശനത്തിനെത്തിയ സിനിമ വെറും രണ്ടാഴ്ച മാത്രമാണ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. കൊവിഡും ലോക്ക് ഡൗണും ശക്തി പ്രാപിച്ചതോടെ തിയേറ്ററുകള്‍ പൂട്ടിയതിനാല്‍ സിനിമ അണിയറപ്രവര്‍ത്തകര്‍ തിയേറ്ററില്‍ നിന്നും വലിച്ചു. തുടര്‍ന്ന് പ്രതസന്ധി രൂക്ഷമായതിനാല്‍ ഒടിടി പ്ലാറ്റ്‌ഫോം വഴി പ്രദര്‍ശിപ്പിച്ച് തുടങ്ങി. ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചശേഷമാണ് കപ്പേളയ്‌ക്ക് കാഴ്ചക്കാരുണ്ടയത്. ഏറെ പ്രാധാന്യമുള്ള സമൂഹിക വിഷയം ചര്‍ച്ച ചെയ്ത കൊച്ചുസിനിമ ഇതോടെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഒപ്പം അന്നാ ബെന്നിനേയും.
അപര്‍ണ ബാലമുരളി
ഏറെ പ്രതിസന്ധികള്‍ക്കും പ്രയത്നത്തിനും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ സിനിമയായിരുന്നു സൂരരൈ പോട്ര്. സ്ട്രീമിങ് ആരംഭിച്ച ശേഷം വിനോദ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് സുധ കൊങര-സൂര്യ ചിത്രം സൂരരൈ പോട്ര് സിനിമയായിരുന്നു. സിനിമയിലെ സൂര്യയുടെ പ്രകടനം തകര്‍ത്തുവെന്ന് തര്‍ക്കമില്ലാതെ എല്ലാവരും ഓരേ ശബ്ദത്തില്‍ പറഞ്ഞു. എന്നാല്‍ പ്രതീക്ഷിക്കാതെ ഞെട്ടിച്ചത് മലയാളത്തിന്‍റെ സ്വന്തം അപർണ ബാലമുരളിയുടെ പ്രകടനമായിരുന്നു. ബൊമ്മി എന്ന കഥാപാത്രത്തിന് വേണ്ട ആറ്റിറ്റ്യൂഡ്, മധുരൈ സ്ലാങിലുള്ള പക്കാ ഡയലോഗ് ഡെലിവറി, പിന്നെ സൂര്യ അപർണ കോമ്പിനേഷൻ സീനുകളിലെ സൂര്യയോട് കട്ടക്ക് നില്‍ക്കുന്ന പ്രകടനങ്ങൾ... സത്യം പറഞ്ഞാൽ മലയാളിക്ക് അഭിമാനിക്കാന്‍ സാധിക്കുന്ന പ്രകടനം അപര്‍ണ ചെയ്‌തു. മലയാളത്തിലെ എല്ലാ താരങ്ങളും അപര്‍ണയെയും സൂര്യയെയും സൂരരൈ പോട്രിനെയും വാനോളം പുകഴ്ത്തി. അപര്‍ണയുടെ വളര്‍ച്ചയില്‍ അതിയായ സന്തോഷമെന്നാണ് മലയാള അഭിനേതാക്കളെല്ലാം സോഷ്യല്‍മീഡിയകളില്‍ കുറിച്ചത്. ഒഡീഷനിലൂടെ സുധ കൊങര അപർണയെ തെരഞ്ഞെടുത്തതിന് ശേഷം ഒരു വർഷത്തോളമുള്ള പരിശീലനവും തയ്യാറെടുപ്പുകളും ഈ സിനിമക്കായി അപര്‍ണ നടത്തിയിരുന്നു. മധുരൈ തമിഴ് സംസാരിക്കുന്ന കഥാപാത്രത്തിനായി തൃശ്ശൂർ സ്വദേശിയായ അപർണ തന്നെയാണ് ഡബ്ബ് ചെയ്‌തിരിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്തത്.
സൂര്യയ്‌ക്കൊപ്പം സൂരരൈ പോട്രില്‍ അപര്‍ണ ദര്‍ശന രാജേന്ദ്രന്‍
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണനൊരുക്കിയ സീ യൂ സൂണിലൂടെ കൈയ്യടി നേടിയിരുന്നു നടി ദര്‍ശന രാജേന്ദ്രന്‍. 2020 ല മികച്ച നടിമാരെക്കുറിച്ച് പറയുമ്പോള്‍ ആ ലിസ്റ്റില്‍ ഈ താരവും ഉണ്ടാവുമെന്ന് നിസംശയം പറയാം. സ്വഭാവിക അഭിനയമായിരുന്നു താരം കാഴ്ചവെച്ചത്. ഐ ഫോണില്‍ ചിത്രീകരിച്ച സിനിമ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു റിലീസ് ചെയ്തത്. മായനദി അടക്കമുള്ള സിനിമകളിലും ദര്‍ശന അഭിനയിച്ചിരുന്നു.
സീ യൂ സൂണ്‍ സിനിമ പോസ്റ്റര്‍