ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്നു എന്നതും പേരിലെ കൗതുകവും കൊണ്ടുമാണ് 'ഉണ്ട' എന്ന ചിത്രം ആദ്യം പ്രേക്ഷക ശ്രദ്ധ നേടിയത്. എന്നാല്‍ പേര് സൃഷ്ടിക്കുന്ന ഹൈപിന് വേണ്ടി മാത്രം ഉണ്ടാക്കിയ ചിത്രമാണോ 'ഉണ്ട' എന്ന് ചോദിച്ചാല്‍, ഒരിക്കലും അല്ലെന്ന് പറയേണ്ടി വരും. ആ പേരിനോട് ചേർന്ന് നില്‍ക്കുന്ന ഒരു കഥ തന്തുവും രാഷ്ട്രീയവുമുണ്ട് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ഉണ്ട'ക്ക്.
ഉന്നം നോക്കി വെടി വെയ്ക്കാൻ അറിയാത്ത, ഒരു കള്ളന്‍റെ പിന്നാലെ ഓടുകയോ ഒരു കൊലപാതകിയെ പിടിക്കുകയോ പോലും ചെയ്തിട്ടില്ലാത്ത ഒരു മലയാളി പൊലീസ് സംഘം, ഛത്തിസ്ഗഡിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം ഏറ്റവുമധികമുള്ള ബസ്തർ എന്ന ഉൾനാടൻ ഗ്രാമത്തിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്നതാണ് ഉണ്ടയുടെ പ്രമേയം. വേണ്ടത്ര മുൻകരുതലുകളോ, മെറ്റല്‍ ഡിറ്റക്ടറോ എന്തിന് ആവശ്യത്തിന് ഉണ്ട പോലുമില്ലാതെ അവിടേക്ക് എത്തുന്ന പൊലീസ് സംഘം ഏത് സമയത്തും അവിടെ സംഭവിക്കാൻ സാധ്യതയുള്ള മാവോവാദി ആക്രമണത്തെ എങ്ങനെ തരണം ചെയ്യും എന്നതാണ് ഉണ്ടയെ മുന്നോട്ട് നയിക്കുന്ന ഘടകം.
ബസ്തറില്‍ എത്തുന്ന പൊലീസ് സംഘത്തിലൊന്നിന്‍റെ ലീഡറാണ് സബ് ഇൻസ്പെക്ടർ മണികണ്ഠൻ സി പി എന്ന മമ്മൂട്ടി കഥാപാത്രം. മുരടൻ സ്വഭാവങ്ങളൊന്നുമില്ലാത്ത ഒരു സാധാരണക്കാരനായ പൊലീസുകാരൻ. മമ്മൂട്ടി എന്ന സൂപ്പർസ്റ്റാറിന്‍റെ താരപരിവേഷം തീരെ ഉപയോഗിക്കാത്ത ചിത്രമാണ് 'ഉണ്ട' എന്ന് നിസ്സംശയം പറയാം. എന്നാല്‍ റിയലിസ്റ്റിക് അഭിനയത്തിലൂന്നിയുള്ള മമ്മൂട്ടി എന്ന നടന്‍റെ നായകവേഷം തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന ആകർഷണം. അതീവ സംഘർഷ സാധ്യതയുള്ള വേണ്ടത്ര അനുഭവ പരിചയമില്ലാത്ത പൊലീസ് സംഘത്തെ നയിക്കേണ്ടി വരുന്ന ഒരാളുടെ ഭീതികളും നിസ്സഹായതകളും പരിണാമങ്ങളും സഹപ്രവർത്തകരോടുള്ള സ്നേഹവുമെല്ലാം അതിമനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിന്‍റെ സ്ക്രീനില്‍ മമ്മൂട്ടിയിലെ നടന്‍റെ സ്വാഭാവികത കാണാനാവുന്നതിന്‍റെ സന്തോഷവും 'ഉണ്ട' പ്രേക്ഷകർക്ക് സമ്മാനിക്കും.