കേരളം

kerala

ETV Bharat / sitara

കുമ്പളങ്ങിയിലെ രാത്രികൾ മനോഹരമാണ് - കുമ്പളങ്ങി നൈറ്റ്സ്

കുമ്പളങ്ങിയിലെ രാത്രികൾ മനോഹരമാണ്

By

Published : Mar 8, 2019, 7:31 PM IST

പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അപൂർവം ചില ചിത്രങ്ങൾ മാത്രമാണ് ഇപ്പോൾ തിയറ്ററുകളിലെത്തുന്നത്. സിനിമ കണ്ടുകഴിഞ്ഞ് തിയറ്ററർ വിട്ടിറങ്ങിയതിന് ശേഷവും സിനിമ കാണുമ്പോഴുള്ള അതേ ഫീൽ ലഭിക്കുന്ന ചിത്രങ്ങൾ. അത്തരത്തിലുള്ള ഒന്നാണ് ഈയടുത്ത് ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സ്. പറയത്തക്ക സൂപ്പർതാരങ്ങളോ മുൻനിര നടിമാരോ ഇല്ലാത്ത ഒരു ഫീൽ ഗുഡ് ചിത്രം. ശ്യാം പുഷ്കരന്‍റെ തിരക്കഥയിൽ മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന് സുഷിൻ ശ്യാമിന്‍റെ സംഗീതം കൂടിയായപ്പോൾ കുമ്പളങ്ങിയിലേക്ക് ഒരു യാത്ര കഴിഞ്ഞ് മടങ്ങിയ അനുഭവമാണ് പ്രേക്ഷകർക്ക്.

കുമ്പളങ്ങി നൈറ്റ്സ്

സജി, ബോബി, ബോണി, ബേബി, ഷമ്മി, സിമി, ഫ്രാങ്കി.....പേരുകൾ പോലെ തന്നെ വ്യത്യസ്തമാണ് ചിത്രത്തിലെ ഓരോ കഥാപാത്രവും. ആളുകൾ പട്ടിയേയും പൂച്ചയേയും ഉപേക്ഷിക്കുന്ന തീട്ടപ്പറമ്പെന്ന് നാട്ടുകാർ കളിയാക്കി വിളിക്കുന്ന പ്രദേശത്ത് ജീവിക്കുന്ന നാല് സഹോദരന്മാരുടെ കഥ. ശക്തമായ കഥാപാത്രമാണ് സൗബിൻ ഷാഹിർ അവതരിപ്പിച്ച സജി. കൂട്ടത്തിലെ ഏറ്റവും മുതിർന്നയാൾ. കുമ്പളങ്ങിയിൽ ഏറ്റവും ആഴത്തിൽ കോറിവരയ്ക്കുന്ന കഥാപാത്രം. സജി പലപ്പോഴും നമ്മളിൽ ഓരോരുത്തരാണ്. നഷ്ടബോധത്തിന്‍റെ കയങ്ങളിൽ ശ്വാസം കിട്ടാനാകാതെ പിടയുന്ന, ഉള്ളുതുറന്ന് ആരോടും പറയാനാവാതെ, ആരും കൂട്ടിനില്ലാതാകുന്ന, ഒന്ന് കെട്ടിപ്പിടിച്ചാൽ കുഞ്ഞിനെപ്പോലെ വാവിട്ട് കരയുന്ന നമ്മൾ.

കുമ്പളങ്ങി നൈറ്റ്സ്

അന്നയും റസൂലും, പറവ, ഈട എന്നിവയിലെ പ്രകടനം മികച്ചതായിരുന്നുവെങ്കിലുംഒരു നടനെന്ന നിലയിലുള്ള ഷെയ്ൻ നിഗത്തിന്‍റെ വളർച്ച കുമ്പളങ്ങിയിൽ കാണാം. ബോബി മാസ്സാണ്‌! ലൈൻ സെറ്റായ ശേഷം കാമുകിയുമായി‌ ആദ്യമായി ഒരു സിനിമക്ക്‌ പോവുക, അതും 'അർജ്ജുൻ റെഡ്ഡി'. പറഞ്ഞു വന്നത്‌, ബോബിയുടെ ക്ഷമയെ പറ്റിയാണ്‌. അർജ്ജുൻ റെഡ്ഡി പോലൊരു പടം കണ്ടിട്ട്‌ അതിന്‍റെ ക്ലൈമാക്സ്‌ ആയപ്പോൾ മാത്രം ബേബിയോട്‌ കിസ്സ്‌ ചോദിച്ച ബോബി മാസ്സാണ്‌. ചിലപ്പോൾ ബോബിയുടെ ആ ക്ഷമയും പീക്ക്‌ ടൈമിലുള്ള ചോദ്യവുമാവാം ബേബി മോളെ ബോബിയുടെ പുറകെ പോകാൻ വീണ്ടും പ്രേരിപിച്ചത്‌‌. അത്യാവശം ഫ്രീക്കനാണ്‌, അത്യാവശം മണ്ടനാണ്‌. പിന്നെ ബോബി നല്ലൊരു മനുഷ്യനാണ്‌.

കുമ്പളങ്ങി നൈറ്റ്സ്

ശ്രീനാഥ് ഭാസിയുടെ കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടാവുന്ന ഒന്നാണ് കുമ്പളങ്ങിയിലെ ബോണി. മൗനാനുരാഗത്തിന്‍റെ പ്രതിനിധിയാണ് അയാൾ. ബോണിയുടെ ഒരു നോട്ടം മതി മറ്റുള്ളവരോടുള്ള അയാളുടെ കരുതലും പ്രണയവും മനസ്സിലാക്കാൻ. കുമ്പളങ്ങിയിലെ ഏറ്റവും തീവ്രമായ പ്രണയവും ബോണിയുടെയും നൈലയുടേയുമാണ്. വേറെ ഡ്രാമയില്ല. ആർക്കും ആരെയും ബിൽഡ് ചെയ്ത് കൊണ്ടു വരണ്ട കാര്യമില്ല. നൈല, നൈലയുടെ ടൂർ ഒക്കെ ആയിട്ട് അടിച്ചു പൊളിച്ചു നടക്കുന്നു. ബോണി, ബോണിയുടെ ജീവിതമൊക്കെയായിട്ട് ഇങ്ങനെ സമാധാനമായിട്ട് പോകുന്നു. വളരെ യാദൃശ്ചികമായി തമ്മിൽ കാണുന്നു. ഒരു അടുപ്പം ഉണ്ടാവുന്നു. സ്വഭാവത്തിന്‍റെയോ പശ്ചാത്തലത്തിന്‍റെയോ സാഹചര്യത്തിന്‍റെയോഒന്നും ഒരു അലമ്പും ഇല്ലാതെ സമാധാനമായിട്ട് പ്രേമിച്ചു നടക്കുന്നു.

കുമ്പളങ്ങി നൈറ്റ്സ്

കുമ്പളങ്ങി കണ്ടിട്ട് ഇപ്പോഴും വിട്ടുപോകാത്ത കഥാപാത്രം ഷമ്മിയാണ്.ബാക്കിയെല്ലാ കഥാപാത്രങ്ങളും വളരെ സറ്റിലായി ബിഹേവ് ചെയ്യുമ്പോൾ ഷമ്മിയിൽ തുടക്കം മുതലേ ഒരു അസാധാരണത്വം കാണാമായിരുന്നു. ഷമ്മി ഒരു ടൈം ബോംബാണെന്ന് ആദ്യമേ തെളിവാക്കുന്നുണ്ട്. അതിങ്ങനെ ടിക് ടിക് അടിക്കുന്നത് നമുക്ക് കേൾക്കാം. നോക്കുമ്പോൾ, ചിരിക്കുമ്പോൾ, സംസാരിക്കുമ്പോൾ, എന്തിന് വസ്ത്രധാരണത്തിൽ പോലും മറ്റുകഥാപാത്രങ്ങളിൽ നിന്ന് കുറച്ചു നാടകീയമായിട്ടാണ് ഷമ്മിയെ അവതരിപ്പിച്ചിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്സ്

അമ്മയെകൊണ്ടു ചന്ദനം തൊടീക്കാൻ അനുവദിക്കാതിരിക്കുന്ന സീൻ, പെണ്ണിനൊപ്പം വാഹനത്തിൽ കയറാൻ ഷമ്മിയുടെ ചേട്ടൻ വിസമ്മതിക്കുന്ന സീൻ, പലതന്തയ്ക്ക് പിറന്നവൻമാർ എന്ന ലേബൽ സജിക്കും കുടുംബത്തിനും അടിച്ചുകൊടുക്കുന്ന സീൻ, മിനുക്കിനടക്കുന്ന സോ കോള്‍ഡ് പുരുഷത്വത്തിന്‍റെ പ്രതീകമായി മീശ വടിക്കുന്ന ബ്ലേഡ് കൊണ്ട് ഗ്ലാസിലെ പൊട്ട് ഇളക്കി കളയുന്ന സീന്‍. ഇങ്ങനെ പല സീനുകളിലും ഷമ്മി എന്ന കഥാപാത്രം ചിന്തിക്കുന്നത് പ്രേക്ഷകന് വ്യക്തമാണ്.

കുടുംബ മഹിമയുടെയും മെയിൽ ഷോവനിസത്തിന്‍റെയും ജാതീയതയുടെയും വിഷം മനസ്സിൽ വച്ചുകൊണ്ട് പുറമെ പുരോഗമനവാദികളായി അഭിനയിച്ചു തകർക്കുന്ന റിയൽ ലൈഫ് സൈക്കോകളുടെ പ്രതിനിധിയാണ് ഷമ്മി. അത് മനസ്സിലാക്കാൻ അരമണിക്കൂർ ഫ്ലാഷ്ബാക്കിന്‍റെ ആവശ്യമില്ല. ഏതാനും സീനുകൾ ധാരാളം. സ്പൂ ണ്‍ഫീഡിംഗ് ഒഴിവാക്കി ഷമ്മിയെ പലയിടങ്ങളിലും പ്രേക്ഷകന് വിട്ടുകൊടുക്കുന്നു എന്നതാണ് ശ്യാം പുഷ്ക്കരന്‍റെ ബ്രില്ല്യന്‍സ്.

കുമ്പളങ്ങി നൈറ്റ്സ്

കുമ്പളങ്ങിയിൽ ജീവിച്ചുവളർന്ന അത്യാവശ്യം മോഡേൺ ചിന്താഗതികളുള്ള സ്നേഹത്തോടെ മാത്രം സംസാരിക്കാനറിയുന്ന ഈസീ ഗോയിങ് ആയ ഒരു സിംപിൾ കുട്ടിയാണ് ബേബിമോൾ. "യേശു നമുക്കറിയാത്ത ആളൊന്നുമല്ലല്ലൊ ചേച്ചീ" എന്ന സിംപിൾ ഡയലോഗിൽ തന്നെ അവളുടെ ചിന്താഗതികൾ ഊഹിക്കാവുന്നതേയുള്ളു." പല തന്തക്ക് പിറന്നവൻ " എന്ന ഷമ്മിയുടെ വിളിയെ ടെക്നിക്കലിഒരു തന്തക്കു പിറക്കാനേ കഴിയൂ എന്ന മറുചോദ്യത്തിലൂടെ ഇല്ലാതെയാക്കുന്ന ബേബിമോൾ. സ്റ്റാറ്റസ് പ്രോബ്ളം കാരണം മീൻപിടുത്തം എന്ന തൊഴിൽ ഉപേക്ഷിച്ച ബോബിയോട് , " മഞ്ഞക്കൂരിയും കൂട്ടി ചോറുണ്ടെച്ചും വന്ന എന്നോടോ ബാലാ...? " എന്ന ഒറ്റ ചോദ്യം കൊണ്ട് മോട്ടിവേറ്റ് ചെയ്യുന്ന അവളുടെ പക്വമാർന്ന സമീപനം. എടീ എന്ന് വിളിക്കരുതെന്ന് പറഞ്ഞ്ആണധികാരത്തിന്‍റെ മുനയൊടിക്കുന്ന , പ്രണയത്തെ ഇത്രത്തോളം സിംപിളായി കണ്ടിട്ടും "ഈ റിയൽ ലൗ ഒക്കെ ഔട്ടോഫ് ഫാഷനായൊ " എന്ന് ചോദിക്കുന്ന , ബോൾഡായബേബിമോൾ ചുമ്മാ അങ്ങ് ജീവിക്കുകയായിരുന്നു നമ്മോടൊപ്പം.

പ്രണയം അതിന്‍റെ സ്വാഭാവിക നിയമങ്ങളനുസരിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സദാചാര, ജാതി, മത സാമ്പത്തിക വിധിയെയെല്ലാം വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. പ്രണയത്തെ വിലക്കുന്നിടത്ത് ഷമ്മിക്കു മുമ്പില്‍ ബോണിയും കാമുകിയും കെട്ടിപ്പിടിച്ച് ചുണ്ടുചേര്‍ത്ത് ലോകം കീഴ്മേല്‍ മറിച്ച് സമരം പ്രഖ്യാപിക്കുന്ന രംഗവും നിര്‍ണായകമാണ്. സിനിമയുടെ ആത്മാവുമായി തീം സോങ്ങിലെ വരികളും ഈണവും അത്രയേറെ പ്രണയത്തിലാണ്. മലയാളസിനിമ വലിയ മാറ്റത്തിന്റെ പാതയിലാണെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് കുമ്പളങ്ങിയുടെ ഇരട്ടിമധുരമുള്ള വിജയം.

ഇതിനെല്ലാം നന്ദി പറയേണ്ടത് ശ്യാം പുഷ്കരനോടും മധു സി നാരായണനോടും പിന്നെ കുമ്പളങ്ങിക്കാരോടുമാണ്. ഇത്രയും മനോഹരമായി രാഷ്ട്രീയം പറഞ്ഞതിന്, കണ്ണ് കൊണ്ടല്ല പ്രണയിക്കേണ്ടത് എന്ന് വീണ്ടും പറഞ്ഞതിന്, "യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ" എന്ന് പറഞ്ഞ് മതത്തിന് മുകളിൽ മനുഷ്യത്വം ഉയർത്തിപ്പിടിച്ചതിന്. കറുത്തവനെ കോമാളിയാക്കാത്തതിന്. എങ്ങനത്തെ ചേട്ടനായാലും എടീ, പോടീ എന്ന് വിളിക്കണ്ടെന്ന് പറഞ്ഞ് ആണാധിപത്യത്തിന്‍റെ മുനയൊടിച്ചതിന്. പെണ്ണിനെ തേപ്പുകാരി ആക്കാതിരുന്നതിന്. സാഹോദര്യത്തിന്‍റെഫോർമുല മാറ്റിയതിന്. പല തന്ത പ്രയോഗം ടെക്നിക്കലി തെറ്റാണെന്ന് അറിയിച്ചതിന്. മലയാള സിനിമയിൽ ആശയ ദാരിദ്ര്യമില്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞതിന്. ഇങ്ങനൊരു സിനിമ തന്നതിന്. സിനിമ മനസ്സിൽ ജീവിക്കേണ്ടതാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചതിന്....

ABOUT THE AUTHOR

...view details