നടൻ മാത്രമല്ല, മലയാളിക്ക് 'വാത്സല്യം' സമ്മാനിച്ച സംവിധായകൻ കൂടിയായിരുന്നു കൊച്ചിൻ ഹനീഫ. മലയാളത്തിന്‍റെ സ്വന്തം ഹനീഫ ഓർമയായിട്ട് ഇന്ന് 10 വര്‍ഷം തികയുകയാണ്. വില്ലൻ വേഷത്തിൽ തുടങ്ങി ഹാസ്യ കഥാപാത്രങ്ങളിലേക്ക് ചേക്കേറിയ പ്രിയനടൻ കൊച്ചിൻ ഹനീഫ 1951 ഏപ്രിൽ 22ന് എറണാകുളത്ത് ജനിച്ചു. പരേതരായ വെളുത്തേടത്ത് മുഹമ്മദും ഹാജിറയുമായിരുന്നു മാതാപിതാക്കൾ. സലീം മുഹമ്മദ് ഘൗഷ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ യഥാർത്ഥ പേര്. എഴുപതുകളിലാണ് കൊച്ചിൻ ഹനീഫ സിനിമയിലെത്തുന്നത്. അഷ്‌ടവക്രൻ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമയിൽ തുടക്കം കുറിച്ചു. എന്നാൽ, ലോഹിതദാസ് തിരക്കഥയെഴുതിയ ‘കിരീട’ത്തിലെ ഹൈദ്രോസ് എന്ന കഥാപാത്രത്തിലൂടെ താരം ഹാസ്യ വേഷങ്ങളിലേക്ക് കടന്നു. ഇതാണ് ഹനീഫയുടെ അഭിനയ ജീവിതത്തിലും വഴിത്തിരിവായതെന്ന് പറയാം.
എങ്ങനെ മറക്കും? വിട വാങ്ങിയ ചിരിക്കാലത്തിന് ഇന്ന് ഒരു പതിറ്റാണ്ട് - ഒരു പതിറ്റാണ്ട്
ഹാസ്യതാരമായും സ്വഭാവ നടനായും ഒപ്പം നെഗറ്റീവ് വേഷങ്ങളിലും തെന്നിന്ത്യൻ സിനിമയിലൂടെ ഏകദേശം 40 വർഷം സഞ്ചരിച്ച കൊച്ചിൻ ഹനീഫ വിടവാങ്ങി ഒരു പതിറ്റാണ്ട് പൂർത്തിയാകുമ്പോഴും അദ്ദേഹത്തിന്‍റെ സ്ഥാനം ഇന്നും കലാലോകത്ത് അവശേഷിക്കുകയാണ്
മലയാളത്തിലും തമിഴിലും ഹിന്ദിയിലും 300ലധികം സിനിമകളിൽ കൊച്ചിൻ ഹനീഫ അഭിനയിച്ചു. സ്വപ്‌നക്കൂടിലെ ഫിലിപ്പോസ് അങ്കിൾ, പുലിവാൽ കല്ല്യാണത്തിലെ ധർമ്മേന്ദ്ര എന്ന ടാക്‌സി ഡ്രൈവർ, പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളി, ചക്കരമുത്തിലെ തുന്നല്‍ക്കാരന്‍, സൂത്രധാരനിലെ റിക്ഷാക്കാരന്‍, അനിയത്തിപ്രാവിലെ സഹോദരൻ, കാലാപാനിയിലെ അഹമ്മദ് കുട്ടി, സി.ഐ.ഡി മൂസയിലെ വിക്രമൻ, മീശമാധവനിലെ പെടലി ത്രിവിക്രമൻ, അരയന്നങ്ങളുടെ വീട്ടിലെ ഭീമന്‍ ശരീരമുള്ള മണ്ടനായ അഭിഭാഷകന്‍, കസ്തൂരിമാനിലെ കുഴഞ്ഞാട്ടക്കാരനായ വീട്ടുടമസ്ഥന്‍, മാന്നാർ മത്തായി സ്പീക്കിങ്ങിലെ എൽദോ, കാക്കകുയിലിലെ തോമാച്ചൻ, അനന്തഭദ്രത്തിലെ മറവി മത്തായി, തിളക്കത്തിലെ ഗുണ്ട തുടങ്ങി കൊച്ചിൻ ഹനീഫ ഹിറ്റാക്കിയ വേഷങ്ങൾ മലയാളസിനിമയുടെ എവർഗ്രീൻ ഹാസ്യകഥാപാത്രങ്ങൾ കൂടിയായിരുന്നു. 2001ൽ സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
മദിരാശി പട്ടണം, എന്തിരൻ, ശിവജി, അന്യൻ, പാർത്ഥിപൻ കനവ് തുടങ്ങി നിരവധി തമിഴ് സിനിമകളിലും കഭി കാ കഭി, കാലാപാനി എന്നീ ഹിന്ദി ചിത്രങ്ങളിലും ഹനീഫ അഭിനയിച്ചു. അഭിനയത്തിന് പുറമെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് കൊച്ചിൻ ഹനീഫ. ലോഹിതദാസിന്‍റെ തിരക്കഥയിൽ മലയാളിക്ക് ഏറെ പ്രിയപ്പെട്ട വാത്സല്യം എന്ന കുടുംബ ചിത്രത്തിന്‍റെ സംവിധായകൻ കൊച്ചിൻ ഹനീഫയാണ്. കൂടാതെ, ആൺകിളിയുടെ താരാട്ട്, ഒരു സന്ദേശം കൂടി എന്നീ മലയാള ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്‌തു. ചട്ടമ്പിയായും അൽപം തരികിടയായ നാട്ടിൻപുറത്തുകാരനായുമൊക്കെ മലയാളിയെ ചിരിപ്പിച്ച കൊച്ചിൻ ഹനീഫ വിട പറഞ്ഞത് ഇന്നും മലയാളിക്ക് വിശ്വസിക്കാനാകാത്ത ഒരു ഓർമയാണ്. കരൾ രോഗത്തെത്തുടർന്ന് 2010ജനുവരിയിൽ അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളാവുകയും ഫെബ്രുവരി രണ്ടിന് അദ്ദേഹം അന്തരിക്കുകയും ചെയ്‌തു. ഹാസ്യതാരമായും സ്വഭാവ നടനായും ഒപ്പം നെഗറ്റീവ് വേഷങ്ങളിലും തെന്നിന്ത്യൻ സിനിമയിലൂടെ ഏകദേശം 40 വർഷം സഞ്ചരിച്ച ഹനീഫ വിടവാങ്ങി ഒരു പതിറ്റാണ്ട് പൂർത്തിയാകുമ്പോഴും അദ്ദേഹത്തിന്‍റെ സ്ഥാനം ഇന്നും ഒരു വിടവായി തന്നെ കലാലോകത്ത് അവശേഷിക്കുകയാണ്.